Friday, October 3, 2008

`ഹോളി'മാന്‍

സിനിമയെ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ചര്‍ച്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത പേര്‌. പ്രതിഭകൊണ്ട്‌ ഹോളിവുഡിനെ അടക്കിവാണയാള്‍. മനുഷ്യസ്‌നേഹി. കഴിഞ്ഞ ഇരുപത്തിയാറിന്‌ ഓര്‍മയായി. എങ്കിലും ആരും മറക്കാതിരിക്കട്ടെ.

എരിയുന്ന സിഗരറ്റ്‌ കടിച്ചു പിടിച്ച്‌ ഇടയ്‌ക്കിടെ പുകവിട്ടുകൊണ്ട്‌ ലോക സിനിമയുടെ നെറുകയിലേക്ക്‌ ആത്മരവിശ്വാസത്തോടെ നടന്നുകയറിയ ഒരാള്‍. പിന്നീട്‌ വര്‍ഷങ്ങളോളം സിനിമ അയാളുടെ തന്നെ കാല്‍ചുവട്ടില്‍ പതിഞ്ഞുകിടന്നു. ചിലപ്പോള്‍ വില്ലനായി, ചിലപ്പോള്‍ ആര്‍ദ്രമായ കണ്ണുകളായി, ഇടയ്‌ക്കൊക്കെ ഈ സമൂഹത്തെ വെല്ലുവിളിക്കുന്ന ചോദ്യങ്ങളായി. ഇതൊക്കെ ഒരു ചലച്ചിത്രകാരനെ സമ്മതിച്ചിടത്തോളം സാധാരണ കാഴ്‌ചകളായി എല്ലാവരും വിലയിരുത്തിയേക്കും. എന്നാല്‍ വെളളിവെളിച്ചത്തിന്റെ ലോകത്തുമാത്രമല്ലായിരുന്നു പോള്‍ ന്യൂമാന്‍ എന്ന വിഖ്യാത ചലച്ചിത്രകാരന്റെ സ്‌ഥാനം. അത്‌ കാമറക്കണ്ണുകള്‍ക്കപ്പുറം ലോകത്തെ തേടിപ്പോയിരുന്നു. സെപ്‌റ്റംബര്‍ 26-ന്‌ എണ്‍പത്തിമൂന്നാം വയസില്‍ ഈ ലോകത്തുനിന്നു പിന്‍വാങ്ങും വരെ. ഇടതടവില്ലാത്ത പുകവലിതന്നെയായിരുന്നു അദ്ദേഹത്തെ കാര്‍ന്നുതിന്ന വില്ലന്‍. അത്‌ മെല്ലെ കാന്‍സറിന്റെ രൂപത്തില്‍ അദ്ദേഹത്തില്‍ കൂടുകൂട്ടിയിരുന്നു. ഹോളിവുഡിനെ യുഗങ്ങളായി തിരിച്ചാല്‍ തീര്‍ച്ചയായിട്ടും അതിലൊന്നിന്‌ ന്യൂമാന്‍ യുഗമെന്നു പേരിടാം. അല്ലെങ്ങില്‍ അതു പോള്‍ ന്യൂമാന്‍ എന്ന ചലച്ചിത്രകാരനോടു ചെയ്യുന്നു ഏറ്റവും വലിയ അവണനയായിരിക്കും.

കാലിഫോര്‍ണിയ ഗവര്‍ണറും ഹോളിവുഡ്‌ താരവുമായ അര്‍നോള്‍ ഷ്വാസ്‌നഗര്‍ അദ്ദേഹത്തെ അമേരിക്കയുടെ ബിംബമെന്നും സിനിമാ നവോഥാന നായകനെന്നുമായിരുന്നു വിശേഷിപ്പിച്ചിരുന്നത്‌. മരണത്തെത്തുടര്‍ന്നുണ്ടായ അനുശോചന സന്ദേശങ്ങളുടെ പ്രവാഹം നോക്കിയാല്‍ മതിയാകും ന്യൂമാന്‍ എത്രമാത്രം ലോകസിനിമാ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവനായിരുന്നെന്ന്‌. അന്‍പതുകളില്‍ ടെലിവിഷനിലൂടെ അരങ്ങേറ്റം നടത്തിയ അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട്‌ ലോകസിനിമയില്‍ തന്റെ സ്‌ഥാം ഉറപ്പിച്ചു. ഓസ്‌കാര്‍ അടക്കം നിരവധി അംഗീകാരങ്ങള്‍. ഇതിനിടയില്‍ പത്തുതവണ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷനും ലഭിച്ചു.

തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. സൈനികന്‍, പൈലറ്റ്‌, കാറോട്ടക്കാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, മാനുഷ്യാവകാശ പ്രവര്‍ത്തകന്‍, അഭിനേതാവ്‌, സംവിധായകന്‍, രാഷ്‌ട്രിയ പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാമേഖലയിലും അദ്ദേഹം തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. യൂജിന്‍ മക്‌ കാര്‍ത്തിയെ പിന്തുണച്ചിരുന്ന അദ്ദേഹം സ്വാഭാവികമായും അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ്‌ നിക്‌സന്റെ ശത്രുപ്പട്ടികയിലെ പത്തൊമ്പതാമനായിരുന്നു. സ്വവര്‍ഗാനുരാഗിാളുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. അവരുടെ വിവാഹത്തിനായി അദ്ദേഹം ശക്‌തമായി വാദിച്ചിരുന്നു. അധികാര രാഷ്‌ട്രീയമല്ല, മറിച്ച്‌ സാമൂഹിക ഐക്യത്തിനുവേണ്ടിയുള്ള രാഷ്‌ട്രീയമായിരുന്നു ഈ ചലച്ചിത്രകാരന്റേത്‌.

ആര്‍തര്‍ സോള്‍ ന്യൂമാന്റെയും തെരേസയുടെയും മകനായി ഒഹിയോയിലാണ്‌ പോള്‍ ന്യൂമാന്റെ ജനനം. അച്‌ഛന്‍ സ്‌പോര്‍ട്‌സ്‌ വസ്‌തുക്കളുടെ ഷോപ്പ്‌ നടത്തിയിരുന്നു. ക്രിസ്‌ത്യന്‍ സയന്‍സില്‍ പഠനം നടത്തിയിരുന്ന അമ്മ ഭര്‍ത്താവിനെ കടയില്‍ സഹായിച്ചിരുന്നു. ജൂതനായി ജീവിക്കുക എന്നത്‌ ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന അക്കാലത്തു ന്യൂമാന്റെ അച്‌ഛന്‍ താനൊരു ജൂതനായതില്‍ അഭിമാനിച്ചിരുന്നു. തീയറ്റര്‍ നാടകങ്ങളില്‍ ചെറുപ്പം മുതലേ കമ്പമുണ്ടായിരുന്ന ന്യൂമാന്റെ കഴിവുകള്‍ കണ്ടെത്തുന്നതില്‍ അമ്മ മുഖ്യ പങ്കു വഹിച്ചു. ഏഴാം വയസില്‍ റോബിന്‍ ഹുഡ്‌ എന്ന നാടകത്തിലെ തമാശക്കാരന്റെ വേഷത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം ഇവിടെനിന്നാണെന്ന്‌ അദ്ദേഹം എക്കാലവും അവകാശപ്പെട്ടിരുന്നു.

സിനിമയിലെത്തുന്നതിനു മുമ്പ്‌ സൈന്യത്തിന്റെ ചട്ടക്കൂടുകളില്‍ ആദ്യം കാലുറപ്പിച്ചു. കണ്ണിന്റെ പോരായ്‌മ മൂലം അദ്ദേഹത്തെ പൈലറ്റ്‌ ട്രെയിനിംഗില്‍നിന്ന്‌ ഒഴിവാക്കിയെങ്കിലും റേഡിയോമാനായിട്ടും ഗണ്ണറായിട്ടും പരിശീലനം നേടി. റേഡിയോമാനായി ആശയവിനിമയത്തിന്റെ രംഗത്തായിരുന്നതിനാല്‍ അദ്ദേഹത്തെ ടോര്‍പിഡോ സ്‌ക്വാഡ്രണിലേക്ക്‌ അയച്ചു. ഇവര്‍ക്ക്‌ പൈലറ്റ്‌ പരീശീലനം നിര്‍ബന്ധമായിരുന്നതിനാല്‍ ആ ആഗ്രഹവും പൂര്‍ത്തിയാക്കാനായി. 1945-ല്‍ നടന്ന യുദ്ധങ്ങളില്‍ അദ്ദേഹം ടോര്‍പിഡോ ബോംബറായിട്ടും ഗണ്ണറായിട്ടും റേഡിയോമാനായിട്ടും ഒരേപോലെ യുദ്ധമുന്നണിയില്‍ നിലകൊണ്ടു. യുദ്ധത്തിനു ശേഷം സൈന്യത്തില്‍നിന്നു പിരിഞ്ഞ ന്യൂമാന്‍ ഇടയ്‌ക്കു വച്ചു മുടങ്ങിയ ബിരുദം പൂര്‍ത്തിയാക്കി. യേല്‍ സര്‍വകലാശാല, ന്യൂയോര്‍ക്കിലെ ആക്‌ടേഴ്‌സ്‌ സ്‌റ്റുഡിയോയിലും അഭിനയപാഠങ്ങള്‍ പഠിച്ചു.

