Sunday, June 22, 2008

മഴയ്‌ക്കു പറയാനുണ്ടായിരുന്നത്‌.......(അതു ഞാനായിരുന്നെന്നോ?)

പുറപ്പെടും മുമ്പേ പെയ്‌ത മഴയുടെ ഞരക്കം നിറഞ്ഞ അന്തരീക്ഷത്തലേക്കു മെല്ലെ നോക്കിക്കൊണ്ടായിരുന്നു ഒരുക്കം. അല്‍പസമയം തോര്‍ന്ന തക്കംനോക്കി ഇറങ്ങി. ചെളിനിറഞ്ഞ മുറ്റം കടന്നു റോഡിലെത്തി. അവിടെ കാണാമെന്നേറ്റിരുന്ന സുഹൃത്ത്‌ കാത്തുനിന്നിരുന്നു. നേര്‍ത്ത ചാറ്റല്‍ മഴയുടെ ഗന്ധമേറ്റ്‌ ചെളിവെള്ളത്തില്‍ ചവിട്ടാതെ റെയില്‍വേ സ്‌റ്റേഷനിലേക്കു പാഞ്ഞു. ഓട്ടോക്കാരന്റെ കാരുണ്യം കിട്ടിയതിനാല്‍ ട്രെയിനും സമയത്തു ലഭിച്ചു. ഇരമ്പിയെത്തിനിന്ന ട്രെയിനില്‍നിന്നും തിരക്കുകൂട്ടിയിറങ്ങുന്ന യാത്രക്കാര്‍. കയറാന്‍ തുടങ്ങുമ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങി.ഇടതുവശത്തുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു. അടുത്ത്‌ ആലപ്പുഴയില്‍നിന്നും മടങ്ങുന്ന ബി. ടെക്‌. കാരി. വെള്ളപ്പൊക്കം പേടിച്ചു മടങ്ങുകയാണ്‌. കഴിഞ്ഞവര്‍ഷം ഒരാഴ്‌ചയോളം കുടുങ്ങിയിരുന്നത്രേ. മലവെള്ളവും വെള്ളപ്പാച്ചിലും കണ്ടു വളര്‍ന്നതു കൊണ്ടാവും പുതുമ തോന്നിയില്ല. സംഭാഷണം ഒഴുക്കിലെത്തിയപ്പോഴേക്കും ചെറുതുരുത്തിയിലെത്തിയിരുന്നു. താഴെ നിള മെലിഞ്ഞൊഴുകുന്നു. മഴക്കാലത്തിന്റെ തലോടലേറ്റിട്ടും തുടര്‍ച്ചയായ ചൂഷണത്താല്‍ മുരടിച്ചു പോയ പുഴയുടെ ജീവന്‍ തിരിച്ചെത്തിയിരുന്നില്ല. മണല്‍തിട്ടകള്‍ ഇടയ്‌ക്കു തെളിയുന്ന വെയിലേറ്റു പഴുത്തു കിടക്കുന്നു. ഇടയ്‌ക്കെത്തുന്ന കാറ്റില്‍ അതിന്റെ ഊഷര ഗന്ധമുണ്ട്‌. പുഴയുടെ മുറിവുവാര്‍ന്നൊഴുകുന്ന ഗന്ധം. നിളയുടെ രക്ഷയ്‌ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുകോടിയിലാണ്‌ ഇനി പ്രതീക്ഷ. ഇതുവരെയും രക്ഷിക്കാനാകാത്ത നിളയ്‌ക്ക്‌ പുനര്‍ജന്‍മം പ്രതീക്ഷിക്കാം..

