Wednesday, February 4, 2009

കാഴ്‌ചയുടെ`ഉത്സവകാലം'

അഥവാ അന്നു സിനിമകള്‍ ഉത്സവങ്ങളായിരുന്നു!!


സിനിമകള്‍ ഉത്സവങ്ങളാകും(ഫെസ്‌റ്റിവല്‍) മുമ്പ്‌ ഉത്‌സവപ്പറമ്പുകളെ സിനിമയുടെ ലോകത്തേക്കു കൊണ്ടുവന്ന ചലച്ചിത്രകാരന്‍ ഒരാളേ ഉണ്ടാകൂ. അത്‌ തൃശൂരിന്റെ മാത്രം (പ്രാദേശിക) ചലച്ചിത്രകാരനാണ്‌. പൂനം റഹിം. പതിനാറ്‌ എം.എം. സിനിമയുടെ പ്രചാരണത്തില്‍ കാലഘട്ടത്തിനൊപ്പം നീങ്ങിയയാള്‍. അന്ന്‌, ഫിലിം സൊസൈറ്റികളും ക്ലബുകളും സജീവമാകുന്നതിനു മുമ്പ്‌ ഫിലിം റെപ്രസെന്റേറ്റീവായിത്തുടങ്ങി ജനകീയ സിനിമയുടെ ഉറ്റചങ്ങാതിയായി മാറുകയായിരുന്നു പൂനം. അന്നും ഇന്നും അതു ശരിതന്നെ. പെട്ടിക്കുള്ളില്‍ ചുരുട്ടിവച്ചിരുന്ന ഫിലിം റോളുകള്‍ക്കൊപ്പം റഹീം യാത്രതുടങ്ങിയിട്ട്‌ മുപ്പത്തഞ്ചു വര്‍ഷം. ചരിത്രത്തിലിടം കണ്ടിട്ടുള്ള പല സിനിമകളും ഇതിനിടയില്‍ റഹീമിന്റെ പ്രൊജക്‌ടറിലൂടെ കറങ്ങിത്തിരിഞ്ഞിട്ടുണ്ട്‌.

16 എം.എം. പ്രൊജക്‌ടറുകള്‍ക്കു സമീപിക്കുക: പൂനം പിക്‌ചേഴ്‌സ്‌ എന്ന ചുവരെഴുത്ത്‌ തൃശൂരിന്റെ മതിലുകളില്‍ പൂപ്പല്‍ മായിക്കാതെ ഇന്നും സജീവമാണ്‌. അക്കാലത്തു പ്രത്യക്ഷപ്പെട്ടിരുന്ന ` അടിയന്തരാവസ്‌ഥ അറബിക്കടലില്‍' എന്ന എഴുത്തുകളേക്കാള്‍ ഇത്‌ അതിജീവിച്ചു. ഐസന്‍സ്‌റ്റീനിന്റെ വിഖ്യാതമായ ബാറ്റില്‍ഷിപ്പ്‌ പൊട്ടംകിനില്‍ വെടിയേറ്റ കുഞ്ഞുമായി അമ്മ നില്‍ക്കുന്ന പടവുകളും കുറസോവയുടെയും ബുനുവലിന്റെയും പോളന്‍സ്‌കിയുടേയും ഇങ്ങിവിടെ എം.ജി.ആറിന്റെയും സത്യന്റെയും നസീറിന്റെയും വിന്‍സെന്റിന്റെയും ഭാവതീവ്രതകള്‍ ഒരേപോലെ റഹീമിന്റെ പ്രൊജക്‌ടറുകള്‍ അക്കാലത്തു സ്‌ക്രീനിലെത്തിച്ചു.തീയറ്ററുകള്‍പോലും അത്രകണ്ട്‌ സജീവമല്ലാതിരുന്ന മലയാളത്തില്‍, റഹീമിന്റെ ഫിലിം പെട്ടികള്‍ക്കായി കാത്തുകെട്ടിനില്‍ക്കാനും ആളുകളുണ്ടായിരുന്നു.

