Friday, September 26, 2008

ടൈപ്പ്‌റൈറ്റര്‍

കീബോര്‍ഡുകളും കമ്പ്യൂട്ടറുകളും നമ്മുടെ മേശപ്പുറങ്ങളില്‍ സ്‌ഥാനം പിടിക്കുന്നതിനും മുമ്പ്‌ ആസ്‌ഥാനം ഏറ്റെടുത്തിരുന്ന പാവം ടൈപ്പ്‌ റൈറ്റര്‍. അതിനെ സ്‌നേഹിച്ചു സേവിച്ചു മരിച്ച ഒരാള്‍... അദ്ദേഹത്തെപ്പറ്റി ഒരോര്‍മ്മ.....


മെല്ലെ, താളത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന വലിയ ഇതളുകളുള്ള ഫാനിനു കീഴില്‍ വട്ടക്കണ്ണടയും പുള്ളിക്കുത്തു സാരിയുമുടുത്തു ഗൗരവത്തില്‍ ടൈപ്പ്‌ ചെയ്യുന്ന വനിതാരത്‌നം ഏതൊരു സര്‍ക്കാരോഫിസും കണ്ടു പഴകിച്ച കാഴ്‌ചയായിരുന്നു. പഴയകാലത്തുണ്ടായിരുന്ന ഇത്തരം മെഷീനുകളുമായി ഇടപഴകിയിട്ടുളള ആരും അതൊരു സാധാരണ മെഷീനാണെന്നു പറയില്ല. അത്രയ്‌ക്ക്‌ അവ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. കട..കട... ശബ്‌ദം കൊണ്ട്‌ ഒരുകാലത്ത്‌ ഏല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്ന ഇവ കറുത്ത്‌ വെല്‍വെറ്റ്‌ തുണികൊണ്ടു മൂടി, തേഞ്ഞു തീരാറായ കീബോര്‍ഡും അവിടവിടെ കീറിയ കാര്‍ബണ്‍ റിബണുമായി ഇപ്പോള്‍ ഓഫീസുകളുടെയും വീടുകളുടെയും മൂലയില്‍ വിശ്രമിക്കുന്നുണ്ടാകാം. അവയുടെ ശബ്‌ദം ഹൃദയതാളമായി കണ്ടിരുന്ന ഒരാള്‍ ഈയിടെ അന്തരിച്ചു-മാര്‍ട്ടിന്‍ ടൈറ്റെല്‍. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ടൈപ്പ്‌ റൈറ്ററുകളുടെ കൂട്ടുകാരന്‍, അല്ലെങ്കില്‍ ഡോക്‌ടര്‍.

ടൈറ്റലിന്റെ അഭിപ്രായത്തില്‍ ടൈപ്പ്‌ റൈറ്ററുകള്‍ക്ക്‌ എല്ലാമറിയാം. വെളുത്തു ചുളി വീഴാത്ത പേപ്പറുകളില്‍ കൃത്യമായി അവയുടെ അക്ഷരങ്ങള്‍ കൊത്തിയ വിരലുകള്‍ വാക്കുകള്‍ രചിച്ചിരുന്നു. നനഞ്ഞ റിബണുകളില്‍ വിരല്‍മുക്കിയെഴുതിയ വാക്കുകള്‍ തെറ്റിയാല്‍, അയുടെ താളം ഇടറിയാല്‍, അപ്പോഴൊക്കെ ടൈറ്റെല്‍ വളിപ്പാടകലെയുണ്ടാകും. വെറുതെയല്ല അദ്ദേഹം തന്നെ സ്വയം വിശേഷിപ്പിച്ചിരുന്നത്‌ ` ടൈപ്പ്‌ റൈറ്ററുകളുടെ ആദ്യത്തെയും അവസാനത്തെയും ഡോക്‌ടറും മനശാസ്‌ത്രജ്‌ഞനും ഞാനാണെന്ന്‌'. തന്റെ വീടിന്റെ വാതിലിനു മുന്നിലും ഈ ബോര്‍ഡു തൂക്കിയിരുന്നു-``നിങ്ങളുടെ ടൈപ്പ്‌ റൈറ്ററുകള്‍ സങ്കടപ്പെട്ടാല്‍, അവയ്‌ക്കു പതിവിലധികം നാണം തോന്നിയാല്‍, അവ ക്രമരഹിതമായാല്‍ അല്ലെങ്കില്‍ അതിനപ്പുറം എന്തെങ്കിലും സംഭവിച്ചാല്‍ അവയുടെ മാനസിക പരിശോധ നടത്തിക്കൊടുക്കപ്പെടും...!!''. ഈ ഒറ്റ ബോര്‍ഡിലൂടെ മനസിലാകും ടൈറ്റല്‍ എങ്ങനെ ടൈപ്പ്‌ റൈറ്ററുകളുടെ കൂട്ടുകാരനായതെങ്ങനെയെന്ന്‌. ടൈപ്പ്‌ റൈറ്ററുകള്‍ അദ്ദേഹത്തിനു വെറും യന്ത്രങ്ങള്‍ മാത്രമല്ലായിരുന്നു. അവയോട്‌ തനിക്കു സംസാരിക്കാനാകുമെന്ന്‌ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.
എന്നും തന്റെ രോഗികളെത്തേടി വെള്ള ഓവര്‍കോട്ടു ധരിച്ച്‌ ലോവര്‍ മാന്‍ഹാട്ടണിലെ ഫല്‍ട്ടണ്‍ തെരുവിലെ രണ്ടാംനിലയിലുള്ള ഷോപ്പില്‍നിന്നും പൊടിപിടിച്ച ഗോവണിയിറങ്ങുമായിരുന്നു. ഈ സഞ്ചാരം പലപ്പോഴും ദേശങ്ങളുടെ പരിധിക്കപ്പുറത്തേക്കും നീണ്ടു.