നടനം തുടങ്ങിയ കലാമണ്ഡലത്തിന്റെ പടവുകള്‍ ഇടയ്‌ക്ക്‌ ഒന്നു കണ്ടു. സര്‍വകലാ ശാലയാക്കിയ ശേഷം അവിടെ വീണ്ടും നൂപുരങ്ങള്‍ കിലുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ചെവിയോര്‍ത്തു. ഇല്ല. തെറിച്ചു വീണ കാല്‍ചിലമ്പുകളുടെ മണികള്‍ കൂടിച്ചേരാന്‍ ഇനിയും സമയമെടുക്കും. അത്രയ്‌ക്കും അവ ചിതറിപ്പോയിരുന്നു. വെറുതേ തുറന്നുവച്ച ആഴ്‌ചപ്പതിപ്പിന്റെ താളുകളിലേക്ക്‌ കണ്ണുറപ്പിക്കുമ്പോഴേക്കും തീവണ്ടി കുറ്റിപ്പുറത്തെത്തിയിരുന്നു. മൂളക്കത്തോടെ നിന്ന വണ്ടിയില്‍നിന്നും തിരക്കിട്ടിറങ്ങുമ്പോള്‍ അവള്‍ ഒന്നു പുഞ്ചിരിച്ചു. അതിനു വേണ്ടി പ്രത്യേക ബാധ്യതയൊന്നുമില്ലല്ലോ. വാകമരത്തിന്റെ ഇലകള്‍ വീണു കുഴഞ്ഞുകിടന്ന പ്ലാറ്റ്‌ഫോമിലൂടെ ഉറച്ചുപെയ്യാനൊരുങ്ങുന്ന മഴയിലൂടെ അവള്‍ ഓടാപ്പോകുന്നതും തോക്കിയിരിക്കുമ്പോഴേക്കും വണ്ടി സ്‌റ്റേഷന്‍ വിട്ടിരുന്നു. തട്ടമിട്ട മുഖങ്ങളില്‍ ഒളിപ്പിച്ചു വച്ച തിളക്കം ആദ്യമായി അടുത്തു കണ്ടതും ഇവിടെവച്ചു തന്നെ. തീവണ്ടിയെന്ന കൗതുകം അവസാനിക്കാത്ത കൊച്ചുമുഖം ഇതിനിടയില്‍ ഒരു പുഞ്ചിരി സമ്മാനിക്കാനും മറന്നില്ല. ഓടിപ്പോകുന്ന കമ്പാര്‍ട്ടുമെന്റുകളിലെ മറ്റു മുഖങ്ങള്‍ക്കും അവള്‍ ഇതേ പുഞ്ചിരി സമ്മാനിച്ചിരുന്നിരിക്കാം.

മഴ, ചാറ്റലിന്റെ വേഗത്താല്‍ ജാലകം അടപ്പിച്ചു. പുറത്തേയ്‌ക്കുള്ള കാഴ്‌ച അപ്പോള്‍ ചില്ലുജാലകത്തിന്റെ കാരുണ്യത്താലായി. മഴയില്‍ കുളിച്ചുനില്‍ക്കുന്ന മരങ്ങള്‍ കാറ്റത്ത്‌ വെള്ളത്തുള്ളികള്‍ തെറിപ്പിച്ചുകൊണ്ടിരുന്നു. തന്റെ സ്വച്‌ഛന്ദാവസ്‌ഥയ്‌ക്ക്‌ ഇളക്കം നല്‍കിയതിനുള്ള പ്രതിഷേധവുമാകാം. ഓരംപറ്റിനിന്നിരുന്ന ചെടികളും ഇടയ്‌ക്കിടെ ജനാലയില്‍ തട്ടി പ്രതിഷേധിച്ചുകൊണ്ടിരുന്നു. പണ്ടു ഞാനിവിടെ ശല്യമില്ലാതെ നിന്നിരുന്നെന്ന്‌ മൃദുവായി വിളിച്ചുപറയുകയാകാം. മഴ അവസ്‌ഥാന്തരങ്ങളുടെ കാവല്‍ക്കാരി. അവളെ പ്രണയമെന്നും, ദുഃഖമെന്നും, ചിരിയെന്നും, തുളുമ്പിനില്‍ക്കുന്ന മേഖങ്ങളുടെ ക ണ്ണീരന്നെും വിശേഷിപ്പിച്ചവര്‍. രാത്രിമഴയെ രേഗിയെന്നും വിശേഷിപ്പിക്കുന്നവര്‍. അവര്‍ക്ക്‌ മഴയുടെ വിതുമ്പലുകളെ തലോടിനില്‍ക്കുന്ന ഈ മരച്ചില്ലകളെ അറിയില്ലായിരുന്നോ? തോര്‍ന്നതിനു ശേഷവും സാന്ത്വനം പോലെ ഇടയ്‌ക്കെത്തുന്ന കാറ്റെങ്കിലും ഈ തോര്‍ച്ചകളെ ഉണര്‍ത്തുന്നുണ്ടല്ലോ എന്നും വെറുതേ ഓര്‍ത്തു.

