പ്രതിഷേധച്ചൂടില്‍ അലറി വിളിച്ചു
പിറന്ന തടവറക്കവിതകള്‍
വീണ്ടുംവിപ്ലവ സമരങ്ങളുടെ ചുടുകാറ്റില്‍ തടവറകള്‍ വിയര്‍ത്തൊട്ടിയ കാലഘട്ടത്തില്‍നിന്നായിരുന്നു തടവറക്കവിതകള്‍ അലറിവിളിച്ചു പിറന്നത്. കൊടിയ പീഡനത്തിന്റെ ആര്‍ത്തനാദങ്ങള്‍ ചുടുനിശ്വാസങ്ങളായി മാത്രം പുറത്തേക്കുവിട്ട വിപ്ലകാരികളുടെ കാലഘട്ടം. കവിതയും എഴുത്തും സര്‍ഗാത്മകതയും വിപ്ലവത്തിന്റെ വിറകുകൊള്ളികളാണെന്ന തിരിച്ചറിഞ്ഞ് ചൂഷകര്‍ക്കെതിരേ ആളിക്കത്തിച്ചവരുടെ നാളുകള്‍. തടവറകളിലെ സിഗററ്റ് പാക്കറ്റുകളില്‍ എഴുതിവച്ച തീക്ക(കവിതകള്‍)നലുകള്‍ പിന്നീട് കേരളത്തിന്റെ മണ്ണില്‍ പടര്‍ത്തിയ ജ്വാലകള്‍ ഇന്നും അണഞ്ഞിട്ടില്ല. കവിതയെഴുതി, തൊണ്ടപൊട്ടുമാറു പാടി വിമോചനത്തിന്റെ ദിനങ്ങളെ അവര്‍ വരവേറ്റു. സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ട അടിയന്തിരാവസ്‌ഥക്കാലത്ത് വിവിധ ജയിലുകളില്‍ കിടന്നവരുടെ ഇരുപത്തഞ്ചുകവിതകള്‍ അന്നു പ്രസിദ്ധീകരിച്ചു. പിന്നീട് 33 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ പുന:പ്രസിദ്ധീകരിക്കുന്നത്. ഉദയഭാനു, സിവിക് ചന്ദ്രന്‍, സി.കെ അബ്‌ദുള്‍ അസീസ്, പുരുഷോത്തമന്‍, ദാസ് എന്ന കുട്ടികൃഷ്‌ണന്‍, സോമനാഥന്‍, എം.എം. സോമശേഖരന്‍, വി.കെ പ്രഭാകരന്‍, മുഹമ്മദ് അലി, പി.കെ രഘുനാഥ് എന്നിവരാണു ഹോചിമിന്റെ ജയില്‍ ഡയറിയിലെ വരികള്‍.
``കുറ്റം ചെയ്യാതെ ഒരു വര്‍ഷം ജയിലില്‍
കഴിച്ചു കണ്ണുനീര്‍ മഷിയാക്കി
ഞാനെന്റെ ചിന്തകള്‍ കവിതകളാക്കി
മാറ്റുന്നു... ഇന്നു നാം ഇരുമ്പും ഉരുക്കും
ചേര്‍ത്ത കവിതകള്‍ പണിതെടുക്കണം..
ഇന്നു കവിതയ്‌ക്ക് ഒരാക്രമണം
നയിക്കാനും അറിഞ്ഞിരിക്കണം ''എന്ന വരികള്‍.
ജയിലിലെത്തുംമുമ്പ് നാലുവരി കുറിക്കാത്തവരായിരുന്നു ഇവരില്‍ പലരും. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതോടെ സംസ്‌ഥാനത്തിന്റെ പല ഭാഗത്തുനിന്നായി പിടിയിലായ ഇവരെല്ലാം കക്കയം, ശാസ്‌തമംഗലം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഭയാനകമായ പീഡനങ്ങള്‍ക്ക് ഇരകളായി. ``വെടിയുണ്ടയുടെ നീളംപോലുമില്ലല്ലോടാ..... മോനേ നിനക്ക്'' എന്നാക്രോശിച്ചുകൊണ്ടാണ് ഉദയഭാനുവിനെ ജയറാം പടിക്കല്‍ വരവേറ്റത്.
ശാരീരിക പീഡനങ്ങളുടേയും മാനസിക വിക്ഷോഭങ്ങളുടെയും എണ്ണമറ്റ ദിവസങ്ങളിലൂടെ, ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും പ്രസക്‌തിയില്ലാത്ത ക്ഷുദ്രമായ ദിവസങ്ങളിലൂടെ കടന്നെത്തി, മരണത്തെ അതിജീവിച്ച്, നീട്ടിപിടിച്ച തോക്കുകള്‍ക്കും കയ്യില്‍ പൂട്ടിയ വിലങ്ങുകളുടെ കിലുക്കങ്ങള്‍ക്കുമിടയിലൂടെ കല്‍ത്തുറുങ്കിന്റെ കനത്ത ഭിത്തികള്‍ക്കകത്തു തളച്ചിടുമ്പോള്‍, ഉണര്‍ന്നിരിക്കുന്ന കവിമനസുകളുടെ രചനകളാണ് ഈ സമാഹാരത്തിലെന്ന് ആദ്യപതിപ്പിന്റെ അവതാരികയില്‍ ഉദയഭാനു എഴുതി. പുതിയ പതിപ്പിന്റെ അവതാരിക അന്നത്തെ പതിപ്പു കേരളത്തിലുടനീളം വിറ്റുനടന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത്.
