Saturday, September 13, 2008

ഒഴുക്കു വറ്റുന്ന വെള്ളച്ചാലുകള്‍

(ഒരുപറ്റം ആളുകളും ഒരു തോടും...)

നെഹ്‌റു മെമ്മോറിയല്‍ ക്ലബിന്റെ വലതു വശത്തുകൂടിയാണ്‌ ഞാനും അമ്മയും ചേച്ചിയും പിന്നെ അയല്‍വാസികളായ അക്കു, അവളുടെ മൂത്ത ചേട്ടന്‍ രാജേഷ്‌, രാജിമോള്‍ എന്നിവര്‍ ചെറുതോട്ടില്‍ കുളിക്കാന്‍ പോകുന്നത്‌. ആകപ്പാടെ നാലുമീറ്റര്‍ വിതിയിലുള്ള തോട്‌ നാലഞ്ചുപാറകള്‍ വീതിച്ചെടുത്തിരിക്കുന്നു. പിന്നെയുളളത്‌ ഓടപോലെയുള്ള ഇത്തിരിയിടയാണ്‌. ഇവിടമാണ്‌ ഞങ്ങളുടെ ഫാമിലി കടവ്‌. താഴെ വടക്കേടത്തു കടവെന്നും തൊട്ടുമുകളില്‍ കുന്നപ്പള്ളിക്കടവെന്നും രണ്ടെണ്ണം വേറെ. അന്നത്തെ അവസ്‌ഥയില്‍ ഞങ്ങളില്‍ ആര്‍ക്കും തുണിയുടുക്കുന്നതിനെപ്പറ്റി വലിയ ബോധമൊന്നുമില്ല. അതുകൊണ്ടുതന്നെ ആരും നിര്‍ബന്ധിക്കാറുമില്ല. അതു കുറച്ച്‌ അലക്കിയാല്‍ മതിയല്ലോ എന്ന ചിന്തകൂടിയുണ്ട്‌ വീട്ടുകാര്‍ക്ക്‌. അരയില്‍ ചുറ്റിയ ഒറ്റച്ചരടും അതില്‍നിന്നു നീളുന്ന ലോക്കറ്റുപോലുള്ള ഞാലിയുമാണ്‌ ആകെയുള്ള തുണി. എങ്കിലും സാന്‍മാര്‍ഗികതയെപ്പറ്റി ആരും ചോദിക്കാറില്ല.

ക്ലബിന്റെ വലത്തുവശത്തുകൂടിയുള്ള ഇടവഴി നേരേ ചെന്നിറങ്ങുന്നത്‌ പേപ്പതിപ്പറമ്പെന്നു ഞങ്ങള്‍ വിളിക്കുന്ന റബര്‍മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന തോട്ടത്തിലേക്ക്‌. അവിടെ നടന്നു നടന്നു ചാലുകീറിയതുപോലെ വഴി. എറ്റവും മുന്നില്‍ ഞാന്‍, തൊട്ടുപിന്നില്‍ അക്കു, രാജേഷ്‌, അമ്മ ചേച്ചി, രാജിമോള്‍ എന്നിങ്ങനെ താറാവില്‍ കൂട്ടം പോകുന്നതുപോലെ. അതു കടന്നാല്‍ പിന്നെ ക്രിസ്‌മസിന്‌ നക്ഷത്രമുണ്ടാക്കാന്‍ സ്‌ഥിരം ആശ്രയിക്കുന്ന ഈറ്റക്കാടാണ്‌. ഇടവഴി നിറയെ ഉരുളന്‍ കല്ലുകളാണ്‌. റബറിന്റെ ഉണങ്ങിയ കരിയില കിടക്കുന്നതിനല്‍ ഇടയ്‌ക്ക്‌ വീഴചയും മുറപോലെ നടക്കും. ഇടയക്ക്‌ റബര്‍ക്കായും വീണുകിടക്കും. ഇതിനിടയില്‍കൂടി തെന്നിത്തെറിച്ചാണ്‌ പോക്ക്‌. ഇടവഴിക്ക്‌ ചെറിയ ഇറക്കമുണ്ട്‌. ഇറക്കത്തില്‍ തന്നെയാണ്‌ രാജന്‍ ചേട്ടന്റെ വീടും ഞങ്ങളെന്നും കല്ലെറിയുന്ന നാട്ടുമാവും. അതിന്റെ തുഞ്ചത്തു കല്ലെറിഞ്ഞുകൊള്ളിക്കാന്‍ ഇത്തിരി പ്രയാസം തന്നെ. തൊട്ടു താഴെ രാഘവച്ചേട്ടന്റെ വീടും കഴിഞ്ഞാല്‍ വീണ്ടും ഇറക്കം. ഉരുണ്ടുവീണാല്‍ കൃത്യം ചെന്നുവീഴുക കല്യാണിച്ചേച്ചിയുടെ വീടിന്റെ അടുക്കളയിലും.

ഉടുക്കാക്കുണ്ടനായി വിലസി നടക്കുന്ന കാലത്ത്‌ ഇപ്പറഞ്ഞ കല്യാണിച്ചേച്ചിയാണ്‌ എനിക്ക്‌ ``പുഴു'' എന്നു പേരിട്ടത്‌. എന്താണു സംഭവമെന്ന്‌ ഊഹിച്ചു കാണുമല്ലോ. അക്കാലത്തു പടം കാണാനായിട്ട്‌ എനിക്ക്‌ പൂമ്പാറ്റയും ബാലരമയും തന്നിരുന്നത്‌ കല്യാണിച്ചേച്ചിയാണ്‌. അലക്കാണ്‌ ജോലി. കല്യാണിച്ചേച്ചിയും പാപ്പന്‍ചേട്ടനും കുറേ പൂച്ചകളുമാണ്‌ വീട്ടിലെ താമസക്കാര്‍. പാപ്പന്‍ചേട്ടന്‍ രണ്ടാമതു കല്യാണം കഴിച്ചു കൊണ്ടുവന്നതാണു കല്യാണിച്ചേച്ചിയെ. കഷ്‌ടിച്ചു നാലടി പൊക്കക്കാരി. അരയില്‍ പ്ലാസ്‌റ്റിക്ക്‌ കൂടിനുള്ളില്‍ കെട്ടിയ മുറുക്കാന്‍ പൊതിയും, തിരുപ്പന്‍വെച്ചുകെട്ടി പൊലിപ്പിച്ച തലമുടിയില്‍ മിക്കവാറും ചുവപ്പു നിറത്തില്‍ റിബണ്‍ കെട്ടിയിട്ടുണ്ടായിരിക്കും. ചെവി അല്‍പം പിന്നോട്ടാണ്‌. ഞങ്ങളുടെ അടുത്തുളള മണക്കാട്ട്‌ അമ്പലത്തിലെ വെടിക്കെട്ടുകേട്ടാല്‍ പോലും പുള്ളിക്കാരിക്കു കുലുക്കമില്ല. മുറുക്കാന്‍ കറ പിടിച്ച പല്ലും കൂടിയാകുമ്പോള്‍ കല്യാണിച്ചേച്ചിയുടെ ചിത്രം പൂര്‍ണമാകും. കല്യണബ്രോക്കറായ പാപ്പന്‍ചേട്ടന്‍ മെല്ലിച്ച്‌ നൂലുപോലെയാണ്‌. പ്രായത്തിന്റെ കഷ്‌ടപ്പാടുകള്‍ കഫക്കെട്ടായി നെഞ്ചില്‍ കുറുകുന്ന എല്ലുന്തിയ ശരീരം. തോട്ടിലെ പരന്ന പാറപ്പുറത്ത്‌, ചാരമിട്ടു തിളപ്പിച്ച വെളളത്തിലാണു പാപ്പന്‍ ചേട്ടന്റെ കുളി. കോണകം മാത്രമുടുത്തുകൊണ്ടുള്ള കുളി ഞങ്ങള്‍ക്ക്‌ ഒരു കൗതുകമായിരുന്നു.