തീവണ്ടി ഇപ്പോള്‍ തിരൂരെത്തി. മഴ അതിന്റെ രൗദ്ര ഭാവത്തിലേക്കു കടന്നിരുന്നു. ജനാലകളെ തുറക്കാനാവാത്ത വിധം അത്‌ മര്‍ദ്ദിച്ചുകൊണ്ടിരുന്നു. പാടമൂടിക്കിടക്കുന്ന ചില്ലിലൂടെ പുറത്തേയ്‌ക്കു നോക്കി. മഴയില്‍ കുളിച്ചുനില്‍ക്കുന്ന സ്‌റ്റേഷന്‍. അരികില്‍ നിന്ന വാകമരത്തില്‍നിന്നും ചുവന്ന പൂക്കള്‍ ഇറ്റുവീണുകൊണ്ടിരുന്നു. ചെളിയും വെള്ളവും കൂടിക്കുഴഞ്ഞുകിടക്കുന്ന പ്ലാറ്റ്‌ഫോമം. ആകെയുണ്ടായിരുന്നത്‌ നാലോ അഞ്ചോ യാത്രക്കാര്‍. ഒട്ടും തിരക്കുകൂട്ടാതെ അവര്‍ മഴയെ പ്രതിരോധിച്ചു. കാറ്റു വലിച്ചുനീക്കിക്കൊണ്ടുപോകുന്ന കുടയെ നിലയ്‌ക്കുനിര്‍ത്താന്‍ മാത്രം ഇടയ്‌ക്കു പാടുപെട്ടു. പ്ലാറ്റ്‌ഫോമില്‍ കൂനിക്കൂടിയിരിക്കുന്ന വൃദ്ധന്‍ എല്ലാ റെയില്‍വേസ്‌റ്റേഷനുകളിലുമുണ്ട്‌. ആരോ നല്‍കിയ കമ്പിളിപ്പുതപ്പിന്റെ ആനുകൂല്യത്തില്‍ തേഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്ന ഊന്നുവടിയില്‍ താങ്ങി അയാള്‍ വണ്ടിയിലേക്കു നിസഹായതയോടെ നോക്കി. നരച്ച മുടി വഴിമാറിനില്‍ക്കുന്ന നെറ്റിയിലേക്ക്‌ ചാറ്റല്‍മഴ വീണുകൊണ്ടിരുന്നു. എത്രപെട്ടെന്നാണ്‌ ആസ്വാദ്യതയുടെ മഴ അസഹനീയതയായി മാറുന്നത്‌. കുനിക്കുടിയിരിക്കുന്ന കണ്ണുകളിലെ ദൈന്യതയിലൂടെ തീവണ്ടി ചലിച്ചു തുടങ്ങി.

