Friday, July 11, 2008
സ്‌നേഹം
അവള്‍ പറഞ്ഞു
നിനക്കെന്നോടു സ്‌നേഹമില്ല
ഉടയ്‌ക്കാന്‍
എന്റെ കൈയില്‍
കുപ്പിവളയില്ലാതിരുന്നതിനാ
ല്‍ഞാനും അങ്ങനെതന്നെ
വിശ്വസിച്ചു!
Thursday, July 10, 2008
തേക്കുമരക്കൂട്ടങ്ങള്‍ക്കിടയിലൂടെ.....
ഇരുണ്ടു നീണ്ടു ചെളിവെള്ളം കെട്ടിക്കിടക്കുന്ന വഴി. പാന്റ്‌സ് മുട്ടറ്റം കയറ്റിവച്ചു നാടന്നു. കോഴിക്കോട്ടുനിന്നു നിലമ്പൂര്‍ക്ക് നേരിട്ട് കെ.എസ്.ആര്‍.ടി.സി. ഉണ്ട്. ബാലുവും ജയേഷും ശ്യാമും(സുഹൃത്തുക്കള്‍) കൂടെയെത്തി. ഇനി വരാനുദ്ദേശിക്കുമ്പോള്‍ നേരത്തേ വിളിക്കണമെന്ന് ജയേഷ് പറഞ്ഞു. അത്രയ്‌ക്കെന്നെ ഇഷ്‌ടപ്പെട്ടത്രേ.... സത്യം പറയാമല്ലോ രണ്ടു ദിവസം കൊണ്ട് അവനെ ഞാന്‍ ശരിക്കും കളിയക്കി നാറ്റിച്ചിരുന്നു. അതിന്റെ പുളിപ്പുകൂട്ടിയാണ് അപ്പോള്‍ അങ്ങനെ പറഞ്ഞത്. മഴ ഇടവിട്ട് താളമിട്ടുകൊണ്ടിരുന്നു. ഉച്ചയൂണിന്റെ ആലസ്യത്തില്‍ കണ്ണടഞ്ഞുപോകുന്നു. നിലമ്പൂര്‍ക്ക് ആദ്യമാണ്. അവിടെ കോളജില്‍ പഠിപ്പിക്കുന്ന ഒരു സൃഹൃത്തുണ്ട്. ടൗണില്‍ തന്നെയാണ്. നിലമ്പൂര്‍ രാജകുടുംബത്തിന്റെ ശേഷിപ്പുകള്‍ വഹിക്കുന്ന സ്‌ഥലമാണ്. കാണാനുള്ള കൊതിയുണ്ട്. ചരിത്രം അങ്ങനെ എത്രതരത്തില്‍ നീണ്ടുകിടക്കുന്നു. ബസ് പുറപ്പെട്ടു. ഇടയ്‌ക്കു പെയ്യുന്ന മഴയിലേക്കു നോക്കിയിരുന്നതിനാല്‍ ഉറക്കം വിട്ടുപോയിരുന്നു. കല്ലായിപ്പുഴയും ഫറോക്കും മിഠായിത്തെരുവും പിന്നിലാക്കി ബസ് വേഗമെടുത്തുതുടങ്ങി. പുതിയതായി ടാര്‍ ചെയ്‌തിരുന്നതിനാല്‍ വഴി തരക്കേടില്ല. ഇനി മുഴുവന്‍ മലപ്പുറത്തുകൂടിയാണ് യാത്ര. മഴപെയ്‌തു നില്‍ക്കുന്ന അന്തരീക്ഷം. കുളിരുണ്ട്. ഇടയ്‌ക്ക് പ്രണയം ചാലിച്ചെഴുതിയ എസ്.എം.എസുകളും. അതാരാണെന്നു ഞാന്‍ പറയില്ല. രഹസ്യം...