മങ്ങി, കടകട ശബ്‌ദത്തില്‍, വെട്ടിവെട്ടി പ്രവര്‍ത്തിച്ചിരുന്ന പ്രൊജക്‌ടറുകള്‍ ഇന്ന്‌ കാഴ്‌ചവസ്‌തുവായിപ്പോലും കിട്ടാനില്ലെങ്കിലും ഇതേപോലെ ഇരുപതോളം പ്രൊജക്‌ടറുകള്‍ റഹീമിന്റെ ഗോഡൗണില്‍ സുഖശയനത്തിലാണ്‌.അടച്ചിട്ട മുറിയില്‍ കറുത്ത തുണികൊണ്ടു മറച്ച ജനലുകളുമായി കോളാമ്പിക്കുള്ളിലൂടെ കടന്നുവന്നിരുന്ന സിനിമയും ശബ്‌ദവും എത്തിച്ചിരുന്ന `സിനിമാക്കാരന്‍' ചേട്ടന്‍മാരെ ആരാധനയോടെ നോക്കുന്ന ചെറുപ്പവും ഇന്നില്ല. സ്‌കൂളുകളില്‍ ഒന്നോ രണ്ടോ രൂപ പിരിവെടുത്തു പ്രദര്‍ശിപ്പിച്ചിരുന്നപ്പോള്‍, അന്ന്‌ നായകന്റെ `സ്‌റ്റണ്ട്‌' കണ്ടുള്ള കരച്ചിലുകളും ഇന്നു കേള്‍ക്കാനിലെന്നു റഹീം പറയുന്നു. കാരണം, സ്‌കൂളുകളില്‍ ഫിലിംക്ലബുകളിലൂടെ സിനിമ എന്ന മാധ്യമം ഇന്നു സജീവമാണ്‌. ചാര്‍ളി ചാപ്ലിന്റെ വിഖ്യാത സിനിമ `ദ കിഡ്‌' പ്രദര്‍ശിപ്പിച്ചിട്ട്‌ തലമുറകള്‍ മാറി. ഇന്നും അതേ ഇഷ്‌ടമാണ്‌ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍. ഇതിനു പുറമേ, ബഷീര്‍ ദ മാന്‍ തുടങ്ങിയ സിനിമകളും സിലബസിന്റെ ഭാഗമായി കാണിക്കുന്നു. വേഗത്തിന്റെ മാന്ത്രികത കണ്ണിനുമുന്നില്‍ ചലനമായി മാറുന്ന കലയുടെ പ്രചാരണത്തില്‍ അന്നത്തെ ആവേശംതന്നെയാണ്‌ ഇന്നും റഹീമിന്‌. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ റഹീമിന്റെ ചലച്ചിത്രശേഖരത്തെ ആധാരമാക്കി നിര്‍മിച്ച `16 എം.എം.' ഡോക്കുമെന്ററിയും പ്രത്യേക പരാമര്‍ശം നേടി !

ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിയായ റഹ്‌മത്തലി എന്ന പൂനം റഹീം 16 എം.എം. പ്രൊജക്‌ടറുകളുടെ സഹചാരിയാകുന്നതും യാദൃച്‌ഛികമല്ല. യാഥാസ്‌ഥിതിക മുസ്‌ലിം കുടുംബത്തിലായിരുന്നതിനാല്‍ സിനിമയെ പ്രോത്സാഹിപ്പിക്കാത്ത അന്തരീക്ഷം. സിനിമ കാണുന്നത്‌ ദുര്‍ഗ്രഹവും. എങ്കിലും സിനിമയായിരുന്നു സ്വപ്‌നം. പ്രാഥമിക വിദ്യാഭ്യാസം മാത്രമായിരുന്നതിനാല്‍ ഉന്നത പദവികളും പ്രതീക്ഷിക്കാനാവുമായിരുന്നില്ല. ഭിലായില്‍ ഉരുക്കുവ്യവസായം തഴച്ചുവളര്‍ന്നിരുന്ന കാലഘട്ടത്തില്‍ അവിടെ കേരളീയ ഉത്‌പന്നങ്ങള്‍ വില്‌ക്കുന്നയാളായിരുന്നു റഹീമിന്റെ അച്‌ഛന്‍. മലയാളിയുടെ നിത്യജീവിതത്തില്‍നിന്നു മാറ്റി നിര്‍ത്താനാവാത്ത കേരളത്തിന്റെ തനതു വസ്‌തുക്കള്‍ വില്‌പന നടത്തുകയായിരുന്നു റഹീമിന്റെ അച്‌ഛന്‍. അന്നു ഭിലായില്‍ ആയിരക്കണക്കിനു മലയാളികള്‍ താമസിച്ചിരുന്നു. ദിവസേന അവിടുള്ളവര്‍ക്കു മുന്നില്‍ നാലുതവണ പ്രദര്‍ശനം നടത്തിയിരുന്നു. ചന്ദ്രതാരാ ഫിലിംസ്‌ എത്തിക്കുന്ന ചിത്രങ്ങളായിരുന്നു അവിടെ ഏറെയും പ്രദര്‍ശിപ്പിച്ചിരുന്നത്‌. റഹീമിന്റെ അച്‌ഛന്റെ കടയ്‌ക്കു സമീപമായിരുന്നു ചന്ദ്രതാരാ ഫിലിംസിന്റെ ഓഫീസ്‌. സിനിമാക്കമ്പം കയറിയ റഹീം മുഴുവന്‍ സമയവും അവിടെക്കൂടി. റഹീമിനെ വീട്ടില്‍നിന്നു പുറത്താക്കുന്നതു വരെ ഈ കമ്പം തുടര്‍ന്നു. അതോടെ പട്ടിണിക്കാലവും ആരംഭിച്ചു.

അങ്ങനെയാണ്‌ റഹീം ചെന്നൈക്കു വണ്ടി കയറുന്നത്‌. ആകെ അവിടെ അറിയാവുന്നത്‌ ചന്ദ്രതാരാ ഫിലിംസിന്റെ ഓഫീസ്‌ വിലാസം മാത്രം. ആ പരിചയംവച്ച്‌ സിനിമാനടന്‍ സത്യന്‍ ഏറ്റെടുത്തു നടത്തിയിരുന്ന ഭാരത്‌ ഫിലിംസിന്റെ റെപ്രസെന്റേറ്റീവായി. അന്നും ഭിലായ്‌ തന്നെയായിരുന്നു സിനിമാ പ്രദര്‍ശനത്തിന്റെ ലാവണം. ശമ്പളം ഭക്ഷണത്തിനു പോലും തികയില്ല. അര്‍ധപട്ടിണിയെന്നും പറയാം. ഇവിടെ മുതലാണ്‌ റഹീം സിനിമയ്‌ക്കൊപ്പം `ഓടി'ത്തുടങ്ങിയത്‌. ഭാരത്‌ ഫിലിംസ്‌ വിതരണം ചെയ്‌തിരുന്ന ഒട്ടുമിക്ക സിനിമകളുമായി ഇക്കാലമത്രയും റഹീം ഇന്ത്യ മുഴുവന്‍ കറങ്ങി. പെട്ടിക്കുമുകളില്‍ യാത്രക്കാരിലൊരാള്‍വച്ച മീന്‍പെട്ടിയില്‍നിന്നു വെള്ളമിറങ്ങി `വെള്ളിത്തിര' എന്ന സിനിമയുടെ പ്രിന്റ്‌ നഷ്‌ടപ്പെട്ടു. ഈ നഷ്‌ടം ഭാരത്‌ഫിലിം കമ്പനിയില്‍ ജോലിചെയ്‌തു നികത്തി. അവിടുന്നിറങ്ങിയ റഹീം ആശാഫിലിംസില്‍ ചെന്നെത്തി. പി.എന്‍. മേനോന്റെ `ഓളവും തീരവും' ഹിറ്റായി നില്‌ക്കുന്ന സമയം. ഇവിടെയും ജീവിതം അലച്ചിലിന്റേതായിരുന്നു. അങ്ങനെയാണ്‌ സ്വന്തമായി വിതരണമെന്ന ആശയം ജനിക്കുന്നത്‌. ആശാഫിലിംസില്‍നിന്നു വാങ്ങിയ പഴയ `ചതുരംഗം', `അരപ്പവന്‍' എന്നീ സിനിമകളുടെ പെട്ടിയുമായി നേരേ കേരളത്തിലേക്ക്‌. ട്രെയിനില്‍നിന്നിറക്കിയ പെട്ടി എന്തു ചെയ്യണമെന്നറിയാത്തതിനാല്‍ ദിവസങ്ങളോളം