അടുത്തയിടത്തെപ്പറ്റിയുള്ള അറിവില്ലായ്‌മയുടെ കൗതുകം എപ്പോഴുമെനിക്കുണ്ടായിരുന്നു. ഇന്നും അങ്ങനെ തന്നെ. പൂരിപ്പിക്കലുകളുടെ കണ്ണികള്‍ എന്റെ കാര്യത്തില്‍ എപ്പോഴും ഒഴിഞ്ഞുകിടന്നിരുന്നു. ഇപ്പോള്‍ ട്രെയിനില്‍ വേഗത്തില്‍ ചലിച്ചുകൊണ്ടിരുന്നു ഫാനിന്റെ മൂളക്കം ശക്‌തിയായിരുന്നു. അതിനെന്നും ഒരേ വേഗമായിരുന്നു. തണുപ്പുകൂടിയപ്പോള്‍ തൃശൂര്‍ റൗണ്ടില്‍നിന്നു വാങ്ങിയ കടുംനീല വട്ടത്തൊപ്പി എടുത്തുവച്ചു. ഞാനും സുഹൃത്ത്‌ രഘുവും കൂടി ഏറെ അലഞ്ഞശേഷം കിട്ടിയ തൊപ്പിയാണത്‌. വെളുപ്പിന്റെ ഇരട്ടവരായാണ്‌ അതിലെ ആകെയുള്ള ആഡംഭരം. താനൂരെത്തിയിരിക്കുന്നു. ഇനി കുറച്ചു ദൂരം കൂടി മാത്രം. ഇരുട്ട്‌ കൂടിയിരിക്കുന്നു. മഴപെയ്‌തു ചാരനിറത്തില്‍ കനത്തുനിന്ന ആകാശത്ത്‌ വീണ്ടും മഴക്കാറുകള്‍ ഉരുണ്ടുകൂടിത്തുടങ്ങിയിരുന്നു. അകലെനിന്നു തന്നെ കടലുണ്ടിപ്പുഴയുടെ ഹുങ്കാരം കേള്‍ക്കാം. അലിഞ്ഞുചേരലിന്റെയും തിരസ്‌കരിക്കലിന്റെയും വൈരുധ്യം അഴിമുഖത്തിന്‌ കൂടുതല്‍ വന്യത നല്‍കി. പണ്ടിതുപോലൊരു തീവണ്ടിയെ പുഴ വിഴുങ്ങിയ വാര്‍ത്തയും ചിത്രവുമായിരുന്നു മനസില്‍. അന്നും ഇതുപോലൊരു മഴക്കാലം. ഇതേ രൗദ്രത. ചുവന്നുതുടുത്ത കണ്ണുകള്‍ കൊണ്ട പുഴയെന്നെ നോക്കി. ഇരുമ്പു പാളത്തിലുരയുന്ന ചക്രത്തിന്റെയും പുഴയുടെയും ശബ്‌ദം വേര്‍തിരിച്ചറിയാനാകാത്ത തരത്തില്‍. കോഴിക്കോട്‌. ആദ്യമാണിവിടെ. ഓരോ കാഴ്‌ചയും പുതിയത്‌. സ്‌റ്റേഷനില്‍ എല്ലാവരും എത്തിയിരുന്നു. പണ്ടു ട്രെയിനിംഗ്‌ കാലത്ത്‌ കണ്ടവരാണെല്ലാം. ശബ്‌ദത്തിലൂടെയായിരുന്നു ഇത്രനാളും കാഴ്‌ചകള്‍. ആര്‍ക്കും മാറ്റമൊന്നുമില്ല. അന്നും ഇന്നും അവിടെ എന്റെ സുഹൃത്ത്‌ ബാലു എന്ന ബാലസുബ്രഹ്‌മണ്യ.... പിന്നെയും നീളമുണ്ട്‌ ആ പേരിന്‌. കഴുത്തില്‍ കോളര്‍ ചുറ്റിയായിരുന്നു അവനെ എന്നും കണ്ടിരുന്നത്‌. വേദനയുടെ ചിരി എന്നും മുഖത്തൊളിപ്പിച്ച്‌ `ലഹരിയില്‍' മറവി ആസ്വദിക്കുന്നവന്‍. പതിഞ്ഞ ശബ്‌ദത്തില്‍ അവന്‍ പറയുന്ന വാക്കില്‍ ആഴത്തിലുള്ള മുഴക്കം കേള്‍ക്കാം. ഇന്നലെ കണ്ടതുപോലുള്ള പെരുമാറ്റത്തിനപ്പുറം ഒന്നിനും `ഇല്ല' എന്ന മറുപടി പറയാത്തവന്‍. പരുക്കന്‍.