മുസ്ലിയാരങ്ങാടി കഴിഞ്ഞു. സ്‌കൂള്‍ വിട്ട സമയമായതിനാല്‍ കുട്ടികള്‍ നിരന്നു നടക്കുന്നു. വെള്ളയും ക്രീമും യൂണിഫോമായതിനാല്‍ അകലെനിന്നു നോക്കിയാല്‍ ചെമ്മരിയാട്ടിന്‍ കൂട്ടമാണെന്നേ തോന്നൂ. അത്രയ്‌ക്കു രസമുണ്ട് ആ കാഴ്‌ചയ്‌ക്ക്. കാമറ ഇല്ലാതായിപ്പോയ നിമിഷത്തെ ശരിക്കും ശപിച്ചു. ഇരുവശത്തും വാകമരങ്ങള്‍ നിറഞ്ഞ കാഴ്‌ച സുന്ദരമാണ്. അവയില്‍ കാറ്റുപിടിക്കുമ്പോള്‍ പൊഴിയുന്ന മഴയില്‍നിന്നും ഓടി രക്ഷപെടാനും ചിലര്‍ ശ്രമിക്കുന്നു. വെറുതേ. ഓടിമാറുന്നതിനു മുമ്പുതന്നെ മരം മഴപൊഴിച്ചിരിക്കും. സുഖമുള്ള നനച്ചില്‍. ഇടയ്‌ക്കൊന്നു മയങ്ങിപ്പോയിരുന്നു. എഴുന്നേറ്റപ്പോള്‍ നിലമ്പൂരടുത്തിരുന്നു. ചാലിയാര്‍ കടക്കുമ്പോഴായിരുന്നു ഉണര്‍ന്നത്. മഴയില്‍ കലങ്ങിയൊഴുകുന്നു. ഇരുവശത്തും തേക്കിന്‍ കാടിന്റെ സൂചന നല്‍കിക്കൊണ്ട് ഒന്നും രണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെള്ളത്തില്‍ മുട്ടിനില്‍ക്കുന്ന ഇല്ലിക്കാട് വളരെനാളുകള്‍ക്കുശേഷമാണ് കാഴ്‌ചയിലെത്തുന്നത്. ചാലിയാര്‍. തേക്കിന്‍കാടിന്റെ വന്യതയിലൂടെ സൈ്വരവിഹാരത്തിലാണവള്‍. വലിയ കൈകടത്തലുകള്‍ ഇനിയും എത്തിയിട്ടില്ലെന്നു തോന്നുന്നു. അതോ തോന്നല്‍ മാത്രമാണോ. എന്തായാലും ആറിനും തോടിനും ഭംഗിയേറുന്നത് മഴക്കാലത്താണ്. പെരുമഴക്കാലത്ത്.
നിലമ്പൂരെത്തി. ഒരു പെട്ടിക്കടയില്‍നിന്നു നാരങ്ങാവെള്ളം കുടിച്ചു. കുടിച്ചുകഴിഞ്ഞപ്പോഴേക്കും അവനെത്തി. കൂടെ മറ്റൊരു മാഷുമുണ്ട്. അവിടെ എല്ലാവരെയും മാഷ് എന്നാണു വിളിക്കുന്നത്. ബഹുമാനം കൂടുതലാണത്രേ. ബാഗ് അവര്‍ താമസിക്കുന്ന വീട്ടില്‍ കൊണ്ടുവച്ചു. പിന്നെ നിലമ്പൂര്‍ കൊട്ടാരം കാണാന്‍ പോയി. അകത്തു കടക്കാനായില്ല. ഒരു ദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. പഴയ പടിപ്പുര കടന്നാണ് വളപ്പിലേക്കു കടക്കുന്നത്. ശതകങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ കാവല്‍ക്കാരുടെ അനുമതി വേണ്ടിവരുമായിരുന്നു. കാവല്‍പുര കാണാന്‍ ഭംഗിയുണ്ട്. മുകളില്‍ കാവല്‍ക്കാര്‍ക്കിരിക്കാനുള്ള മുറികളാണ്. ചെളികെട്ടിക്കിടക്കുന്ന വഴി പണ്ട് രാജപാതയായിരുന്നെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നത് കുണ്ടുംകുഴിയുമാണ്. പണ്ടിവിടെ കാവല്‍ക്കാരെക്കൊണ്ട് നിറഞ്ഞിരുന്നത്രേ. ഇരുട്ട് കനം വച്ചിരുന്നു. രാത്രിയില്‍ ടൗണില്‍ ഒന്നു കറങ്ങി. തേക്കിന്‍കാട്ടില്‍ പോകാനുള്ള സ്വപ്‌നം അടുത്ത വരവിലേക്കു മാറ്റി. രാത്രിയില്‍ പഴകാര്യങ്ങള്‍ പറഞ്ഞ് ഉറങ്ങി. രാവിലെ മടങ്ങണം നാലു ദിവസമായിരുന്നു പുറപ്പെട്ടിട്ട്. ഇനി ഓഫീസില്‍ കയറണം. രാവിലെ നിലമ്പൂര്‍ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറണം എന്നു കരുതി. മഴയുടെ ഹുങ്കാരത്തിന്റെ തീഷ്‌ണത ശരിക്കും തേക്കിന്‍കാട്ടില്‍ വച്ചാണു മനസിലായത്. ഇത്രയും ആരവത്തോടെ മഴപെയ്യുന്നത് ആദ്യമായാണു കേള്‍ക്കുന്നത്. വനത്തിന്റെ സാന്നിധ്യം ഇവിടെ അധികം മഴപെയ്യിക്കുന്നുണ്ട്. പക്ഷേ തണുപ്പ് അരിച്ചുകയറിയെത്തിയപ്പോള്‍ എഴുന്നേറ്റു. തേപ്പ്, കുളി ഇത്യാദി കഴിഞ്ഞ് അനീഷിനെയും കൂട്ടി സ്‌റ്റേഷനിലേക്കു ബസ് കയറി. അഞ്ചുമിനുട്ടുകൊണ്ട് സ്‌റ്റേഷനിലെത്തി. ഈ സ്‌റ്റേഷനെപ്പറ്റി അനീഷിനോടു ചോദിച്ചു. പണ്ട് തേക്കുതടി കൊണ്ടുപോകുന്നതിനു നിര്‍മിച്ചതാണി സ്‌റ്റേഷന്‍. അത്രത്തോളം തന്നെ പഴക്കമുള്ള പാളങ്ങള്‍. ചക്രവുമായി ഉരയുന്നിടം മാത്രം തിളങ്ങിനില്‍ക്കുന്നു. ചെളിയില്‍ പൂണ്ടുനില്‍ക്കുന്ന സ്ലീപ്പറുകള്‍. തടികൊണ്ടുള്ളവ. ഞാന്‍ പണ്ടിവിടൊരു മാരമായി നിന്നിരുന്നു എന്നു വിളിച്ചുപറയുന്നതുപോലെ തോന്നി. പഴയ കെട്ടിടത്തലാണ് സ്‌റ്റേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് നിര്‍മിതി പോലുണ്ട്. ഏതാണ്ട് ഭൂരിഭാഗവും തടികൊണ്ടുള്ളത്. പ്ലാറ്റ്‌ഫോമിന്റെ വലതുവശം കൊണ്ട് പാളം തീരുന്നു. അവിടെനിന്നും എന്‍ജിന്‍ തിരിക്കുകയാണ് ചെയ്യുന്നത്. മുന്നില്‍നിന്നും വേര്‍പെടുത്തിയ എന്‍ജിന്‍ കുറച്ചുമുന്നോട്ടുകൊണ്ടുപോയി മറ്റൊരു പാളത്തിലൂടെ പിന്നില്‍ കൊണ്ടുപോയി ഘടിപ്പിക്കുന്നു. ആപാളം അതിനായി മാത്രം ഉപയോഗിക്കുന്നതാണെന്നു തോന്നും. വളരെക്കുറച്ച് ആളുകള്‍ മാത്രം കയറാന്‍. ഞങ്ങളുടെ കോട്ടയം ഭാഷകേട്ട് ചിലര്‍ ശ്രദ്ധിക്കുന്നുണ്ട്. മഴയ്‌ക്ക് കോളുകൂട്ടുന്നു.