വില്യം ഇംഗിന്റെ പിക്‌നിക്‌ നിര്‍മിച്ചുകൊണ്ട്‌ ന്യൂമാന്‍ സിനിമയിലേക്കു കാല്‍കുത്തി. `ദ സില്‍വര്‍ ചാലിസില്‍' ന്യൂമാന്‍ നടായി അരങ്ങേറി(1954). സംബഡി അപ്‌ ദേര്‍ ലൈക്ക്‌ മീ(1956), കാറ്റ്‌ ഓന്‍ എ ഹോട്ട്‌ ടിന്‍ റൂഫ്‌(1958), എലിസബത്ത്‌ ടെയിലര്‍, യംഗ്‌ ഫിലാഡല്‍ഫിയന്‍സ്‌ എന്നീ സിനിമകളിലും അക്കാലത്ത്‌ അഭിനയിച്ചു. കാറ്റ്‌ ഓണ്‍ ഹോട്ട്‌ ടിന്‍ റൂഫ്‌ എന്ന സിനിമയിലെ അഭിനയത്തിന്‌ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. അതിനുശേഷം ഒന്‍പതു തവണ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. സിനിമയില്‍ വിപ്ലാത്മക മാറ്റങ്ങള്‍ക്കു ന്യൂമാന്‍ തുടക്കമിട്ടു. വ്യത്യസ്‌തമായ അഭിനയ ശൈലിയിലൂടെ അദ്ദേഹം സിനിമയുടെ ചുവടുമാറ്റത്തിനൊത്തു പ്രതിഭ കാണിച്ചു. സിനിമ 1950-ല്‍നിന്ന്‌ 1970 ലെത്തിയപ്പോള്‍ ന്യൂമാനൊപ്പം അഭിനയം തുടങ്ങിയ പലരും പുറന്തള്ളപ്പെട്ടു പോയിരുന്നു. 1960-ല്‍ റിലീസ്‌ ചെയ്‌ത എക്‌സോഡസിലാണ്‌ അദ്ദേഹം നായകനായി അഭിനയിക്കുന്നത്‌. പിന്നീട്‌ ദ ഹസ്‌ലര്‍, ഹഡ്‌, ഹാര്‍പ്പെര്‍, ഹോംബെര്‍, കൂള്‍ ഹാന്‍ഡ്‌ ല്യൂക്ക്‌, ദ ടവറിംഗ്‌ ഇന്‍ഫെര്‍നോ, സ്‌ലാപ്‌ ഷോട്ട്‌, ദ വെര്‍ഡ്‌ക്‌ട്‌, എന്നീ സിനിമകളിലും തിളങ്ങി. പ്രശസ്‌ത നടന്‍ റോബര്‍ട്ട്‌ റെഡ്‌ഫോര്‍ഡ്‌, സംവിധായകന്‍ ജോര്‍ജ്‌ റോയി ഹില്‍ എന്നിവരുമായിച്ചേര്‍ന്ന്‌ ബുച്ച്‌ കാസിഡി ആന്‍ഡ്‌ സന്‍ഡന്‍സ്‌ കിഡ്‌, ദ സ്‌റ്റിംഗ്‌ എന്നീ സിനിമകളിലും അഭിനയിച്ചു.