തോട്ടിറമ്പില്‍ ഓലമേഞ്ഞ, അവിടവിടെ പൊട്ടിപ്പൊളിഞ്ഞ തറയും, പനയോലകൊണ്ടു മറച്ച ഭിത്തിനിറയെ പഴയ പത്രത്താളുകളും ചിത്രകഥാ പുസ്‌തകങ്ങളും കുത്തിത്തിരുകി നിറച്ച വീട്‌. പൂച്ചയും കോഴിയും സസന്തോഷം കഴിയുന്ന ഈര്‍പ്പമുണങ്ങാത്ത, പഴയ വസ്‌ത്രങ്ങളുടെയും കുഴമ്പിന്റെയും സമ്മിശ്ര ഗന്ധമുള്ള രണ്ടുമുറി വീട്‌. തോട്ടില്‍നിന്നുളള കുത്തുകല്ലു കയറിയാല്‍ വീട്ടിലെത്തും. പാപ്പന്‍- കല്യാണി ദമ്പതികള്‍ക്കു കുട്ടികളില്ല. വീടു നിറയെയുള്ള പൂച്ചകളാണ്‌ ഇവരുടെ കുട്ടികള്‍. പൂച്ചകള്‍ക്കെല്ലാം കഴുത്തില്‍ വളയും പൊട്ടും നിര്‍ബന്ധം. കയ്യാലയിറമ്പിലെ ഇലുമ്പിപ്പുളിക്കായ്‌കള്‍ നാക്കില്‍ ചവര്‍പ്പും പുളിപ്പുമായി ഇന്നും ശേഷിക്കുന്നു. വല്ലപ്പോഴും വീട്ടില്‍ വരുമ്പോള്‍ അമ്മയ്‌ക്ക്‌ സ്വകാര്യമെന്നോണം നല്‍കാന്‍ കല്യാണിച്ചേച്ചിക്ക്‌ ആകെയുണ്ടായിരുന്നതും ഇലുമ്പിപ്പുളിയായിരുന്നു. ഇതിനരികില്‍ തന്നെയാണു കൂഴച്ചക്കപ്ലാവും. പ്ലാവിന്റെ അധികാരത്തെച്ചൊല്ലി മുകളിലുള്ള രാജുച്ചേട്ടന്റെ വീട്ടുകാരും കല്യാണിച്ചേച്ചിയും തമ്മിലുള്ള തര്‍ക്കം സ്‌ഥിരം സംഭവം. ഇവയ്‌ക്കിടിയിലൂടെ ചെന്നാല്‍ കാപ്പിക്കൂട്ടം നിറഞ്ഞ കുളിക്കടവിലേക്കും. ശക്‌തിയായി മഴപെയ്‌താല്‍ മാത്രമേ കാപ്പിച്ചെടിക്കിടയിലൂടെ വെള്ളം വീഴൂ... അത്രയ്‌ക്ക്‌ ഇടതൂര്‍ന്നാണ്‌ ഇവയുടെ നില്‍പ്പ്‌.

കുഞ്ഞുങ്ങില്ലാത്തതിന്റെ സങ്കടം ഇരുവരും തീര്‍ക്കുന്നത്‌ ഞങ്ങളിലൂടെയായിരുന്നെന്ന്‌ ഇപ്പോള്‍ തോന്നുന്നു. എവിടെപ്പോയാലും പാപ്പന്‍ ചേട്ടന്‍ ഞങ്ങള്‍ക്ക്‌ ശര്‍ക്കരയുണ്ട കൊണ്ടുവരുമായിരുന്നു. കല്യാണിച്ചേച്ചിയും എവിടെപ്പോയാലും പൂമ്പാറ്റയോ മറ്റു കഥാ പുസ്‌തകങ്ങളോ കൊണ്ടുവരും. കുളിക്കാന്‍ ചെല്ലുമ്പോള്‍ ഇവയെല്ലാം ഞങ്ങള്‍ക്കു നല്‍കും. നിഷ്‌കളങ്കമായ സ്‌നേഹം എന്താണെന്നു കാണണമെങ്കില്‍ ഇവരെ ശ്രദ്ധിച്ചാല്‍ മതി. കീറമുണ്ടിലും വിഴുപ്പുകള്‍ക്കിടയിലും ജീവിക്കുമ്പോഴും ഇവര്‍ സന്തോഷിച്ചിരുന്നു. മഴക്കാലത്തു വെള്ളപ്പൊക്കത്തില്‍ വീട്ടിലെ സാധനങ്ങളെല്ലാം ഒലിച്ചു പോകുമായിരുന്നു. നനഞ്ഞുപോയ വസ്‌ത്രങ്ങള്‍ നോക്കി ഇവര്‍ വിഷണ്ണയായിരിക്കുന്നത്‌ ഇന്നും കണ്‍മുന്നിലുണ്ട്‌. കുത്തൊഴുക്കില്‍ പെട്ടുപോയ പൂച്ചകളെയും കോഴികളെയും ചൊല്ലിയായിരിക്കും ഇവരുടെ പരിഭവങ്ങളെല്ലാം. ഇടയ്‌ക്കിടെ ബന്ധം പറഞ്ഞെത്തുന്നവരും ഇവരുടെ മണ്ണെണ്ണയും പഞ്ചസാരയും റേഷന്‍കാര്‍ഡും മോഷ്‌ടിക്കുമായിരുന്നു. നാടുനീളെ നടന്ന്‌ ഇക്കാര്യം പതംപറഞ്ഞു പരിഭവിക്കുന്നത്‌ കാണുന്നത്‌ അന്നു കൗതുകമായിരുന്നെങ്കിലും ഇന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. അല്‍പമാത്രമായി സ്വരുക്കൂട്ടി വയ്‌ക്കുന്ന ഇത്തിരി മുതല്‍ മോഷ്‌ടിക്കാന്‍ അന്നും ഇന്നും ആളുണ്ട്‌.

എത്രയൊക്കെ വഴക്കുണ്ടാക്കുമായിരുന്നെങ്കിലും പാപ്പന്‍ചേട്ടനും കല്യാണിച്ചേച്ചിയും സ്‌നേഹിച്ചിരുന്നെന്നു മനസിലാുന്നത്‌ പാപ്പന്‍ മരിക്കുമ്പോഴാണ്‌. ഒരു പക്ഷേ പാപ്പന്‍ ചേട്ടനെപ്പറ്റി ഓര്‍ക്കുന്നത്‌ ഈ കുറിപ്പും പിന്നെ കല്യാണിച്ചേച്ചിയുമായിരിക്കും. വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങുന്നതിന്‌ കടയില്‍ പോകുന്നതിനും കല്യാണിച്ചേച്ചിയുടെ വീട്ടിനരികില്‍ കൂടിയുളള കുറുക്കു വഴിയിലൂടെയാണ്‌. മഴ തോര്‍ന്ന ദിവസം. രാവിലെയായിട്ടും പാപ്പന്‍ എഴുനേറ്റില്ലെന്നു പറഞ്ഞിരിക്കുന്ന കല്യണിച്ചേച്ചിയെ കണ്ട്‌ അങ്ങോട്ടു ചെല്ലുമ്പോള്‍ കാണുന്നത്‌ മരിച്ചു കിടക്കുന്ന പാപ്പന്‍ ചേട്ടനെ. അറിഞ്ഞുകേട്ടുവന്ന ഏതാനും ആളുകളുമുണ്ട്‌. മരിച്ചെന്നറിഞ്ഞപ്പോള്‍ വെപ്രാളമൊന്നും കാട്ടിയില്ലെങ്കിലും പിന്നീടുണ്ടാകുന്ന ഓരോ സംഭവങ്ങളിലും പുള്ളിക്കാരന്റെ പേരു പറഞ്ഞ്‌ കരയുന്നത്‌ കാണാമായിരുന്നു. ആ വൃദ്ധന്റെ സംരക്ഷമുണ്ടായിരുന്നില്ലെങ്കിലും സുരക്ഷിതത്വം വേണ്ടപോലെ അനുഭവിച്ചിരുന്നിരിക്കാം ഇവര്‍.