റഷ്യന്‍ ജ്യൂവിഷ്‌ ദമ്പതികളുടെ മകനായി 1913-ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു. ഇവരുടെ പത്തു മക്കളില്‍ ഒമ്പതാമനാണ്‌ ടൈറ്റെല്‍. തോമസ്‌ ജെഫേഴ്‌സണ്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായിരുന്നു അന്ന്‌്‌ ടൈറ്റല്‍. ക്ലാസ്‌ ടീച്ചറുടെ ടൈപ്പ്‌റൈറ്റര്‍ കേടുവന്നു പൊടിപിടിച്ചു കിടക്കുന്നത്‌ ഒരിക്കല്‍ ടൈറ്റല്‍ കണ്ടു പിടിച്ചു. തുരുമ്പെടുത്ത്‌ ടൈപ്പ്‌ ബാറുകള്‍ വളഞ്ഞിരുന്നു. ആര്‍ക്കും വേണ്ടാതെ കിടന്ന അത്‌ ടൈറ്റല്‍ 3,200 കഷണങ്ങളാക്കി. ഓരോ തവണയും നന്നാക്കാനുള്ള ശ്രമം ഓരോപടി വിജയിച്ചതോടെ ടൈപ്പ്‌ റൈറ്ററുകള്‍ നന്നാക്കുന്ന ഒരാളുടെ സഹായം തേടി. അദ്ദേഹം പഠിപ്പിച്ചുനല്‍കിയ പാഠങ്ങളുടെ ഖ്യാതിയായിരുന്നു പിന്നീട്‌ ടൈറ്റലിനൊപ്പം ന്യൂയോര്‍ക്കും കടന്നത്‌. ടൈപ്പ്‌ റൈറ്ററുകളുമായുള്ള ബന്ധം അദ്ദേഹത്തിന്റെ വിവാഹത്തിലുമെത്തി. ഓഫീസിലേക്ക്‌ ടൈപ്പ്‌റൈറ്റര്‍ തെരഞ്ഞെത്തിയ പേള്‍ ടൈറ്റലിന്റെ ജീവിത പങ്കാളിയായി.