1986 ല്‍ പുറത്തിറങ്ങിയ കളര്‍ ഓഫ്‌ മണി എന്ന ചിത്രത്തിലെ അഭിനയത്തിന്‌ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ അവാര്‍ഡ്‌ ലഭിച്ചു. ജാക്കി വിറ്റായരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 1949 മുതല്‍ 1958 വരെയാണ്‌ ആ ദാമ്പത്യം നീണ്ടുനിന്നത്‌. അന്‍പത്തിയെട്ടില്‍ ജാക്കി മരിക്കുമ്പോള്‍ അദ്ദേഹത്തിന്‌ ഒരു പുത്രനും രണ്ടു കുട്ടികളും പിറന്നിരുന്നു 1978-ല്‍ പുത്രന്‍ സ്‌കോട്ട്‌ അമിതമായി മയക്കുമരുന്നുപയോഗിച്ചതിനെത്തുടര്‍ന്നു മരിച്ചു. മകന്റെ മരണം നല്‍കിയ ഞെട്ടലില്‍നിന്നു മോചിതനായ ന്യൂമാന്‍ മയക്കുമരുന്നുപയോഗത്തില്‍നിന്ന്‌ മുക്‌തി നല്‍കുന്നതിന്‌ മകന്റെ പേരില്‍ സ്‌ഥാപനം ആരംഭിച്ചു. ഭാര്യ മരിച്ച വര്‍ഷം തന്നെ അദ്ദേഹം നടിയായ ജോണാ വുഡ്‌വാര്‍ഡിനെ ന്യൂമാന്‍ വിവാഹം കഴിച്ചു. ഫീച്ചര്‍ ഫിലിമായ ലോംഗ്‌, ഹോട്ട്‌ സമ്മര്‍, റലി റൗണ്ട്‌ ഫ്‌ളാഗ്‌ ബോയ്‌സ്‌, വിന്നിംഗ്‌ ഹാരി ആന്‍ഡ്‌ സണ്‍, തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങി. അഭിനയത്തിനൊപ്പം അദ്ദേഹം റേച്ചല്‍, പുലിറ്റ്‌സര്‍ സമ്മാനം നേടിയ നാടകമായ ഷാഡോ ബോക്‌സിന്റെ ടെലിവിഷന്‍ പരിഭാഷ, ടെന്നസീ വില്യംസിന്റെ ദ ഗ്ലാസ്‌ മാനേജറി തുടങ്ങിയ സംരംഭങ്ങളിലൂടെ അദ്ദേഹം സംവിധാന രംഗത്തേക്കും കടന്നു. 2002 ലാണ്‌ അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്‌. പിന്നീട്‌ 2007-ല്‍ സിനിമയില്‍നിന്നുള്ള റിട്ടയര്‍മെന്റ്‌ പ്രഖ്യാപിച്ചു. കടുത്ത പുകവലിയാണു അദ്ദേഹത്തെ രോഗാതുരനാക്കിയതെന്ന്‌ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്‌.

ഇതിനിടയില്‍ ന്യൂമാന്‍ കാറോട്ടക്കാരന്‍, ഫുഡ്‌ പ്രൊഡക്‌്‌ഷന്‍, വൈന്‍ നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ കടന്നു. കാറോട്ടത്തില്‍ ന്യൂമാന്‍ നിരവധി നേട്ടങ്ങള്‍ കൊയ്‌തു. പ്രശസ്‌തമായ അറ്റ്‌ലാന്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ ടീമിലും അദ്ദേഹത്തിന്റെ കമ്പനി അംഗമായിരുന്നു. ബിസിനസില്‍നിന്നു കിട്ടുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. കൊസോവോയിലും മറ്റിടങ്ങളിയലുമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ലക്ഷക്കണക്കിനു ഡോളര്‍ സംഭാവന ചെയ്‌തു. കമ്മിറ്റി എന്‍കറേജിംഗ്‌ കോര്‍പ്പറേറ്റ്‌ ഫിലാന്ത്രോപ്പിയുടെ സ്‌ഥാപകന്‍ കൂടിയാണ്‌ ന്യൂമാന്‍.

2008 ല്‍ അദ്ദേഹം സ്‌റ്റേജ്‌ ഷോയില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും മേയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സൂചിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളും പുറത്തുവന്നു. അതില്‍ അദ്ദേഹം തീര്‍ത്തും ക്ഷീണിതനായിരുന്നു. അദ്ദേഹത്തിന്റെ സാലഡ്‌ കമ്പനി ആരംഭിക്കുന്ന സമയം ന്യൂമാന്‍ തന്റെ രോഗത്തെപ്പറ്റി എഴുത്തുകാരന്‍ എ.ഇ. ഹോച്‌നറോട്‌ വെളിപ്പെടുത്തിയിരുന്നു. തന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സെപ്‌റ്റംബര്‍ 23 ന്‌ അദ്ദേഹം ഓര്‍മകളുടെ വെള്ളിവെളിച്ചത്തിലേക്കു മടങ്ങി. മരണത്തിനൊപ്പം വിട്ടുപോകാത്ത ചില നന്മകള്‍ അവശേഷിപ്പിച്ചുകൊണ്ട്‌.

1 comment:

Anil cheleri kumaran said...

നല്ല പോസ്റ്റ്.വളരെ നന്ദി.
എന്തു ശ്രദ്ധാപൂര്‍വ്വമാണു ടൈപ്പ് ചെയ്തിരിക്കുന്നത്. ഒറ്റ അക്ഷരതെറ്റുപോലുമില്ല!