സ്‌റ്റേഷന്‍ ഇരുട്ടിലാണ്. തേക്കിലകള്‍ വീണുകിടക്കുന്ന പാളത്തില്‍നിന്ന് അവസാനമായി അവനെനിക്കു കൈവീശി. അമിതവേഗമില്ലാത്ത യാത്ര. വഴിയില്‍ നിറയെ തേക്കു മരങ്ങള്‍. ഇടയ്‌ക്കെല്ലാം പഴമയുടെ അവശതയുള്ള സ്‌റ്റേഷനുകള്‍. പഴയ തേക്കുപലകകളില്‍ എഴുതിവച്ചിരുന്ന സ്‌ഥലപ്പേരുകള്‍ മാഞ്ഞിരുന്നു. പുതിയ എഴുത്തിനായി അവയില്‍ ചിലതില്‍ പെയിംന്റടിച്ചിട്ടുണ്ട്. കടും മഞ്ഞനിറം. മിക്ക സ്‌റ്റേഷനുകളുടെയും മേല്‍ക്കൂര ആല്‍ മരങ്ങളാണ്. പ്രായംചെന്നതിന്റെ സൂചനകള്‍ എല്ലായിടത്തും. ട്രെയിനിന്റെ ജനാലയില്‍ തലചേര്‍ത്തു ചാരിയിരുന്നു. തണുപ്പടിക്കാതിരിക്കാനായി തൊപ്പിയുണ്ട്. ഇടയ്‌ക്കെത്തുന്ന ചാറ്റലിനെയും നേരിടാം. അല്ലെങ്കില്‍ മൂക്ക് ശ്വാസത്തെ നിയന്ത്രിക്കാന്‍ തുടങ്ങും. നേരിയ മയക്കം കഴിഞ്ഞപ്പോഴേക്കും നിരവധി സ്‌റ്റേഷനുകള്‍ കടന്നിരുന്നു. ഒടുക്കം ചൂടുള്ള അന്തരീക്ഷവുമായി ഷൊര്‍ണൂരെത്തിയപ്പോള്‍ ഇറങ്ങി. ഇനി അടുത്ത ട്രെയിന്‍. കാത്തുകിടന്നിരുന്നു. തിക്കിത്തിരക്കുന്ന ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിപ്പറ്റി. അരമണിക്കൂറുകൊണ്ട് തൃശൂര്‍. തുടങ്ങിയിടം. മഴയുമായാണ് യാത്രതുടങ്ങിയതി. ഇപ്പോള്‍ ഞാന്‍ മഴയെ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. അതോ നേരേ തിരിച്ചോ? ഇനി ഘടികാരങ്ങള്‍ക്കൊപ്പം വേഗത്തിലുള്ള ജോലിയിലേക്ക്......
Wednesday, July 2, 2008
എന്റെ ചെറിയ യാത്രകളില്‍ കാണുന്നത്....
കോഴിക്കോട്ടു ഞാന്‍ ആദ്യമായിരുന്നു. എഴുന്നേറ്റപ്പോള്‍ താമസിച്ചെങ്കിലും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബീച്ചിലേക്കു വച്ചടിച്ചു. ഓട്ടോയില്‍ കയറിയെങ്കിലും കടല്‍ കണ്ടിടത്തിറങ്ങി നടക്കാന്‍ തുടങ്ങി. മഴയെ ഏറ്റുവാങ്ങിയതിന്റെ ഹുങ്കാരം കാണാനുണ്ട്. നട്ടുച്ച. കടല്‍ക്കാറ്റില്‍ നട്ടുച്ചയുടെ ചൂട് അനുഭവപ്പെട്ടില്ല. ഉച്ചയൂണുകഴിക്കാത്തതിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും കടല്‍ക്കരയിലെ പാറക്കയല്ലിലൂടെ നടന്നപ്പോള്‍ ഒന്നും കണക്കാക്കിയില്ല. കോഴിക്കോട് വാസ്‌കോഡഗാമ കപ്പലിറങ്ങിയതിന്റെ കാര്യങ്ങള്‍ ബാലുവിനോടു ചോദിച്ചു. അവിടെനിന്ന് അല്‍പം