കഥ പറയുന്ന കല്ലായി
കോഴിക്കോട്ടു ഞാന്‍ ആദ്യമായിരുന്നു. എഴുന്നേറ്റപ്പോള്‍ താമസിച്ചെങ്കിലും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബീച്ചിലേക്കു വച്ചടിച്ചു. ഓട്ടോയില്‍ കയറിയെങ്കിലും കടല്‍ കണ്ടിടത്തിറങ്ങി നടക്കാന്‍ തുടങ്ങി. മഴയെ ഏറ്റുവാങ്ങിയതിന്റെ ഹുങ്കാരം കാണാനുണ്ട്. നട്ടുച്ച. കടല്‍ക്കാറ്റില്‍ നട്ടുച്ചയുടെ ചൂട് അനുഭവപ്പെട്ടില്ല. ഉച്ചയൂണുകഴിക്കാത്തതിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും കടല്‍ക്കരയിലെ പാറക്കയല്ലിലൂടെ നടന്നപ്പോള്‍ ഒന്നും കണക്കാക്കിയില്ല. കോഴിക്കോട് വാസ്‌കോഡഗാമ കപ്പലിറങ്ങിയതിന്റെ കാര്യങ്ങള്‍ ബാലുവിനോടു ചോദിച്ചു. അവിടെനിന്ന് അല്‍പം ദൂരയാണ് ആ സ്‌ഥലം. പിന്നൊരിക്കല്‍ പോകാമെന്നു കരുതി. കടല്‍പാലം. പഴയപ്രതാപം കടലെടുത്തിരിക്കുന്നു. ഇപ്പോള്‍ അസ്‌ഥികൂടം മാത്രം. നീണ്ടുനില്‍ക്കുന്ന പലകക്കഷണങ്ങള്‍ തല്ലിത്തകര്‍ക്കുന്നതിനുള്ള ശ്രമത്തിലാണ് കടല്‍. പൂഴിമണലില്‍ നിരവധിയാളുകള്‍ കൂട്ടംകൂടിയിരിപ്പുണ്ട്. നേരിയ വെയില്‍ വകവയ്‌ക്കാതെ നിരവധി പ്രണേതാക്കളും എത്തിയിരുന്നു. നിരത്തിവച്ചിരിക്കുന്ന ഉപ്പുമാങ്ങാ ഭരണികളിലായിരുന്നു എന്റെ കണ്ണ്. കൈതച്ചക്ക, നെല്ലിക്ക, മാങ്ങയടക്കം എന്തെല്ലാം. കഴിച്ചു വയറുനിറഞ്ഞിട്ടും കൊതി മാറിയിരുന്നില്ല. തത്തയെ ഉപയോഗിച്ച് കുറിയെടുപ്പിക്കുന്നത് വെറുതേ നോക്കിനിന്നു. കൂട്ടത്തിലുണ്ടായിരുന്ന ചേട്ടന്റെ ഭവി അവര്‍ പത്തുമിനുട്ടിനുള്ളില്‍ പറഞ്ഞു!!... ഞങ്ങള്‍ നേരത്തേ നോക്കിയെന്നു കള്ളം പറഞ്ഞ് അവിടെനിന്നും ഊരി. കൂറേസമയം കടലിലേക്കുനോക്കിനിന്നു. അവസാനം ഇറങ്ങി. ആദ്യതിരയ്‌ക്കുതന്നെ ദേഹം നനഞ്ഞുകുതിര്‍ന്നു. അടുത്തുണ്ടായിരുന്ന ടീനേജ് സുന്ദരികള്‍ പോകുന്നതുവരെ അവിടെത്തന്നെ ചുറ്റിപ്പറ്റി. ഉണങ്ങിത്തുടങ്ങിയതോടെ ഉപ്പിന്റെ നീറ്റല്‍ തുടങ്ങി. ചോറുണ്ണണമെന്ന ആഗ്രഹം ഒതുക്കി നേരേ റൂമിലേക്കു വച്ചടിച്ചു. പോകുന്ന വഴിക്കു പപ്പായ ഉപ്പിലിട്ടതു വാങ്ങാന്‍ മറന്നില്ല. ഇതിനിടയില്‍ മാനാഞ്ചിറ മൈതാനത്തിറങ്ങണമെന്ന ആഗ്രഹത്തെ കൂടെയുണ്ടായിരുന്നവര്‍ വിദഗ്‌ധമായി തകര്‍ത്തു.
രാത്രി. ചെറുപ്പക്കാരുടെ സന്തോഷം കുടിച്ചിറക്കുന്ന സമയം. എല്ലാവരും ഓഫീസില്‍ പോയിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വെറുതേ ഇറങ്ങി നടന്നു. ഇരുട്ടായിരുന്നു ചുറ്റിലും. താഴെ കല്ലായിപ്പുഴ കലങ്ങിയൊഴുകുന്നത് ഇരുട്ടിലൂടെ കാണാം. വര്‍ഷങ്ങളോളം തടികള്‍ ഒഴുക്കി പുഴ തളര്‍ന്നുപോയിരുന്നു. ഇന്ന് അവള്‍ക്കു ചുമക്കാന്‍ മരങ്ങളില്ല. ലോറിയും മറ്റും ആ സ്‌ഥാനം കൈയടക്കിയിരിക്കുന്നു. പണ്ട് മാമുക്കോയ ഇവിടെവിടെയോ തടി അളന്നിരുന്നത്രേ. കല്ലായിപ്പുഴയുടെ താളം കിട്ടിയതുകൊണ്ടാവാം അദ്ദേഹത്തിനും അതേ താളം അഭിനയത്തില്‍ കിട്ടിയത്. പൗരാണികതകള്‍ കഥ പറയുന്ന കോഴിക്കോട് ഇനി ഈ രാത്രികൂടിയേ ഉള്ളൂ. മടങ്ങണം. നാളെ രാവിലെ നിലമ്പൂരിലെത്തണം......
Wednesday, July 2, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment