Wednesday, June 24, 2009

ആനയും ആദിവാസിയും ആര്‍ക്കുവേണം ?

കാടു മുടിക്കാം.... കറന്റെടുക്കാനാണെങ്കില്‍ !

നട്ടുച്ചയ്‌ക്കും ഇരുട്ടു പരന്നുകിടക്കുന്ന ഉള്‍ക്കാട്‌. അകലെനിന്നു തന്നെ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം കേള്‍ക്കാം. അടുത്തുചെന്നു മുകളില്‍നിന്ന്‌ ഒന്നേനോക്കിയുളളൂ. അപ്പോഴേക്കും പിന്നില്‍നിന്നു വിളിവന്നു. അവിടേയ്‌ക്കധികം പോകണ്ടാ... മഴ പെയ്‌തു വഴുക്കലുണ്ടാകും. വീണാല്‍ പൊടിപോലും കിട്ടത്തില്ല. കൂടെയുളളവരുടെ മുന്നറിയിപ്പ്‌. മഴക്കാലത്തു കുലംകുത്തിയൊഴുകുന്ന പെരിയാര്‍ ഇക്കുറി ശക്‌തി കുറച്ചപോലെ. എങ്കിലും താഴേയ്‌ക്കുള്ള ഒഴുക്കിനു നല്ല വേഗം. തുടര്‍ച്ചയായി അട്ടകടിച്ചതിന്റെ ചൊറിച്ചില്‍ കാലില്‍. പൂയംകുട്ടി വൈദ്യുതി പദ്ധതിക്കായി അണക്കെട്ടു നിര്‍മിക്കാന്‍ പോകുന്ന പിണ്ടിമേടുകുത്തിലെ വെള്ളച്ചാട്ടത്തിനരികിലായിരുന്നു അപ്പോള്‍. ``നിറയെ അട്ടയാണ്‌. ഞങ്ങള്‍ക്കിതൊക്കെ നല്ല പരിചയം. ഇടയ്‌ക്ക്‌ കാടുകാണാനെത്തുന്നവര്‍ക്കാണ്‌ ഇക്കൂട്ടര്‍ ശല്യക്കാര്‍''-കൂടെയെത്തിയ ആദിവാസിയുടെ കമന്റ്‌. കാലില്‍ തേച്ചിരുന്ന ചന്ദ്രിക സോപ്പും പുകയിലയുമാണ്‌ ആകെയുള്ള പ്രതിരോധം.

മഴയും കാട്ടാനയുടെ ശല്യവും എല്ലാം കൂടി ആദിവാസികളുടെ ജീവിതം ഇപ്പോള്‍ ദുരിതമാണ്‌. എന്നാല്‍, ഇപ്പോള്‍ ഇവരുടെ ആശങ്കകളൊക്കെ അണക്കെട്ടിനെപ്പറ്റിയാണ്‌. അണക്കെട്ടു വന്നാല്‍ ഇവിടെനിന്നും കുടിയിറങ്ങേണ്ടി വരുമെന്നത്‌ ഇവരെ തളര്‍ത്തുന്നു. എന്നും പൂയംകുട്ടിയാറിനരികിലൂടെ കാട്ടിനുള്ളിലേക്ക്‌ ഊളിയിടുന്ന ആദിവാസികള്‍ക്ക്‌ കാട്‌ കൈരേഖകള്‍പോലെ പരിചിതം. ഇലയനക്കം കേട്ടാല്‍ പോലും മനസിലാകും കാടിന്റെ ഭാഷ. പ്രഭാതങ്ങളില്‍ ഉള്‍ക്കാട്ടിനുള്ളിലേക്കു കടക്കുന്ന ഇവര്‍ തിരകെയെത്തണമെങ്കില്‍ സൂര്യന്‍ മറയണം. അതുവരെ കാടാണിവര്‍ക്ക്‌ അമ്മയും അച്‌ഛനും ദൈവവുമെല്ലാം. ഇടയ്‌ക്ക്‌ കലികയറിയെത്തുന്ന കാട്ടാനകളെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും സുരക്ഷിത സ്‌ഥലം. എന്നേയ്‌ക്കുമായി അവസാനിക്കുന്നതും പ്രകൃതിയുടെ ഈ സുരക്ഷിതത്വമാണ്‌. കാടിന്റെ അവസാന തുടിപ്പിനെയും ശ്വാസംമുട്ടിച്ചുകൊന്നുകൊണ്ടാണ്‌ ഇവിടെ അണക്കെട്ടുയരാന്‍ പോകുന്നത്‌. ``ഞങ്ങള്‍ എങ്ങോട്ടുപോകും? ഇതൊരു മുഴങ്ങുന്ന ചോദ്യമാണ്‌. എന്നാല്‍, ഈ പരിദേവനങ്ങളൊക്കെയും പലപ്പോഴും കാടിനപ്പുറത്തേയ്‌ക്ക്‌ എത്താറില്ലെന്നതു വാസ്‌തവം. പട്ടിണിയും അവഗണനയും പീഡനങ്ങളും കുടിയൊഴിപ്പിക്കലുകളുടെയും കഥകള്‍ക്കിടയിലും ഇവര്‍ക്കു കാടായിരുന്നു ആശ്രയം. ചെങ്കുളം ഡാം നിര്‍മാണത്തിനുവേണ്ടിയാണ്‌ ഇവരെ ആദ്യം കുടിയൊഴിപ്പിച്ചത്‌. പിന്നീട്‌ തുടര്‍ച്ചയായി നിരവധി തവണ ഇതാവര്‍ത്തിച്ചു. പദ്ധതി വന്നാല്‍ ഇവിടെനിന്നും ഇറങ്ങേണ്ടി വരും.

ഹിന്ദുസ്‌ഥാന്‍ കമ്പനിക്കുവേണ്ടി ഈറ്റ വെട്ടിയും, പട്ടിണിയകറ്റാന്‍ മാത്രം കാട്ടുതേനും മറ്റു വനവിഭവങ്ങളും ശേഖരിച്ചു ജീവിക്കുന്നവര്‍. കാടിനെ സ്‌നേഹിക്കുന്നവര്‍. സ്വന്തമായി ഭൂമിയെന്ന അലമുറയിടലല്ല ഇപ്പോള്‍ ഇവരുടെ വാക്കുകളില്‍. അതൊക്കെ എന്നേ ഇവര്‍ അവസാനിപ്പിച്ചിരിക്കുന്നു. ജീവിതത്തിലെ അവസാന പച്ചപ്പും മുക്കിക്കളയുന്നതിലാണ്‌ ആശങ്കകള്‍ നിഴലിക്കുന്നത്‌. എന്നാല്‍ അണക്കെട്ടു വരുന്നതിനെ അനുകൂലിക്കുന്നവരും നാട്ടുകാരുടെ ഇടയിലുണ്ട്‌. കാടുകൈയേറി റബറും മറ്റുകൃഷിയും നടത്തുന്നവര്‍. പൂയംകുട്ടി പദ്ധതിയെപ്പറ്റി അറിയുമ്പോള്‍ തന്നെ ഇവിടെ കൈയേറ്റം ആരംഭിച്ചു. പക്ഷി നിരീക്ഷണത്തില്‍ ലോകം ആദരിച്ചിരുന്ന ഡോ. സലിം അലിയുടെ ഇഷ്‌ടവനമാണ്‌ തട്ടേക്കാട്‌ ഉള്‍പ്പെടുന്ന പൂയംകുട്ടി വനമേഖല. അതീവ ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്ന ഇവിടെ ദേശാടനക്കാരടക്കം 330 പക്ഷിവര്‍ഗങ്ങളുണ്ട്‌. 1950 കളില്‍ ഇവിടെയെത്തിയ സലിം അലിയുടെ ആഗ്രഹം പൂര്‍ത്തിയാകുന്നത്‌്‌ 1983 ലാണ്‌. സലിം അലിയെ ബഹുമാനിച്ചവര്‍ തന്നെ ഇന്ന്‌ നാശത്തിലേക്കുള്ള അവസാന അനുമതിയും മൂളുന്നു. തവളവായന്‍ പക്ഷിയടക്കമുള്ള അപൂര്‍വയിനം പക്ഷികള്‍, നിത്യ ഹരിതവനം, അര്‍ധ നിത്യഹരിത വനം, ഇലപൊഴിയും ഈര്‍പ്പവനം എന്നിങ്ങനെ മൂന്നിനം കാടുകള്‍, ഭൂതത്താന്‍കെട്ടെന്ന പ്രകൃതിജന്യ അണക്കെട്ട്‌- കാടിന്റെ വിശേഷങ്ങള്‍ നീളും. തേക്ക്‌, മഹാഗണി എന്നിവയ്‌ക്കുപുറമേ അത്യപൂര്‍വങ്ങളായ കാട്ടുവൃക്ഷങ്ങള്‍. പെരിയാറിന്റെ കൈവഴിയായ ഇവിടുത്തെ കനത്ത മത്‌സ്യ സമ്പത്തും പക്ഷികളുടെ, പ്രത്യേകിച്ച്‌ നീര്‍പക്ഷികളുടെ ഇഷ്‌ട സങ്കേതമാക്കി മാറ്റി. കടലിനോട്‌ എറ്റവുമടുത്തു സ്‌ഥിതിചെയ്യുന്ന അപൂര്‍വം വനങ്ങളിലൊന്നുമാണിത്‌. എല്ലാം എല്ലാവര്‍ക്കും അറിയാം. പക്ഷേ, കണ്ണടച്ചിരുട്ടാക്കിയാലോ?

പൂയംകുട്ടി പദ്ധതി

വിവിധ കമ്മിഷനുകളുടെ പഠനങ്ങള്‍ക്കുശേഷം കഴിഞ്ഞ മേയ്‌ 21 നാണ്‌ പൂയംകുട്ടി പദ്ധതിക്ക്‌ വൈദ്യുതി ബോര്‍ഡ്‌ അന്തിമ അനുമതി നല്‍കിയത്‌. 1400 ഏക്കര്‍ വനം പദ്ധതിക്ക്‌ ആവശ്യമാണ്‌. പദ്ധതിക്ക്‌ ഏതാണ്ട്‌ ഇത്രയോളം തന്നെ തുക ചെലവും കണക്കാക്കുന്നു. ഇതോടൊപ്പം മറയൂരിന്റെയും കാന്തല്ലൂരിന്റെയും അതിര്‍ത്തിയില്‍ പാമ്പാര്‍പുഴയില്‍ കോവില്‍കടവില്‍ മറ്റൊരു വൈദ്യുതി പദ്ധതി സ്‌ഥാപിക്കാനും തീരുമാനമുണ്ട്‌. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്നു മൂന്നു നദികളില്‍ ഒന്നാണ്‌ പാമ്പാര്‍ പുഴ. മുമ്പ്‌ ഇവിന്റെ അണക്കെട്ടു നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കേന്ദ്ര ജല കമ്മിഷന്‍ ഇടപെട്ട്‌ ഇത്‌ തടഞ്ഞു. തമിഴ്‌നാട്ടിലേക്ക്‌ ജലമെത്തിക്കുന്ന നദിയായതിനാല്‍ തമിഴ്‌നാടിന്റെ ഇടപെടലും ഇതിനു പിന്നിലുണ്ടായിരുന്നു. 1957-ല്‍ വൈദ്യനാഥയ്യര്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ പദ്ധതിയെപ്പറ്റി ആലോചിക്കുന്നത്‌. പിന്നീട്‌ 1981-ല്‍ പൂയംകുട്ടി വൈദ്യുത പദ്ധതിയെപ്പറ്റിയുള്ള ആദ്യ റിപ്പോര്‍ട്ട്‌ വൈദ്യുതി ബോര്‍ഡ്‌ സമര്‍പ്പിച്ചു. പൂയംകുട്ടി ഒന്നാംഘട്ടം, പൂയംകുട്ടി രണ്ടാംഘട്ടം, അപ്പര്‍ ഇടമലയാര്‍, ആനമലയാര്‍, മാങ്കുളം എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളിലായി വൈദ്യുതി പദ്ധതികള്‍ സ്‌ഥാപിക്കാനായിരുന്നു നിര്‍ദേശം. പൂയംകുട്ടി ഒന്നാംഘട്ടത്തില്‍ 148 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ടുണ്ടാക്കി വൈദ്യുതി ഉത്‌പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. കനത്ത വനസമ്പത്തിനു നാശമുണ്ടാകുമെന്നതിനാല്‍ കേന്ദ്രം അനുമതി നല്‍കില്ലെന്ന തിരിച്ചറിവില്‍ 1983-ല്‍ ഇതിന്റെ ഒന്നാം ഘട്ടത്തിന്‌ അനുമതിയാവശ്യപ്പെട്ട്‌ കേന്ദ്രത്തെ സമീപിച്ചു. വനനാശം കുറയ്‌ക്കുന്നതിന്‌ ഡാമിന്റെ ഉയരം പിന്നീട്‌ 120 മീറ്ററാക്കി ചുരുക്കി.

ഇതിന്‌ ആദ്യം അനുമിതി കിട്ടിയെങ്കിലും തുടര്‍ച്ചയായ എതിര്‍പ്പുകളെത്തുടര്‍ന്ന്‌ 1987-ല്‍ കേന്ദ്രം പദ്ധതിക്ക്‌ അനുമതി നിഷേധിച്ചു. പിന്നീട്‌ 1988-ല്‍ പീച്ചിയിലെ കേരളാ വനഗവേഷണ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ കെ.എസ്‌.ഇ.ബിയുടെ നിര്‍ദേശമനുസരിച്ച്‌ പരിസ്‌ഥി നാശത്തെക്കുറിച്ചു പഠനം നടത്തി. 1989-ല്‍ ഇവര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. പൂയംകുട്ടി പദ്ധതി കാടിനും വന്യജീവികള്‍ക്കും വന്‍ നാശമുണ്ടാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്‌. തുടര്‍ന്ന്‌ കേന്ദ്ര പരിസ്‌ഥിതി വകുപ്പ്‌ പദ്ധതിക്ക്‌ അനുമതി നിഷേധിച്ചു. പിന്നീട്‌ 1991-ല്‍ കരുണാകരന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ വീണ്ടും കമ്മിഷനെ വച്ചു. ഇവരുടെ റിപ്പോര്‍ട്ടും എതിരായതിനെത്തുടര്‍ന്ന്‌ 94-ല്‍ കേന്ദ്രം വീണ്ടും അനുമതി നിഷേധിച്ചു. കേന്ദ്രപരിസ്‌ഥിതിമന്ത്രി കമല്‍നാഥായിരുന്നു പദ്ധതിക്കെതിരേ പ്രതികരിച്ചത്‌. തുടര്‍ന്ന്‌ നട്‌കര്‍ണി കമ്മിഷനും സലിംഅലി സെന്റര്‍ഫോര്‍ ഓര്‍ണത്തോളജി ആന്‍ഡ്‌ നാച്ചുറല്‍ ഹിസ്‌റ്ററിയും അന്വേഷിച്ചെങ്കിലും അപൂര്‍വ വനസമ്പത്തു നശിപ്പിക്കുന്നതിന്‌ എതിരായിരുന്നു ഇവരും. കടലിനോടുചേര്‍ന്നുള്ള കേരളത്തിലെ ഏക ലോ ലാന്റ്‌ ഫോറസ്‌റ്റ്‌ നശിപ്പിക്കരുതെന്നായിരുന്നു ഇവരുടെ അഭ്യര്‍ഥന. കമ്മിഷനുകളുടെയും പരിസ്‌ഥിതി സംഘടനകളുടെയും തുടര്‍ച്ചയായ എതിര്‍പ്പിനെത്തുടര്‍ന്നു വര്‍ഷങ്ങളോളം പദ്ധതി മരവിച്ചു കിടന്നു. 2000-ല്‍ കെ.എസ്‌.ഇ.ബി. പൂയംകുട്ടി പദ്ധതിയുമായി വീണ്ടും രംഗത്തെത്തി. ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിനെയാണ്‌ കമ്മിഷനായി നിയമിച്ചത്‌. കെ.എസ്‌.ഇ.ബിക്ക്‌ അനുകൂല റിപ്പോര്‍ട്ട്‌ ഉണ്ടാക്കണമെന്ന നിര്‍ദേശവും ഇവരെ നിയമിക്കുമ്പോള്‍ ഉണ്ടായിരുന്നു. അണക്കെട്ടിന്റെ ഉയരം മുന്നൂറു മീറ്ററായി നിജപ്പെടുത്തിയാല്‍, പദ്ധതികൊണ്ട്‌ വനത്തിനും മറ്റു വന്യ ജീവികള്‍ക്കുമുണ്ടാകുന്ന നാശം അമ്പതുശതമാനം വരെ കുറയ്‌ക്കാമെന്നായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്‌. ഇതോടൊപ്പം വന നാശം 26668.80 ഹെക്‌ടറില്‍നിന്ന്‌ 1351.27 ഹെക്‌ടറായി കുറയ്‌ക്കാമെന്നും ഇവര്‍ പറയുന്നു. പദ്ധതിയുടെ മൊത്തം ഉത്‌പാദനത്തില്‍ ഒമ്പതു ശതമാനം മാത്രമേ കുറവുണ്ടാകൂ എന്നും ഇവര്‍ സമര്‍ഥിക്കുന്നു.

ഇവരുടെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച്‌ 2001-ല്‍ പദ്ധതി ഏറ്റെടുക്കാമെന്നു കേന്ദ്രം അറിയിച്ചു. നാഷണല്‍ ഹൈഡ്രോപവറിനെ പദ്ധതി ഏല്‍പ്പിക്കാനായിരുന്നു തീരുമാനം. ഇന്നു വനംകൈയേറ്റത്തിനെതിരേയും മറ്റും ശബ്‌ദമുയര്‍ത്തുന്ന വി.എസ്‌. അച്യുതാനന്ദന്‍ പോലും അന്നു പദ്ധതിക്കുവേണ്ടി വാദിച്ചു. പ്രതിപക്ഷനേതാവായിരുന്നു അന്നു വി.എസ്‌. തുടര്‍ന്നും നിശബ്‌ദമായിക്കിടന്ന പദ്ധതിക്ക്‌ കഴിഞ്ഞ മാസമാണ്‌ പുനര്‍ജനിയായത്‌.

ജൈവസമ്പത്തിന്റെ കലവറ

ആമസോണ്‍ കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ സമുദ്രത്തിനോട്‌ ഇത്ര അടുത്തുള്ള നിമ്‌ന വനമില്ല. സൈലന്റ്‌ വാലിയും പൂയംകുട്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ. ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്കെതിരേയാണ്‌ ഏറ്റവും അടുത്തകാലത്ത്‌ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത്‌. എന്നാല്‍, ആയിരം ആതിരപ്പള്ളിക്കു സമാനമാണ്‌ ഒരു പൂയംകുട്ടിയെന്ന്‌ പ്രകൃതി സംരക്ഷണ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.പെരിയാര്‍ ടൈഗര്‍ റിസവ്‌ കഴിഞ്ഞാല്‍ ഹൈറേഞ്ചിലെ ഏറ്റവും വലിയ വനപ്രദേശമാണിത്‌. ഹൈറേഞ്ചിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്‌ഥിതിചെയ്യുന്ന ലോലാന്റ്‌ ഫോറസ്‌റ്റ്‌ എന്ന പ്രത്യേകതയും പൂയംകുട്ടിക്കുണ്ട്‌. പെരിയാറിന്റെ ഏറ്റവും പ്രധാന കൈവഴിയാണ്‌ പൂയംകുട്ടിയാര്‍. ഇടുക്കിയിലെ വൈദ്യുതി ഉത്‌പാദനത്തിനുശേഷം പെരിയാറിലൂടെ തിരിച്ചുവിടുന്ന ജലമാണ്‌ പൂയംകുട്ടിയാറിലൂടെ എത്തുന്നത്‌. എറണാകുളം അടക്കമുള്ള സ്‌ഥലങ്ങളില്‍ പെരിയാറ്റിലൂടെ കുടിവെള്ളമെത്തിക്കുന്നതും പൂയംകുട്ടിയാറാണ്‌. പദ്ധതികൊണ്ട്‌ എറണാകുളത്തെ കുടിവെള്ള വിതരണവും പാടെ തടസപ്പെടും. പെരിയാറിന്റെ കൈവഴികളില്‍ അണക്കെട്ടു നിര്‍മിക്കാത്ത ഏക നദിയും ഇതാണ്‌. പൂയംകുട്ടിയാറില്‍ അണക്കെട്ടു നിര്‍മിക്കുന്നത്‌ പിണ്ടിമേടുകുത്ത്‌ വെള്ളച്ചാട്ടത്തിലാണ്‌.

ഏകദേശം നൂറടി താഴ്‌ചയിലേക്കാണ്‌ വെളളം കുത്തിയൊഴുകുന്നത്‌. നിബിഡ വനത്തിലൂടെയുള്ള ഒഴുക്ക്‌ ഇടമലയാറ്റില്‍ ചെന്നുചേരുന്നു. പിണ്ടിമേടുകുത്തില്‍ ഡാംനിര്‍മിച്ചാല്‍ ഏകദേശം മൂവായിരം ഹെക്‌ടര്‍ വനം നശിക്കുമെന്ന്‌ എല്ലാ കമ്മിഷനുകളും ചൂണ്ടിക്കാട്ടുന്നു. പൂയംകുട്ടിയിലെ സസ്യജാലത്തെപ്പറ്റിയുള്ള കൃത്യമായ കണക്കെടുപ്പ്‌ ഇന്നും നടന്നിട്ടില്ല. അറനൂറു മില്ലീമീറ്റര്‍ വരെ മഴലഭിക്കുന്ന ഇവിടുത്തെ അപൂര്‍വ ജൈവ വൈവിധ്യത്തിന്റെ കലവറ സസ്യശാസ്‌ത്രജ്‌ഞരെപ്പോലും അദ്‌ഭുതപ്പെടുത്തുന്നതാണ്‌. കേരളം മൊത്തം എടുത്താല്‍ പോലും ഒരു ആവാസവ്യവ്‌സഥയ്‌ക്ക്‌ നിലനില്‍ക്കാനുള്ള വനം നിലവില്ല. ഈ സാഹചര്യത്തിലാണ്‌്‌ 5400 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള വനത്തില്‍ അണകെട്ടുന്നത്‌. പ്രൊജക്‌ട്‌ എലിഫന്റ്‌ നടപ്പാക്കുന്ന ഇവിടെ ഏഷ്യാറ്റിക്‌ എലിഫന്റ്‌ വിഭാഗത്തിലുള്ള ആനകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നു. ആദിവാസികളുടെ പ്രധാന വരുമാന മാര്‍ഗമായ ഈറ്റക്കാടുകളുടെ വന്‍ ശേഖരമാണ്‌ പൂയംകുട്ടി. അമ്പതിനായിരത്തോളം ടണ്‍ ഈറ്റയാണ്‌ ഇവിടെനിന്നു ശേഖരിക്കുന്നത്‌. 1989-ലെ കെ.എഫ്‌.ആര്‍.ഐയുടെ കണക്കനുസരിച്ച്‌ ഹിന്ദുസ്‌ഥാന്‍ ന്യൂസ്‌പ്രിന്റിനുള്ള 26 ശതമാനം ഇറ്റയും ബാംബൂ കോര്‍പറേഷനുള്ള 48 ശതമാനം ഈറ്റയും ഇവിടെനിന്നു ശേഖരിക്കുന്നതാണ്‌. അന്നത്തെ കണക്കനുസരിച്ച്‌ ഏകദേശം 13,000 ആളുകള്‍ നേരിട്ടും മൂന്നുലക്ഷം ആളുകള്‍ അനുബന്ധമായും ഇതുമായി ബന്ധപ്പെട്ടു ജീവിക്കുന്നു. ഇന്ന്‌ ഈ കണക്കില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്‌.