ദൂരയാണ് ആ സ്‌ഥലം. പിന്നൊരിക്കല്‍ പോകാമെന്നു കരുതി. കടല്‍പാലം. പഴയപ്രതാപം കടലെടുത്തിരിക്കുന്നു. ഇപ്പോള്‍ അസ്‌ഥികൂടം മാത്രം. നീണ്ടുനില്‍ക്കുന്ന പലകക്കഷണങ്ങള്‍ തല്ലിത്തകര്‍ക്കുന്നതിനുള്ള ശ്രമത്തിലാണ് കടല്‍. പൂഴിമണലില്‍ നിരവധിയാളുകള്‍ കൂട്ടംകൂടിയിരിപ്പുണ്ട്. നേരിയ വെയില്‍ വകവയ്‌ക്കാതെ നിരവധി പ്രണേതാക്കളും എത്തിയിരുന്നു. നിരത്തിവച്ചിരിക്കുന്ന ഉപ്പുമാങ്ങാ ഭരണികളിലായിരുന്നു എന്റെ കണ്ണ്. കൈതച്ചക്ക, നെല്ലിക്ക, മാങ്ങയടക്കം എന്തെല്ലാം. കഴിച്ചു വയറുനിറഞ്ഞിട്ടും കൊതി മാറിയിരുന്നില്ല. തത്തയെ ഉപയോഗിച്ച് കുറിയെടുപ്പിക്കുന്നത് വെറുതേ നോക്കിനിന്നു. കൂട്ടത്തിലുണ്ടായിരുന്ന ചേട്ടന്റെ ഭവി അവര്‍ പത്തുമിനുട്ടിനുള്ളില്‍ പറഞ്ഞു!!... ഞങ്ങള്‍ നേരത്തേ നോക്കിയെന്നു കള്ളം പറഞ്ഞ് അവിടെനിന്നും ഊരി. കൂറേസമയം കടലിലേക്കുനോക്കിനിന്നു. അവസാനം ഇറങ്ങി. ആദ്യതിരയ്‌ക്കുതന്നെ ദേഹം നനഞ്ഞുകുതിര്‍ന്നു. അടുത്തുണ്ടായിരുന്ന ടീനേജ് സുന്ദരികള്‍ പോകുന്നതുവരെ അവിടെത്തന്നെ ചുറ്റിപ്പറ്റി. ഉണങ്ങിത്തുടങ്ങിയതോടെ ഉപ്പിന്റെ നീറ്റല്‍ തുടങ്ങി. ചോറുണ്ണണമെന്ന ആഗ്രഹം ഒതുക്കി നേരേ റൂമിലേക്കു വച്ചടിച്ചു. പോകുന്ന വഴിക്കു പപ്പായ ഉപ്പിലിട്ടതു വാങ്ങാന്‍ മറന്നില്ല. ഇതിനിടയില്‍ മാനാഞ്ചിറ മൈതാനത്തിറങ്ങണമെന്ന ആഗ്രഹത്തെ കൂടെയുണ്ടായിരുന്നവര്‍ വിദഗ്‌ധമായി തകര്‍ത്തു.
രാത്രി. ചെറുപ്പക്കാരുടെ സന്തോഷം കുടിച്ചിറക്കുന്ന സമയം. എല്ലാവരും ഓഫീസില്‍ പോയിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വെറുതേ ഇറങ്ങി നടന്നു. ഇരുട്ടായിരുന്നു ചുറ്റിലും. താഴെ കല്ലായിപ്പുഴ കലങ്ങിയൊഴുകുന്നത് ഇരുട്ടിലൂടെ കാണാം. വര്‍ഷങ്ങളോളം തടികള്‍ ഒഴുക്കി പുഴ തളര്‍ന്നുപോയിരുന്നു. ഇന്ന് അവള്‍ക്കു ചുമക്കാന്‍ മരങ്ങളില്ല. ലോറിയും മറ്റും ആ സ്‌ഥാനം കൈയടക്കിയിരിക്കുന്നു. പണ്ട് മാമുക്കോയ ഇവിടെവിടെയോ തടി അളന്നിരുന്നത്രേ. കല്ലായിപ്പുഴയുടെ താളം കിട്ടിയതുകൊണ്ടാവാം അദ്ദേഹത്തിനും അതേ താളം അഭിനയത്തില്‍ കിട്ടിയത്. പൗരാണികതകള്‍ കഥ പറയുന്ന കോഴിക്കോട് ഇനി ഈ രാത്രികൂടിയേ ഉള്ളൂ. മടങ്ങണം. നാളെ രാവിലെ നിലമ്പൂരിലെത്തണം......