ഇടതിന്റെയും കാവിയുടെയും യുവാക്കള്‍ പ്രകടനം നടത്താനൊരുങ്ങുന്നു. നിറയെ പോലീസാണ്‌. യുവമോര്‍ച്ച പ്രസിഡന്റ്‌ സുരേന്ദ്രന്റെ പ്രസ്‌താവനയാണ്‌ കാരണം. നിറയെ പോലീസ്‌. തിരക്കിനിടയില്‍നിന്ന്‌ ഓടി രക്ഷപെടുകയായിരുന്നു. മഴയിലൂടെ നടന്ന്‌ റൂമിലെത്തി. അവിടെയും ഒരു കൂവളമുല്ലയുണ്ടായിരുന്നു. വീട്ടിലും ഒരെണ്ണമുണ്ട്‌. ചെറുപ്പത്തില്‍ മരം കയറുന്നതിനുള്ള ആഗ്രഹത്തിനു ശമനം തന്നിരുന്ന മരം. ഇപ്പോഴും അത്‌ അതേ നൂല്‍പരുവത്തില്‍ മുറ്റത്തുണ്ട്‌. രാത്രിയില്‍ പൊഴിഞ്ഞുവീഴുന്ന വെളുത്ത അല്ലികള്‍ അടിച്ചുവാരുമ്പോള്‍ എന്നും അമ്മ ഈ പൂക്കളെ കുറ്റപ്പെടുത്തുമായിരുന്നു. ഇതേ പോലെ തന്നെ കോഴിക്കോടും. നിറയെ പൂത്തുനില്‍ക്കുന്ന കൂവളമുല്ല. കാറ്റിന്‌ നേര്‍ത്ത ഗന്ധം. എല്ലാവരും ഓഫീസില്‍ പോയിരുന്നു. മഴയില്‍ ഓടിട്ട വീടിന്റെ അവിടവിടെ ചോരുന്നുണ്ടായിരുന്നു. അതിനിടയില്‍ ഒളിപ്പിച്ചു വച്ചപോലെ ബാലുവിന്റെ പഴയ കമ്പ്യൂട്ടര്‍. ഡോക്കുമെന്ററികളുടെയും വിദേശ സിനിമകളുടേയും ശേഖരം തന്നെ അവന്റെ കയ്യിലുണ്ട്‌. ശബ്‌ദം തന്നിരുന്ന സോഫ്‌ട്‌വേര്‍ പണിമുടക്കിയതിനാല്‍ ഒന്നും കാണാന്‍ തോന്നിയില്ല. നിശബ്‌ദ സിനിമയുടെ സൗന്ദര്യമൊന്നും ആസ്വദിക്കാനാവില്ല. കുറേ സമയം അവര്‍ പറഞ്ഞതെന്താവുമെന്ന്‌ ആലോചിച്ചു. പിന്നെ തനിയെ പിന്മാറി. മഴയ്‌ക്കു ശക്‌തിയേറിയിരുന്നു. ഇടയ്‌ക്കു പിടിച്ച പനിയും ജലദോഷവും പുറത്തിറങ്ങാനുള്ള ആവേശം കെടുത്തി. പിന്നെ കൂനിപ്പിടിച്ചിരിക്കുന്നതിന്റെ സുഖവും.