ഇടക്കാലയത്തെപ്പോഴോ ഞാന്‍ പഠനവും മറ്റുമായി മാറിനിന്നപ്പോഴും പിന്നീടു വീടുമാറി തലയോലപ്പറമ്പിലേക്കു പോയപ്പോഴൊന്നും ഇവരെപ്പറ്റി ഓര്‍ത്തിരുന്നില്ല. പക്ഷേ കാലങ്ങള്‍ കൊണ്ട്‌ പഴയ പുഴുവില്‍നിന്ന്‌ എന്തുമാറ്റമുണ്ടായാലും നാട്ടിലെത്തുമ്പോള്‍ ഇവരെന്നെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞിരുന്നു. അന്ന്‌ മറ്റു പലര്‍ക്കും എന്നെ മനസിലാക്കാന്‍ എന്റെ പേരും വീട്ടുപേരും അച്‌ഛന്റെ പേരും വേണ്ടി വന്നിരുന്നു. പിന്നെയെനിക്കു ജോലി ശരിയായപ്പോഴും ഏറ്റവും അധികം സന്തോഷിച്ചതും ഇവരായിരുന്നു. ഇവര്‍ പനിച്ചു കിടന്നപ്പോള്‍ കുറച്ചു പൈസ കൊടുത്തത്‌ അധികമായിയെന്നു പറഞ്ഞ്‌ തിരിച്ചു തരാന്‍ വീട്ടില്‍ വന്നതും ഓര്‍ക്കുന്നു. എത്ര വയ്യാഴികയുണ്ടെങ്കിലും ആര്‍ക്കും ഭാരമാകാതെ ജീവിക്കുകയാണിവര്‍. ഇവരുടെ വീടിരിക്കുന്ന സ്‌ഥലം മാറിയിട്ടില്ലെങ്കിലും ഇപ്പോള്‍ പഞ്ചായത്തു മേഞ്ഞു നല്‍കിയ വീട്ടിലാണ്‌ താമസം. മുറികള്‍ക്കൊക്കെ പഴയ സ്‌ഥാനം തന്നെ. ചെറുതോട്‌ വീണ്ടും ചെറുതായി. പഴയപോലെ പൂച്ചകളെ പോറ്റാനും ഇവര്‍ക്കാകുന്നില്ല. കോഴികളും ഇല്ല. അന്നത്തെ ചിലുമ്പിപ്പുളിയും കൂഴപ്ലാവും തഴച്ചുനില്‍ക്കുന്നു. കാപ്പിച്ചെടികളില്‍ പുവിട്ടിരിക്കുന്നു. പക്ഷേ അന്നുകേട്ടിരുന്ന അലക്കിന്റെ ശബ്‌ദം മാത്രം ഇന്നില്ല. പഴം തുണികള്‍ക്കൊപ്പം ജീവിച്ച്‌ അവയുടെ അവസഥപോലെ തന്നെ പിഞ്ഞിപ്പോയിരിക്കുന്നു ഇവരും. ഇടയ്‌ക്കെപ്പൊഴൊക്കെ ആരെങ്കിലും നല്‍കുന്ന ആഹാരവും കഴിച്ച്‌ ഇന്നും ഇവര്‍ നാടുചുറ്റുന്നു. മുറുക്കാന്‍ കറയുള്ള ചിരിയില്‍ ലോകത്തെ തോല്‍പിക്കുന്ന എന്തോ ഒന്ന്‌ ഒളിഞ്ഞിരിക്കുന്നു. മടിയിലെ മുറുക്കാന്‍ പൊതിയിലുളള ചക്കരയും കൈയില്‍ സൂക്ഷിക്കുന്ന പൂമ്പാറ്റയും ഇന്നാര്‍ക്കും ഇവര്‍ നല്‍കുന്നില്ല. ഞങ്ങള്‍ നല്‍കിയിരുന്ന നിഷ്‌കളങ്ക സ്‌നേഹം ഒരുപക്ഷേ ഇന്ന്‌ ആ സ്‌ഥാനം ഏറ്റവര്‍ നല്‍കുന്നില്ലായിരിക്കാം. അന്നു ഞങ്ങള്‍ വീട്ടില്‍നിന്നു കൊണ്ടവന്നു കൊടുത്തിരുന്ന ചക്കക്കുരുക്കറിയും അച്ചാറുമൊന്നും ഇന്നാരും നല്‍കുന്നില്ല. വീടിന്റെ പിന്നാമ്പുറങ്ങളില്‍ അവര്‍ക്ക്‌ എല്ലാവരും ഒളിച്ചുനില്‍ത്തി ഭക്ഷണം നല്‍കുന്നു. ഇതുതന്നെയായിരിക്കാം, അക്ഷരമറിയാത്ത അവര്‍ കുഞ്ഞക്ഷരങ്ങളെ തേടിച്ചെല്ലുന്നത്‌ നിര്‍ത്താനും കാരണം. അവര്‍ നല്‍കിയിരുന്ന അക്ഷരപ്പൂക്കള്‍ ഇന്നാര്‍ക്കും വേണ്ടാതായിരിക്കുന്നു.