റെയില്‍വേ സ്‌റ്റേഷനില്‍ കിടന്നു. വീട്ടിലേക്കു പോകാനാവാത്തതിനാല്‍ സിലോണ്‍ ലോഡ്‌ജില്‍ മുറിയെടുത്തു. അവിടെ `സുമതി ഫിലിംസിന്റെ' ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. റഹീമിന്റെ പെട്ടിയെപ്പറ്റി അറിഞ്ഞ ഇവര്‍ ഈ രണ്ടു സിനിമയും 250 രൂപ ദിവസ വാടകയ്‌്‌ക്കെടുത്തു. കുന്നംകുളം ജവഹര്‍ തീയറ്ററിലായിരുന്നു പ്രദര്‍ശനം. ഇതു വിജയിക്കുമെന്നു മനസിലായതോടെ `പൂനംപിക്‌ചേഴ്‌സ്‌' എന്ന പേരില്‍ എവറസ്‌റ്റ്‌ ഹോട്ടലില്‍ ഒമ്പതു രൂപയ്‌ക്കു മുറിയെടുത്ത്‌ രണ്ടു പെട്ടിയും അങ്ങോട്ടു മാറ്റി. ഓരോ സിനിമ മാറുന്നതിന്റെയും ഇടയ്‌ക്കു കിട്ടുന്ന ഒന്നോരണ്ടോ ദിവസമായിരുന്നു പ്രദര്‍ശനം. ഇതു വിജയിക്കുമെന്നു കണ്ടതോടെ വീണ്ടും ചെന്നൈയിലെത്തി കുറച്ചുസിനിമകളുടെ പ്രിന്റുമായെത്തി. ഏറെക്കാലം ഇത്രയും പ്രിന്റുകള്‍കൊണ്ട്‌ കളിച്ചെങ്കിലും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ യുഗം അവസാനിച്ചതോടെ വീണ്ടും പ്രതിസന്ധി ആരംഭിച്ചു. `ശരശയ്യ'യാണ്‌ അവസാനമായി കളിച്ച ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമ.

നാടകബുക്കിംഗ്‌ ആരംഭിച്ചതോടെയാണ്‌ സിനിമ ഉത്സവപ്പറമ്പുകളിലേക്കെത്തുന്നത്‌. തൃശൂര്‍ ജില്ലയിലാദ്യമായി ഉത്സവപ്പറമ്പുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിച്ചതും റഹീമാണ്‌. ഓരോ രണ്ടു നാടകങ്ങള്‍ക്കുമിടയിലുള്ള സമയമാണ്‌ പ്രദര്‍ശനം. കള്ളിയങ്കാട്ടു നീലിയാണ്‌ അന്ന്‌ പ്രദര്‍ശിപ്പിച്ചിരുന്നത്‌. 16 എം.എം. പ്രൊജക്‌ടറില്‍ വെട്ടിവെട്ടി ഓടിക്കൊണ്ടിരുന്ന സിനിമയെ കൗതുകത്തോടെയും ആവേശത്തോടെയുമാണ്‌ ജനം സ്വീകരിച്ചത്‌. ജനം ശ്രദ്ധിക്കുന്നെന്നു മനസിലായതോടെ സംഘാടകരും പുതിയ പുതിയ സിനിമകള്‍ ആവശ്യപ്പെട്ടു തുടങ്ങി. അതോടെ അതുവരെ ഉത്സവപ്പറമ്പുകള്‍ അടക്കിവാണിരുന്ന കഥാപ്രസംഗത്തിനോടുള്ള ജനങ്ങളുടെ താത്‌പര്യവും നഷ്‌ടപ്പെട്ടു. ക്രമേണ കഥാപ്രസംഗത്തിന്റെ `റോള്‍' അവസാനിച്ചു. റഹീമിന്റെ ഭാഷയില്‍ `കഥാപ്രസംഗം നിന്നു' സിനിമ വളര്‍ന്നു. ഫിലിം ഇടയ്‌ക്കു പൊട്ടുന്നതും ശബ്‌ദത്തിന്റെ അവ്യക്‌തതയുമായിരുന്നു പ്രശ്‌നം.

