Wednesday, November 26, 2008

പാവങ്ങളുടെ `അമ്മ'

മുറിക്കുള്ളില്‍ ശവമടക്കേണ്ടിടത്തോളം ഭൂമിയുടെ അസന്തുലിതാവസ്‌ഥ നിലനില്‍ക്കുന്ന നമ്മുടെ നാടിന്‌ കണ്ടു പഠിക്കാവുന്ന ഒരാള്‍. സ്വന്തം കീശ വീര്‍പ്പിക്കുന്നതിനു നടത്തുന്ന ദളിത്‌ വാചകമടിക്കപ്പുറം പോരാട്ടം ജീവിതത്തോടൊട്ടിച്ചുചേര്‍ത്ത വ്യക്‌തിത്വം. അതാണ്‌ തമിഴ്‌നാടിന്റെ ഈ അമ്മ. അവരുടെ സ്വപ്‌നങ്ങള്‍ ഇപ്പോള്‍ പൂക്കുന്നത്‌ ഈ വൃദ്ധ ദമ്പതികള്‍ക്കൊപ്പം. അതാണ്‌ ഈ അമ്മ.

നേരം പരപരാ വെളുക്കുന്നതിനു വളരെ മുമ്പേ ബാത്തലഗുണ്ടിലെ ചെറിയ വീട്ടില്‍ നാഗമ്മാള്‍ വിളക്കു തെളിയിക്കും. തലേന്നത്തെ ജോലിയുടെ ചടപ്പും ക്ഷീണവും മാറിയിട്ടില്ലായിരിക്കും. അപ്പോള്‍ എഴുന്നേറ്റെങ്കില്‍ മാത്രമേ ഏഴുമൈല്‍ അപ്പുറമുള്ള പാടത്തു കൊയ്‌ത്തിന്‌ എത്താന്‍ കഴിയൂ. കൊയ്‌തുകൂട്ടി നെല്ലളന്നു പതം നിശ്‌ചയിച്ചാലാണ്‌ പിന്നീടൊന്നു നടു നിവര്‍ത്തുക. ശേഷംജന്മി കനിഞ്ഞുനല്‍കുന്ന ഇത്തിരി നെല്ലുമായി വീട്ടിലേക്ക്‌ ഓടും. അപ്പോഴേക്കും സ്‌കൂളില്‍നിന്നെത്തിയ മകള്‍ തളര്‍ന്നുറങ്ങിയിട്ടുണ്ടാകും. അന്നു നാലാംക്ലാളില്‍ പഠിക്കുകയായിരുന്ന ഏക മകളെച്ചൊല്ലി ആ അമ്മ ഏറെ അഭിമാനിച്ചിരുന്നു. പിന്നീട്‌ പതിനായിരക്കണക്കിനു ദളിതരുടെ അമ്മയായി മാറിയ കൃഷ്‌ണമ്മാള്‍ ആയിരുന്നു ആ പെണ്‍കുട്ടി. പട്ടിണിയും അവഗണനയും പീഡനവും മാത്രമുണ്ടായിരുന്ന പഴയ തമിഴ്‌ ദളിത്‌ കുടുംബത്തില്‍നിന്ന്‌ അന്നു സ്‌കൂളില്‍ പോയിരുന്നത്‌ കൃഷ്‌ണമ്മാള്‍ മാത്രമായിരുന്നു. അവിടത്തെ ഏക വിദ്യാസമ്പന്ന. അവിടെനിന്ന്‌ ഈ ബാലിക വളരെ വളര്‍ന്നു. അന്നു നാട്ടിലുണ്ടായിരുന്ന അനീതികള്‍ക്കെതിരേ വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തില്‍ ഒരുപാടു പോരാട്ടങ്ങള്‍ നടത്തി. അതിന്റെ അംഗീകാരമെന്നോണം കൃഷ്‌ണമ്മാളിനെ തേടിയെത്തിയത്‌ സമാന്തര നോബല്‍ സമ്മാനമെന്നറിയപ്പെടുന്ന റൈറ്റ്‌ ലൈവ്‌ലിഹുഡ്‌ അവാര്‍ഡായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട `അമ്മ' പിന്നീട്‌ ഭൂരഹിതരുടെ അമ്മയായി. കൃഷ്‌ണമ്മാളിന്റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനാളുകള്‍ക്കു ഭൂമിയും വീടും ലഭിച്ചു. ഇതിനായി നാട്ടിലെ സവര്‍ണര്‍ക്കും മറ്റ്‌ ധനികര്‍ക്കും എതിരേ കൃഷ്‌ണമ്മാള്‍ നിരവധി സമരങ്ങള്‍ നയിച്ചു. നിസഹകരണമെന്ന ഗാന്ധിമാര്‍ഗത്തിലൂന്നിയാണ്‌ കൃഷ്‌ണമ്മാള്‍ സമരമുഖങ്ങളിലെ പെണ്‍സിംഹമായത്‌. കൃഷ്‌ണമ്മാളിനൊപ്പം ഭര്‍ത്താവ്‌ ശങ്കരലിംഗം ജഗന്നാഥനും സമരങ്ങളില്‍ സജീവമായിരുന്നു. ഇരുവരും ചേര്‍ന്നു സ്‌ഥാപിച്ച ലഫ്‌റ്റി(ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം) ഫൗണ്ടേഷന്‍ ഭൂമിയില്ലാത്തവര്‍ക്കു ഭൂമി വാങ്ങി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. എലികള്‍ നിറഞ്ഞ മണ്‍വീടുകളിലെ അനാരോഗ്യകരമായ ജീവതം ഉപേക്ഷിക്കാന്‍ സമയംകഴിഞ്ഞു എന്ന്‌ ഇവര്‍ ഉറക്കെപ്പറഞ്ഞു. ചളിയില്‍ കുഴഞ്ഞുകിടന്ന ജീവതിത്തിലേക്ക്‌ പ്രതീക്ഷയായാണ്‌ അവര്‍ കടന്നെത്തിയത്‌. ഇന്നലെകള്‍ അവരുടെ ജീവിതങ്ങളെ ചവിട്ടിമെതിച്ചെങ്കില്‍ ഇന്നവര്‍ക്കു താങ്ങായി ഈ ദമ്പതികളുണ്ട്‌. പ്രയാധിക്യം മറന്ന്‌ ഇവര്‍ക്കുവേണ്ടി ഓടിയെത്താന്‍ ഇവര്‍ക്കു മടിയില്ല. കൃഷ്‌ണമ്മാള്‍-ജഗന്നാഥന്‍ ദമ്പതികളുടെ പ്രവര്‍ത്തനങ്ങള്‍ ഭൂമിയും വീടുമില്ലാത്ത പതിനായിരങ്ങള്‍ക്കാണ്‌ താങ്ങായത്‌. ഉറപ്പുള്ള ഇഷ്‌ടിക വീടെന്ന ദളിതരുടെ സ്വപ്‌നം ഈ ദമ്പതികളിലൂടെയാണ്‌ ഇവര്‍ യാഥാര്‍ഥ്യമാക്കിയത്‌.

തൊട്ടുകൂടായ്‌മയുടെ ബാല്യം

തൊട്ടുകൂടായ്‌മയുടേയും തീണ്ടിക്കൂടായ്‌മയുടേയും വിവിധഭാവങ്ങള്‍ ഭരിച്ചിരുന്ന കാലഘട്ടത്തില്‍ ദളിത്‌ വിഭാഗത്തില്‍നിന്നൊരാള്‍ സ്‌കൂളില്‍ പോകുകയെന്നത്‌ സങ്കല്‍പത്തിനും അപ്പുറമായിരുന്നു. പട്ടിണിയും പീഡനവും ചൂഷണവും പല്ലുകളാഴ്‌ത്തിയിരുന്ന സമൂഹത്തില്‍ വിദ്യാഭ്യാസം നേടുകയെന്ന വെല്ലുവിളിയേറ്റെടുക്കാന്‍ തീയില്‍ പിറന്ന കൃഷ്‌ണമ്മാള്‍ക്കുപോലും പൊരുതേണ്ടിവന്നു. മുപ്പത്തിരണ്ടാം വയസില്‍ വിധവയായിത്തീര്‍ന്ന നാഗമ്മാളുടെ പന്ത്രണ്ടു മക്കളില്‍ ഒരാളായി1926 ജൂണ്‍ പതിനാറിന്‌ ബാത്തല്‍ഗുണ്ടിലെ ഭൂരഹിത ദളിത്‌ കുടുംബത്തിലായിരുന്നു ജനനം. ആറുപേര്‍ വിവിധ സാഹചര്യങ്ങളില്‍ മരിച്ചു. ഏറെയും പട്ടിണി മൂലവും രോഗം കൊണ്ടും. കുട്ടികളെ വളര്‍ത്തുന്നതിന്‌ പൂര്‍ണഗര്‍ണിയായിരിക്കുമ്പോള്‍ പോലും കൃഷ്‌ണമ്മാളുടെ അമ്മ കൂലിപ്പണിക്കുപോയി. വിദ്യാഭ്യാസമില്ലാത്ത അവരുടെ ആഗ്രങ്ങളിലൊന്നായി കുട്ടികളുടെ വിദ്യാഭ്യാസം. ഇതുതന്നെയാണ്‌ കൃഷ്‌ണമ്മാള്‍ക്കു പ്രചോദനമായതും. ഗാന്ധിജിയുടെ സാമൂഹിക നവോത്ഥാന പരിപാടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ്‌ പിന്നീടു ഭര്‍ത്താവായിത്തീര്‍ത്ത ശങ്കരലിംഗം ജഗന്നാഥനെ പരിചയപ്പെടുന്നത്‌. സമൂഹത്തിലെ കാടത്തങ്ങള്‍ കണ്ടുവളര്‍ന്ന കൃഷ്‌ണമ്മാളുടെ സമാന ചിന്താഗതിക്കാരനായിരുന്ന ശങ്കരലിംഗം. സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു ശങ്കരലിംഗത്തിനിഷ്‌ടം. 1930-ല്‍ ബിരുദ പഠനത്തിനിടെ ഗാന്ധിയുടെ നിസഹകരണ പ്രസ്‌ഥാനത്തില്‍ ആകൃഷ്‌ടനായി പഠനം ഉപേക്ഷിച്ചു. സര്‍വോദയ പ്രസ്‌ഥാനവുമായി യോജിച്ചു പ്രവര്‍ത്തിച്ചു. ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത്‌ 1942 മുതല്‍ നിരവധി വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞു. പരിചയപ്പെട്ടിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വതന്ത്ര ഇന്ത്യയില്‍വച്ചു മാത്രമേ വിവാഹമുളളൂ എന്നു പ്രതിജ്‌ഞയെടുത്ത ഇരുവരും 1950-ലാണു വിവാഹം കഴിക്കുന്നത്‌. ഇരുവരും ചേര്‍ന്നു ദളിതരുടെ ഉന്നമനത്തിനായി ഏഴോളം സ്വതന്ത്ര സംഘടനകള്‍ രൂപീകരിച്ചു. മധുര സര്‍വകലാശാലയുടെ ഗാന്ധിഗ്രാം ട്രസ്‌റ്റിന്റെ സെനറ്റ്‌ അംഗം, സ്‌റ്റേറ്റ്‌ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി അംഗം, നാഷണല്‍ കമ്മിറ്റി ഓഫ്‌ എജ്യുക്കേഷന്‍ അംഗം, ആസൂത്രണ കമ്മിഷന്‍ അംഗം എന്നീ നിലകളിലും കൃഷ്‌ണമ്മാള്‍ സജീവമായി പ്രവര്‍ത്തിച്ചു. 1950 മുതല്‍ 1952 വരെ വിനോബാഭാവെയ്‌ക്കൊപ്പം ബിഹാറിലായിരുന്നു ശങ്കരലിംഗം. സമ്പരുടെ ഭൂമിയുടെ ആറിലൊന്നു പാവങ്ങള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട്‌ ഭൂദാന പദയാത്രയ്‌ക്കു നേതൃത്വം നല്‍കി. വധഭീഷണിയടക്കം നിരവധി എതിര്‍പ്പുകള്‍ നേരിട്ടു. പലപ്പോഴും ജന്മികളുടെ ഗുണ്ടകളില്‍നിന്നുള്ള മര്‍ദനവും ഏല്‍ക്കേണ്ടി വന്നു. ഇതിനിടെ മഥുരയില്‍ കൃഷ്‌ണമ്മാള്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. ബിഹാറിലെ സമരത്തെത്തുടര്‍ന്നു തമിഴ്‌നാട്ടില്‍ ഭൂദാന്‍ പ്രസ്‌ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരിച്ചെത്തി. ഗാന്ധിയന്‍ ദര്‍ശനത്തിലൂന്നിയ സത്യഗ്രഹ സമരമായിരുന്നു ഇവരുടേത്‌. ദരിദ്രരേയും ദളിതരേയും ഉള്‍ക്കൊള്ളിച്ചു സമരം ശക്‌തമാക്കി. ഇതിനിടെ പലപ്പോഴും ജയില്‍ശിക്ഷ അനുഭവിച്ചു. കൃഷ്‌ണമ്മാളിന്റെയും ശങ്കരലിംഗത്തിന്റെയും സജീവമായ ഇടപെടലിലൂടെ നാലു മില്യണ്‍ ഏക്കര്‍ ഭൂമി പാവങ്ങള്‍ക്കായി വീതിച്ചു നല്‍കി. 1968-ല്‍ രൂപീകരിച്ച ശങ്കരാ അസോസിയേഷന്‍ ഓഫ്‌ സര്‍വസേവാ ഫാര്‍മേഴ്‌സ്‌ രുപീകരിച്ചു. ഭൂമിയുടെ ആസൂത്രണത്തിനായിരുന്നു സംഘടന ഊന്നല്‍ നല്‍കിയിരുന്നത്‌.