ഇയിടെ ചെറുതോടു കണ്ടു. മഴക്കാലമായിരുന്നിട്ടും തോട്‌ മെലിഞ്ഞിരിക്കുന്നു. പണ്ട്‌ മഴക്കാലമാകുമ്പോള്‍ കല്യാണിച്ചേച്ചിക്കുണ്ടായിരുന്ന പേടി ഇപ്പോഴില്ല. അന്നു കലങ്ങിമറിഞ്ഞ്‌ കുത്തിയൊലിച്ചു പാഞ്ഞിരുന്ന കരുത്തിനും ചോര്‍ച്ചയുണ്ടായിരിക്കുന്നു. ഞാന്‍ കണ്ടിരുന്ന ചെറുതോട്‌ കല്യാണിച്ചേച്ചിയുടെ ജീവിതത്തിന്റെ ഒഴുക്കായിരുന്നു. അതിന്റെ ഒഴുക്കു കുറഞ്ഞുകുറഞ്ഞ്‌ ഒരിക്കല്‍ നിലച്ചേക്കുമെന്നു തോന്നി. കല്ലേമുട്ടിയും പളളത്തിയും തെന്നിനടന്നിരുന്ന പാറക്കൂട്ടങ്ങള്‍ വെള്ളമെത്താതെ വരണ്ടു കിടക്കുന്നു. ഒരിക്കല്‍പോലും നനവുവറ്റാത്ത താളിക്കുഴികള്‍ വരണ്ടുണങ്ങി കരിയില നിറഞ്ഞു കിടക്കുന്നു. ഇല്ലിക്കൂട്ടങ്ങളുടെ സാന്ദ്രത കുറഞ്ഞുപോയി. പാണലും പെരിങ്ങലവും തഴച്ചുനിന്നിരുന്ന തോട്ടിറമ്പുകള്‍ കരിങ്കല്‍ ഭിത്തികെട്ടിയിരിക്കുന്നു. മുങ്ങിക്കുളിക്കാന്‍ കുഴിപോലുമില്ല. ഒഴുക്കുനിലച്ച്‌ ഒരിക്കല്‍ ഇതു വറ്റിപ്പോകുന്ന ദിനവും അകലെയല്ല. ഞാനിതുപോസ്‌റ്റു ചെയ്യുമ്പോള്‍ കല്യാണിച്ചേച്ചി എവിടെയെങ്കിലും ഓണമുണ്ണുകയായിരിക്കും. വിഴുപ്പലക്കാന്‍ പോലും കഴിയാതെ വിഴുപ്പുകളുടെ കൂട്ടത്തില്‍ തന്നെ ഇവരെയും തള്ളിയിരിക്കുന്നു. ഇടയ്‌്‌ക്കിടക്ക്‌ ചുമച്ചുകൊണ്ട്‌ വിറകിനായി ചുള്ളിക്കമ്പുകള്‍ പെറുക്കി ഇപ്പോഴും ഇവര്‍ എന്റെ ഗ്രാമവഴികളിലുണ്ട്‌. നിഷ്‌കളങ്കത പറ്റിച്ചുവച്ച മുറുക്കാന്‍ കറയുള്ള ചിരിയുമായി...

2 comments:

siva // ശിവ said...

കുറെ നല്ല ഓര്‍മ്മകള്‍...കല്യാണിച്ചേച്ചിയുടെ ചിത്രം ചിത്രം മനസ്സില്‍ നിന്ന മായുന്നേ ഇല്ല...

ജിവി/JiVi said...

ഒരു നല്ല ഗ്രാമചിത്രം.