16 എം.എം. സിനിമ 35 എം.എമ്മിലേക്കു മാറിയതായിരുന്നു അടുത്ത പ്രതിസന്ധി. 16 എം.എം. സിനിമയുടെ ഇരട്ടിയിലേറെത്തുക 35 എം.എം. പ്രദര്‍ശനത്തിനാകും. കളര്‍ സിനിമകള്‍ വ്യാപകമായതും ഇടയ്‌ക്ക്‌ പ്രതിസന്ധിയുണ്ടാക്കി. എന്നാല്‍ അപ്പോഴേക്കും ഉത്സവപ്പറമ്പുകളുടെ ഉറ്റതോഴനായി റഹീം മാറിയിരുന്നു. ഒരു സിനിമയുടെ രണ്ടു പ്രിന്റുമായി പതിനാറിടത്തു പ്രദര്‍ശനം നടത്തിയിരുന്ന `സര്‍ക്കസ്‌' വിദ്യയും റഹീം ഓര്‍ക്കുന്നു. ഒരിടത്ത്‌ ഓടിത്തീര്‍ന്ന ഒന്നാം റീലുമായി രണ്ടാമത്തെ ഉത്സവപ്പറമ്പിലേക്ക്‌. അപ്പോഴേക്കും ആദ്യത്തെ ഇടത്ത്‌ രണ്ടാമത്തെ റീല്‍ തീര്‍ന്നിരിക്കും. അതുമായി രണ്ടാമത്തെ ഉത്സവപ്പറമ്പിലേക്ക്‌. അവിടെ ഓടിത്തീര്‍ന്ന ഒന്നാമത്തെ റീലുമായി മൂന്നാമത്തെ ഉത്സവപ്പറമ്പിലേക്ക്‌... ഇതിങ്ങനെ പതിനാറിടം വരെ നീളും. ഇടയ്‌ക്കു പവര്‍കട്ടുണ്ടാകുമ്പോഴാണ്‌ ഇതിനു താളം തെറ്റുക. പിന്നീട്‌ ജനങ്ങളുണ്ടാക്കുന്ന `ഫീഡ്‌ബാക്ക്‌' അടിയില്‍ വരെയെത്തും. ജോണ്‍ എബ്രഹാമിനെപ്പോലുള്ള ചലച്ചിത്രകാരന്മാരുമായി അടുത്തബന്ധമായിരുന്നു റഹീമിന്‌. റഹീം കാലത്തിനൊത്ത്‌ വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നതും ജോണ്‍ എബ്രഹാം ആയിരുന്നു. `നിന്റെ സിനിമകള്‍ ഞാന്‍ കത്തിച്ചുകളയുമെന്നായിരുന്നു മിക്കപ്പോഴും ഭീഷണിയെന്ന്‌' റഹിം ചിരിച്ചുകൊണ്ട്‌ ഓര്‍ക്കുന്നു.