എരിഞ്ഞുകത്തിയ ഓര്‍മകള്‍

ജോലിക്കു കൂലി എന്നത്‌ ഒരു സ്വപ്‌നമായിരുന്ന കാലത്താണ്‌ ഒരുസംഘം ദളിതരുള്‍പ്പെടുന്ന തൊഴിലാളികള്‍ കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു തഞ്ചാവൂര്‍ ജില്ലയില്‍ സമരം ആരംഭിച്ചത്‌. വിയര്‍പ്പൊഴുക്കിയിട്ടും പട്ടിണിമാത്രം ബാക്കിയുള്ളവരുടെ സമരത്തെ ഭൂപ്രഭുക്കള്‍ അടിച്ചമര്‍ത്തിയതു സ്‌ത്രീകളടക്കം നാല്‍പത്തിരണ്ടോളം ദളിതരെ ചുട്ടുകൊന്നുകൊണ്ടായിരുന്നു. 1968-ല്‍ നടന്ന ഈ സംഭവം തഞ്ചാവൂരിലേക്ക്‌ ഇവരുടെ ശ്രദ്ധ തിരിച്ചു. ജാതീയതയുടെ കോമ്പല്ലുകള്‍ ആഴ്‌ന്നിറങ്ങിയ സമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്കു തളര്‍ച്ചയുണ്ടാകാന്‍ ഈ ഒരൊറ്റക്കാരണം മതിയായിരുന്നു. എന്നാല്‍ ഇവയൊന്നും കൃഷ്‌ണമ്മാളിന്റെ പ്രവര്‍ത്തനത്തെ പിന്നോട്ടടിച്ചില്ല. കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട്‌ അവര്‍ സമൂഹത്തില്‍ കൂടുതല്‍ സജീവമായി. വെല്ലുവിളകള്‍ ഏറ്റെടുക്കാനുള്ള ദൈവത്തിന്റെ ആഹ്വാനമെന്നായിരുന്നു ഈ സംഭവത്തെ കൃഷ്‌ണമ്മാള്‍ വിശേഷിപ്പിച്ചത്‌. ഇതിനുശേഷം 1975-ല്‍ ബിഹാറിലെ ബോധഗയ ക്ഷേത്രത്തിന്റെ ഭൂമി പാവങ്ങള്‍ക്കു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്‌ കൃഷ്‌ണമ്മാളും ശങ്കരലിംഗവും സമരമാരംഭിച്ചു. സമരത്തിനു പിന്തുണ നല്‍കി ജയപ്രകാശ്‌ നാരായണനും രംഗത്തെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയായ സംഘര്‍ഷ്‌ വാഹിനിയും സമരത്തിനു പിന്തുണ നല്‍കി. സമരം മൂര്‍ഛിച്ചതോടെ നിരവധി ഭീഷണികളും ലഭിച്ചു. ഗുണ്ടകളുടെ നേതൃത്വത്തില്‍ സമരക്കാര്‍ക്കുനേരേ അക്രമവും അഴിച്ചു വിട്ടു. ഈ സമയം പോലീസ്‌ ഏകപക്ഷീയമായി കണ്ണടയ്‌ക്കുകയായിരുന്നു. ക്ഷേത്ര അധികൃതരുടെ ഒത്താശയോടെ പോലീസ്‌ കൃഷ്‌ണമ്മാളിനെ അറസ്‌റ്റ്‌ ചെയ്യാനെത്തിയെങ്കിലും അവിടെനിന്നു രക്ഷപെട്ട്‌ തമിഴ്‌നാട്ടില്‍ തിരിച്ചെത്തി. കൃഷ്‌ണമ്മാള്‍ മടങ്ങിയതോടെ സംഘര്‍ഷ്‌ വാഹിനി സമരം ഏറ്റെടുത്തു. ഗയയിലെ കലക്‌ടറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്‌ 2400 ഏക്കര്‍ ക്ഷേത്രഭൂമി പാവങ്ങള്‍ക്കു വിട്ടുനല്‍കി. ഇന്ത്യയിലങ്ങോളം സ്‌ത്രീകള്‍ക്കു നേരേ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേയും ഇരുവരും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം

ഭൂമി വിലയ്‌ക്കെടുത്ത്‌ കൃഷിക്കാര്‍ക്കു വിട്ടുനല്‍കുന്നതിന്‌ കൃഷ്‌ണമ്മാളും ശങ്കരലിംഗവും ചേര്‍ന്ന്‌ 1981 ലഫ്‌റ്റി(ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം) രൂപീകരിച്ചു. സഹകരത്തിലൂന്നിയ പ്രവര്‍ത്തനമായിരുന്നു സംഘടനയുടേത്‌. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വായ്‌പ നിരസിച്ചിരുന്ന ബാങ്കുകള്‍ ലഫ്‌റ്റിയുടെ പ്രവര്‍ത്തനം വ്യാപിച്ചതോടെ വായ്‌പകള്‍ അനുവദിച്ചു. 2007 വരെ ലഫറ്റി 13,000 ഏക്കര്‍ ഭൂമി വീതിച്ചു നല്‍കി. കൃഷിപ്പണികള്‍ക്കു പ്രാമുഖം നല്‍കിയായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം. ഭൂദാന്‍ പ്രസ്‌ഥാനത്തിനു പുറമേ പരവതാനി, കയര്‍, എന്നിവയുടെ നിര്‍മാണം, മരപ്പണി, മത്സ്യബന്ധനം എന്നിവയ്‌ക്കും മന്‍ഗണ നല്‍കിയാണ്‌ ലഫ്‌റ്റിയുടെ പ്രവര്‍ത്തനം. കിഴക്കന്‍ തഞ്ചാവൂര്‍ ജില്ലയില്‍ മാത്രം നൂറോളം ഗ്രമീണ കമ്മിറ്റികള്‍ രൂപീകരിച്ചു. മുപ്പതോളം വരുന്ന സന്നദ്ധ സേവകരുടെ നേതൃത്വത്തിലാണ്‌ ഇപ്പോള്‍ സംഘടനയുടെ പ്രവര്‍ത്തനം. എണ്‍പതുകളില്‍ കാവേരി ഡല്‍റ്റയിലെ ചെമ്മീന്‍ കമ്പനികളുടെ ചൂഷണത്തിനെതിരേയും ഇവര്‍ പ്രചാരണം നടത്തി. കമ്പനികള്‍ക്കെതിരേ സുപ്രീം കോടതിയുടെ വിധി വന്നതോടെ ഈ സമരവും അവസാനിപ്പിച്ചു. സമരത്തിന്റെ വഴിയില്‍ പിന്‍നടത്തമില്ലാതെയായിരുന്നു ഇരുവരുടേയും പ്രവര്‍ത്തനം. വെല്ലുവിളികള്‍ പുഞ്ചിരികൊണ്ടു പ്രതിരോധിച്ചുകൊണ്ട്‌ ഇക്കാലമത്രയും പരസ്‌പം ഊന്നുവടികളായി....ഇന്ത്യയുടെ ആത്മാവ്‌ ഗ്രാമങ്ങളിലാണെന്ന്‌ ഗാന്ധിജി പറഞ്ഞു. എന്നാല്‍ ആ വാക്കുകള്‍ യാഥാര്‍ഥ്യബോധത്തോടെ ഏറ്റെടുക്കാന്‍ ആര്‍ക്കുമായില്ല. ഇതിനായി എത്തിച്ചേര്‍ന്നവരുടെ ഉദ്ദേശ്യ ശുദ്ധിയും പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടു. അവിടെയാണ്‌ ഈ അവധൂതന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന വൃദ്ധ ദമ്പതികള്‍ എത്തിച്ചേര്‍ന്നത്‌. തമിഴ്‌ഗ്രാമങ്ങളില്‍ അവര്‍ പ്രതീക്ഷയുടെ തിരികള്‍ തെളിയിക്കുകയാണ്‌. പണ്ട്‌ കൃഷ്‌ണമ്മാളിന്റെ അമ്മ തെളിയിച്ചിരുന്ന വിളിക്കിന്റെ ഊര്‍ജം അതില്‍ കാണാം. തമിഴ്‌മക്കളുടെ സ്വപ്‌നങ്ങള്‍ ഒന്നായി ഈ നറുതിരിവെട്ടത്തില്‍ മെല്ലെ തെളിഞ്ഞുവരുന്നു. എണ്‍പത്തിരണ്ടു വയസിലെത്തിയ കൃഷ്‌ണമ്മാള്‍ക്കും തൊണ്ണൂറ്റിഅഞ്ചിലെ്‌ത്തിയ ശങ്കരലിംഗത്തിനും ഇനിയും നടക്കാനേറെയുണ്ട്‌. നടവഴികള്‍ക്കിരുപുറവുമുള്ള ആത്മാവുകളെ കണ്ടെത്തുന്നതിനായി...

2 comments:

Unknown said...

ഇതു വായിച്ചു കഴിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.ഇങ്ങനെയുള്ള ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ

K V Madhu said...

kanpolakal murich mattappettavan enthu cheyyam.. alle...