അന്യന്റെ ശബ്‌ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലം സ്വപ്‌നം കണ്ടതിനു ശിക്ഷിക്കപ്പെട്ട തലമുറയുടെ അവശിഷ്‌ടമാണ് ഈ പുസ്‌തകമെന്ന് അവതാരികയില്‍ ചുള്ളിക്കാട് കുറിക്കുന്നു. സ്വന്തം വാക്കുകള്‍ക്കു സ്വന്തം ചോര കൊണ്ടു വില കൊടുത്തവരുടെ ഈ രചനകള്‍ സാഹിത്യചരിത്രത്തില്‍ ഇടം നേടിയില്ലെങ്കിലും തോറ്റവര്‍ക്കും ചരിത്രമുണ്ടെന്നും തോല്‍വിക്കും കവിതയുണ്ടെന്നും വിളിച്ചോതുന്നെന്നും ചുള്ളിക്കട് തുടരുന്നു.
കണ്ണൂര്‍, തിരുവന്തപുരം, വിയ്യൂര്‍ ജയിലുകളിലെ ഏകാന്തതടവില്‍ എഴുതിയ കവിതകള്‍ ഒളിപ്പിക്കാനായിരുന്നു പ്രയാസം. ജയിലധികാരികളും മുതിര്‍ന്ന പാര്‍ട്ടി തടവുകാരുടേയും കണ്‍വെട്ടം തട്ടിയാല്‍ അവ നശിപ്പിക്കപ്പെടുമായിരുന്നു. മാവോ സെ തൂങ്ങിന്റെ കൃതികള്‍ വായിക്കാനായിരുന്നു പാര്‍ട്ടിക്കാരുടെ നിര്‍ദേശം. എന്നാല്‍, അതിജീവനത്തിന്റെ തൃഷ്‌ണ എഴുതുകമാത്രമായിരുന്നെന്ന് പുസ്‌തകം എഡിറ്റ് ചെയ്‌ത സിവിക് ചന്ദ്രന്‍ പറയുന്നു. അടിയന്തരാവസ്‌ഥയ്‌ക്കുശേഷം യുക്‌തിവാദികളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിച്ചിരുന്ന തൃശൂരിലെ നാസ്‌തികന്‍ പബ്ലിക്കേഷന്‍ പുസ്‌തകം പ്രസിദ്ധീകരിച്ചു. തടവറകളില്‍ മരിച്ചുവീണ രക്‌തസാക്ഷികള്‍ക്കു സമര്‍പ്പിച്ച്. തടവറകവികളില്‍ ഉദയഭാനു, സോമനാഥന്‍, ദാസ്, മുഹമ്മദലി എന്നിവര്‍ ഇന്നു ജീവിച്ചിരിപ്പില്ല. മറ്റുള്ളവര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനവും ജീവിതവും തുടരുന്നു. അബ്‌ദുള്‍ അസീസ് പി.ഡി.പിയുടെ നയരൂപീകരണസമിതി അധ്യക്ഷനാണ്. സോമശേഖരന്‍ ഏറെക്കാലത്തെ നക്‌സലൈറ്റ് ജീവിതത്തിനുശേഷം ഇപ്പോള്‍ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. രഘുനാഥ് പാരലല്‍ കോളേജ് അധ്യാപകന്‍. വി.കെ പ്രഭാകരന്‍ നാടകരംഗത്തു തുടരുന്നു. കൂടാതെ വില്ലേജ് ഓപീസില്‍ ജോലി. പുരുഷോത്തമന്‍ അഡ്വക്കേറ്റാണ്. സിവിക് ചന്ദ്രന്‍ അറിയപ്പെടുന്ന സാംസ്‌കാരിക വിമര്‍ശകനും. ഇവര്‍ ആറുപേരും മൂന്നു ദശകങ്ങള്‍ക്കു ശേഷം ഒന്നിച്ചിരുന്ന് പുതിയ കാലത്തിന്റെ വിഹ്വലതകളെക്കുറിച്ചു നടത്തുന്ന ചര്‍ച്ച പുസ്‌തകത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. പഴയ പതിപ്പിന്റെയും പുതിയ പതിപ്പിന്റേയും കവര്‍ ഡിസൈന്‍ പ്രശസ്‌ത ചിത്രകാരന്‍ സി.എന്‍ കരുണാകരന്റേതാണ്. ചൂഷണങ്ങള്‍ നിലനില്‍ക്കുവോളം പോരാട്ടങ്ങളും തടവറകളും നിലനില്‌ക്കുമെന്നതാണ് ഈ കവിതകളുടെ രണ്ടാം പതിപ്പിന്റെ പ്രസക്‌തിയെന്ന് പ്രസാധനത്തിനു മുന്‍കൈ എടുത്ത മുഹമ്മദ് പറയുന്നു. തൃശൂരിലെ ഫ്‌ളെയിം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന തടവറകവിതകളുടെ രണ്ടാംപതിപ്പ് പ്രകാശനം 13-നു സാഹിത്യ അക്കാദമിയില്‍ നടക്കും.
-ഐ. ഗോപിനാഥ്
Sunday, January 31, 2010
Subscribe to:
Posts (Atom)