ഏതു രീതിയിലുളള ഉപയോഗങ്ങള്‍ക്കായും അദ്ദേഹം ടൈപ്പ്‌ റൈറ്ററുകള്‍ മാറ്റിയിരുന്നു. റെയില്‍വേസ്‌റ്റേഷനുകളിലെ സ്‌പെഷല്‍ ഉപയോഗങ്ങള്‍ക്കായി അന്ന്‌്‌ ടൈറ്റെല്‍ നിര്‍മിച്ചിരുന്നു ടൈപ്പ്‌റൈറ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ കൈയില്‍ എപ്പോഴുമുണ്ടാകുന്ന `മിനി ലെയ്‌ത്ത്‌' ഉപയോഗിച്ച്‌ അദ്ദേഹം 145 നാക്കുകളുള്ള അമേരിക്കന്‍ ടൈപ്പ്‌ റൈറ്റര്‍ ഒറ്റയടിക്കു നിര്‍മിക്കുമായിരുന്നു. തെരുവില്‍നിന്നു 45 സെന്റിനു വാങ്ങിയ പഴയ ടൈപ്പ്‌റൈറ്റര്‍ വലത്തുനിന്നും ഇടത്തേക്ക്‌ ഒരേസമയം അറബിക്കും ഹീബ്രുവും എഴുതാവുന്ന ഒന്നാക്കി മാറ്റി. അതും മണിക്കൂറുകള്‍ക്കുള്ളില്‍. ഹിറോഗ്ലിപി, സംഗീതത്തി ചിഹ്‌നങ്ങള്‍, വൈറ്റ്‌ ഹൗസില്‍ കത്തുകള്‍ ടൈപ്പ്‌ ചെയ്യുന്നതിന്‌ ആലങ്കാരിക അക്ഷരങ്ങള്‍ കൊത്തിയ ആദ്യ ടൈപ്പ്‌ റൈറ്ററും ടൈറ്റെലിന്റെ കരവിരുതില്‍ ഒരുങ്ങി. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോഴായിരുന്നു ടൈറ്റെല്‍ ശരിക്കും ഹീറോ ആയത്‌. യുദ്ധമുന്നണിയില്‍ സന്ദേശങ്ങള്‍ എഴുതുന്നതിന്‌ `സയാമീസ്‌' കീബോര്‍ഡുകള്‍ അദ്ദേഹം നിര്‍മിച്ചു. ഒരേ സമയം ഒന്നിലധികം ഭാഷകളില്‍ സന്ദേശം എഴുതാമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഒന്നിലധികം ടൈപ്പ്‌റൈറ്ററുകള്‍ ചുമക്കുന്നതില്‍നിന്നും സൈന്യത്തെ ഇദ്ദേഹം ശരിക്കും രക്ഷിച്ചു. പതിനേഴ്‌ ഏഷ്യന്‍ ഭാഷകളിലാണ്‌ സയാമീസ്‌ കീബോര്‍ഡുകള്‍ രുപകല്‍പന ചെയ്‌തത്‌. ടൈപ്പ്‌റൈറ്ററുകളില്‍ ഉപയോഗിക്കുന്ന മുന്തിയയിനത്തിലുള്ള കാര്‍ബണ്‍ റിബണ്‍ നിര്‍മിച്ചതിന്‌ സൈന്യത്തിന്റെ പ്രത്യേക അംഗീകാരവും ലഭിച്ചു. എഫ്‌.ബി.ഐ., പോലീസ്‌ എന്നിവര്‍ക്കായി പ്രത്യേക ലിപിയിലുളള ടൈപ്പ്‌റൈറ്ററുകളും ഇദ്ദേഹമായിരുന്നു നിര്‍മിച്ചിരുന്നത്‌.

2001-ല്‍ തന്റെ ഷോപ്പ്‌ പൂട്ടുന്നതു വരെ ടൈപ്പ്‌റൈറ്ററുകളുടെ ഉത്തമഡോക്‌ടറായി സേവനമനുഷ്‌ടിച്ചു. ഈ നാളുകള്‍ക്കുള്ളില്‍ ഇദ്ദേഹത്തെ തേടിയെത്തിയത്‌ പതിനായിരക്കണക്കിന്‌ വ്യത്യസ്‌ത ടൈപ്പ്‌റൈറ്ററുകളായിരുന്നു.
ഏതുതരം മെഷീനുകളുമാകട്ടെ, ഇവയെല്ലാം ``ടൈറ്റൈല്‍ ടൈപ്പറൈറ്റര്‍ കോ.'' എന്ന സ്‌ഥാപനത്തിലെത്തിയാല്‍ പിന്നെ കട..കട.. ശബ്‌ദത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ ടൈപ്പ്‌റൈറ്റര്‍ അതിന്റെ സ്‌നേഹിതനോടു സംസാരിച്ചു തുടങ്ങുന്നു.

5 comments:

Anil cheleri kumaran said...

ആദ്യമായാണ്‌ ഇദ്ദേഹത്തെ പറ്റി കേള്‍ക്കുന്നത്. വളരെ വളരെ നന്ദി. ഈ അറിവുകള്‍ തന്നതിന്.

siva // ശിവ said...

ടൈറ്റലിന്റെ ജീവിതകഥ ആദ്യമായാ കേള്‍ക്കുന്നത്....

krish | കൃഷ് said...

ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ചിരുന്ന ഒരാളായിരുന്നിട്ടും ഇതെല്ലാം പുത്തന്‍ അറിവുകള്‍ തന്നെ.
നന്ദി.

മായാവി.. said...

nice

biju p said...

ടൈപ്പ്‌ റൈറ്ററെയും ടൈറ്റലിനെയും കുറിച്ച്‌ മനോഹരമായ ഭാഷയില്‍ പറഞ്ഞുതന്ന ദീപാങ്കൂരാ... നന്ദി