അണകെട്ടുയരുന്നതോടെ ഈറ്റത്തൊഴിലാളികള്‍ ഒന്നടങ്കം പട്ടിണിയിലാകും. പദ്ധതി നടപ്പാക്കുന്നതിലൂടെ ആയിരത്തിലേറെ ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടും. മുതുവാന്‍ വിഭാഗത്തിലുള്ള ആദിവാസികളാണ്‌ ഏറെയും. ഇരുന്നൂറിലേറെ പക്ഷിവര്‍ഗങ്ങളും, മുപ്പതിലേറെ സസ്‌തനികളും നൂറിലേറെ മത്സ്യ വര്‍ഗങ്ങളും നൂറ്റി എഴുപതിലേറെ അപൂര്‍വ ഔഷധ സസ്യങ്ങളും കണക്കില്‍പെടാത്ത മറ്റിനങ്ങളും ഇവിടെയുണ്ട്‌. മരമെണ്ണി, വനം കാണാതെ പോകുന്നവര്‍ക്ക്‌ ഈ വനസമ്പത്തിന്റെ ആഴം മനസിലായിട്ടില്ല. ഭുഭ്രംശ മേഖലയിലാണ്‌ ഇപ്പോള്‍ പൂയംകുട്ടി സ്‌ഥിതിചെയ്യുന്നത്‌. ഇത്തരം പ്രദേശങ്ങള്‍ നിര്‍മിക്കാന്‍ അനുയോജ്യമല്ലെന്നു പഠനങ്ങള്‍ പറയുന്നു. ഇവിടെയുണ്ടാകുന്ന നേരിയ ഭൂചലനം പോലും വന്‍ ദുരന്തമുണ്ടാക്കും. ഇതൊക്കെ കെ.എസ്‌.ഇ.ബിക്കറിയാം. കണ്ണടയ്‌ക്കുന്നെന്നു മാത്രം. പൂയംകുട്ടി പദ്ധതികൊണ്ടുണ്ടാകുന്ന വൈദ്യുതി 73 മെഗാവാട്ട്‌ മാത്രമാണെന്നതും കൂട്ടിവായിക്കുമ്പോള്‍ നാശം എത്ര ഭീകരമെന്നു മനസിലാക്കാം.

കൈയേറ്റം ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങായി വര്‍ധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതികൊണ്ട്‌ ആയിരക്കണക്കിനാളുകള്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നതൊഴിച്ചാല്‍ നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടാനാവില്ല. നിലവിലുള്ള വൈദ്യുത പദ്ധതികളുടെ ഉത്‌പാദനം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നെന്ന വസ്‌തുതയും ശ്രദ്ധേയമാണ്‌. വന്യജീവികള്‍ക്കും വനത്തിനും കനത്തനാശമുണ്ടാക്കിയാണ്‌ ഈ പദ്ധതികളൊക്കെയും ഉയര്‍ന്നിട്ടുള്ളത്‌. വനത്തിന്റെ ജൈവ സമ്പത്തും പരിസ്‌ഥിതിയും നിലനിര്‍ത്തണമെന്നാണ്‌ ഇതുവരെയുള്ള എല്ലാ പഠനങ്ങളും തെളിയിച്ചിരിക്കുന്നത്‌. പദ്ധതിയുടെ നേട്ടങ്ങളെക്കാള്‍ കോട്ടങ്ങള്‍ മുഴച്ചുനിന്നിട്ടും ഇതേപ്പറ്റി പുനര്‍വിചിന്തനം നടത്താന്‍ ആരും തയാറാകുന്നില്ല. പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഒറ്റപ്പെട്ട സമരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവയൊന്നും വേണ്ടത്ര ശ്രദ്ധനേടുന്നില്ല. വനവും ആദിവാസിയും ആനയുമൊക്കെ ഏതാനും ചില പ്രകൃതി സ്‌നേഹികളുടെ ആവശ്യമായി ചുരുങ്ങി. ഇടതൂര്‍ന്ന കാടുകളുടെ സംഗീതം ഇനിയെത്രനാള്‍ എന്നുമാത്രം ചിന്തിച്ചാല്‍ മതിയാകും. മൂക്കറ്റം മുങ്ങിക്കഴിയുമ്പോള്‍ മാത്രം നിലവിളിക്കുന്ന മലയാളിയുടെ ഉറക്കമാണ്‌ ഇവിടെയും തുടരുന്നത്‌. അല്ലെങ്കില്‍ തന്നെ വോട്ടില്ലാത്ത ആനയും ആദിവാസിയും ആര്‍ക്കുവേണം?

3 comments:

Unknown said...

മാഷെ നല്ല വിവരണം കുറച്ചു ചിത്രങ്ങൾ കൂടി ഉൾപെടുത്താമായിരുന്നു

ദീപാങ്കുരന്‍ said...

ഫോട്ടോ കൈയിലുണ്ട്‌. പക്ഷേ കമ്പ്യൂട്ടര്‍ സമ്മതിക്കുന്നില്ല.... ക്ഷമിക്കണം... എങ്കിലും ശ്രമിക്കാം...

Unknown said...

Congratulation yar....your creative skill is super, keep it up....but avoid some English words like DAM, KSEB and chandrika soap, it is a silent advertisement.

by
SOJI