റിലീസിനുശേഷം പതിനെട്ടു ദിവസം കഴിഞ്ഞാലാണ്‌ ഒരു സിനിമയുടെ പകര്‍പ്പു കിട്ടുക. ടി.വി. പോലുള്ള മാധ്യമങ്ങള്‍ വ്യാപകമായെങ്കിലും പാലക്കാട്‌, തൃശൂര്‍ ജില്ലകളിലായി ഇന്നും 600 സിനിമ കളിക്കാറുണ്ട്‌. പഴയ 16 എം.എം. പ്രൊജക്‌ടറില്‍നിന്ന്‌ ടെക്‌നോളജി വളര്‍ന്നപ്പോള്‍ ഒപ്പം വളരാന്‍ റഹീമും മടിച്ചില്ല. ഇപ്പോള്‍ ഡിജിറ്റല്‍ പ്രൊജക്‌ടറും പ്ലാസ്‌മ സ്‌ക്രീനും ഉപയോഗിച്ചാണു പ്രദര്‍ശനം. ഇനിയത്‌ എല്‍.ഇ.ഡി. സ്‌ക്രീന്‍ ഇറങ്ങാന്‍ നോക്കിയിരിക്കുകയാണ്‌ റഹീം. ഇത്രയൊക്കെയാണെങ്കിലും പഴയ സിനിമകളുടെ ശേഖരം കൈവിടാന്‍ റഹീം തയാറല്ല. 700 സിനിമകളുടെ അടക്കം അതിഗംഭീരന്‍ സിനിമാ ശേഖരം റഹീമിന്റെ പക്കലുണ്ട്‌. ഇവയില്‍ പലതിന്റെയും നെഗറ്റീവുകള്‍ ലാബുകളുടെ കൈയില്‍ പോലുമില്ല. ഇതില്‍ ഏറ്റവും അമൂല്യം കള്ളിയങ്കാട്ടു നീലിയാണെന്ന്‌ റഹീം പറയുന്നു. ഇതിനു ലക്ഷം തരാമെന്നു പറഞ്ഞാലും കൊടുക്കില്ല. ചോറ്റാനിക്കരയമ്മ എന്ന സിനിമയുടെ നെഗറ്റീവ്‌ നഷ്‌ടപ്പെട്ടപ്പോള്‍ റഹീമിനെയാണു സമീപിച്ചത്‌. നെഗറ്റീവ്‌ നഷ്‌ടപ്പെട്ട ഓളവും തീരവും എന്ന സിനിമയുടെ പ്രിന്റും റഹീമാണു നല്‌കിയത്‌. ഇത്രയും വലിയൊരു ശേഖരം കൈയിലുണ്ടായിട്ടും അതൊക്കെ സംരക്ഷിക്കാന്‍ പെടാപ്പാടു പെടുകയാണ്‌ റഹീം. പൂപ്പല്‍ പിടിക്കാതിരിക്കാന്‍ താത്‌കാലികമായി തുണിയില്‍ പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്നു. ഇതും ശാശ്വതമല്ല. തനിക്കുശേഷം മകനു നല്‌കുമെന്നു പറയുന്ന റഹീം പക്ഷേ, ഇതെത്രകാലം എന്നോര്‍ത്ത്‌ ആശങ്കപ്പെടുന്നു. ഇവയ്‌ക്കൊപ്പം ഇരുപതോളം 16 എം.എം. പ്രൊജക്‌ടറുകളും ഗോഡൗണില്‍ ഉറക്കത്തിലാണ്‌. വല്ലപ്പോഴും കൗതുകത്തിനായി ആരെങ്കിലും വന്നുനോക്കുമെന്നല്ലാതെ ഇവയ്‌ക്കും പ്രത്യേകിച്ചു ജോലിയൊന്നുമില്ല. ഇന്നും വിളിച്ചാല്‍ ഉത്‌സവപ്പറമ്പുകളില്‍ പ്രദര്‍ശനത്തിനു തയാറാണെന്നാണ്‌ റഹീം പറയുക. സിനിമാ പ്രദര്‍ശനം തീയറ്ററുകളിലെത്തിയപ്പോള്‍ ജനങ്ങള്‍ക്കു നഷ്‌ടപ്പെട്ട പ്രതികരണശേഷിയാണ്‌ റഹീമിനെ സങ്കടപ്പെടുത്തുന്നത്‌. റഹീമിനെപ്പോലെ ഏകദേശം നൂറ്റിപ്പതിനാറോളം ആളുകള്‍ ഈ രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്‌ ശേഷിക്കുന്നത്‌. അതിലൊരാള്‍ ഇരിങ്ങാലക്കുടക്കാരന്‍തന്നെയാണ്‌. എങ്കിലും റഹീം പിന്മാറാന്‍ തയാറല്ല. ഒരിക്കല്‍ കയറിക്കൂടിയ സിനിമാക്കമ്പം ഇന്നും വിട്ടുമാറിയിട്ടില്ലെന്നാണ്‌ റഹീം ഇതിനു പറയുന്ന കാരണം. സാധാരണക്കാരന്റെ അടുത്തേക്കു സിനിമയെത്തിച്ച ഈ `ചലച്ചിത്രകാരന്‍' ഈയൊരാവേശത്തില്‍ത്തന്നെയാണ്‌ മുന്നോട്ടുപോകുന്നതും.