Tuesday, October 21, 2008

എഴുത്ത്‌: എന്റെയും നിന്റെയും

വളരെക്കാലത്തിനു ശേഷം നിന്റെ എഴുത്തു കിട്ടുമ്പോള്‍ ഉച്ചയുറക്കത്തിന്റെ ചടപ്പില്‍നിന്ന്‌ മെല്ലെ ഉണര്‍ന്നു വരുന്നതേയുള്ളായിരുന്നു. പോസ്‌റ്റ്‌മാന്‍ അടുത്ത വീട്ടിലേല്‍പ്പിച്ച കത്ത്‌ എന്റെ കൈയിലെത്താന്‍ രണ്ടു ദിവസം വൈകി. മറുപടി വൈകിയതിന്റെ കാരണവും അതുതന്നെ. അന്നുനമ്മള്‍ ഇതേസമയം എന്തെടുക്കുകയായിരുന്നെന്ന ഓര്‍മപ്പെടുത്തലിന്റെ ആവശ്യമില്ല. ഓരോ കാലവും നമുക്കു തന്നത്‌ നിധിപോലെ ഞാന്‍ കാത്തുവച്ചിട്ടുണ്ട്‌്‌. നിനക്കറിയാമോ ആ ഓര്‍മയില്‍ നമ്മളിന്നും പഴയകറുപ്പും വെളുപ്പും തന്നെയാണ്‌. ചിരിപോലെ തെളിഞ്ഞ മനസും എനിക്കെന്നേ പടികിട്ടിയതാണ്‌. എനിക്കറിയാം ഇന്നലെ നിന്റെ പിറന്നാളായിരുന്നു. എന്നത്തെയുംപോടെ ആശംസയുമായെത്താന്‍ ഞാനിപ്പോള്‍ നിന്റെ (എന്റെയും) നാട്ടിലല്ലല്ലോ?

എഴുത്തുകള്‍ മനുഷ്യനെ ഒരുവേളെയെങ്കിലും തനിച്ചിരുത്തുമെന്നു നീയൊരിക്കല്‍ പറഞ്ഞിരുന്നില്ലേ? ഇന്നലെ ഞാന്‍ തനിച്ചായിരുന്നു. വെയില്‍ പാടകെട്ടിയിരുന്ന ദിനം. ചൂടു കൂടുതലെന്നു തോന്നി. അവിടെ കാലങ്ങള്‍ക്കു മുമ്പുത്ഭവിച്ച്‌ ഒരിക്കല്‍ നിലച്ചുപോയ ഓര്‍മത്തെറ്റുപോലെ മൂവാറ്റുപുഴ ഒഴുക്കില്ലാതെ ഒഴുകി. അതെ, ആദ്യം നിന്നെ കണ്ടതും ആ കടവത്തുവച്ചായിരുന്നു. ജന്മനാടെന്ന തായ്‌വേരു മുറിച്ച്‌ വീട്ടുകാരെത്തിയിട്ടും ഞാന്‍ അവിടെത്തന്നെ പറിച്ചെറിയപ്പെടാനാകാതെ നിന്നു. അവിടം വിട്ടൊരു ജീവിതം എന്നും പ്രവാസത്തിനു തുല്യമായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം നാട്ടിലേക്കുള്ള എന്റെ പോക്കിന്റെ ഇടവേള കുറഞ്ഞെങ്കില്‍ പോലും. എങ്ങോട്ടും പോകാനില്ലാതെ ഒടുക്കം മനസില്ലാതെയാണ്‌ ഞാന്‍ വരിക്കാംകുന്നിലെത്തുന്നത്‌. സ്വന്തം വീടെവിടെയെന്നറിയാന്‍ ബസിറങ്ങിയ കവലയിലെ ഓട്ടോക്കാരന്‍ വേണ്ടിവന്നു. എരട്ടാനിക്കാവെന്ന അടയാളം മാത്രമായിരുന്നു എന്റെ വഴി. പക്ഷേ, എന്റെ വീടുകണ്ടു പിടിക്കുംമുമ്പ്‌ കുന്നിനു താഴെ അനക്കമില്ലാതെ ഒഴുകുന്ന പുഴ കണ്ടെത്തിയിരുന്നു. പണ്ട്‌ ബഷീറിന്റെ സഹോദരന്‍ ``ഇമ്മണി ബല്യ ഒന്ന്‌'' എന്നു പറഞ്ഞ അതേ പുഴ.

പുഴയ്‌ക്ക്‌ എപ്പോഴും ഒരു കഥ പറയാനുണ്ടാകും. നീയതുപോലെ എത്ര കഥകള്‍ എനിക്കുവേണ്ടി പറഞ്ഞു. പലപ്പോഴും മൂളലുകള്‍ മാത്രമായി എന്റെ സംസാരം ചുരുങ്ങിയിരുന്നു. പാടവും പുഴയും നിന്റെ ജീവിതത്തില്‍ എന്തായിരുന്നെന്നും അന്നാണ്‌ മനസിലാകുന്നത്‌. അന്ന്‌ നിന്റെ വീട്ടില്‍നിന്നു കുടിച്ച കട്ടന്‍ചായയ്‌ക്കു പോലും നെല്ലിന്റെ മണമുണ്ടായിരുന്നു. സ്‌കൂള്‍ കാലത്തിനു ശേഷം തുറക്കാതെ വച്ചിരുന്ന നിന്റെ നോട്ടുബുക്കിലെ നാടകങ്ങള്‍ക്കുപോലും പുഴയുടെ മണമുണ്ടായിരുന്നു. നിന്നിലൂടെ പുഴ എന്റേതുമാകുകയായിരുന്നു.

പണ്ടു നീ പറഞ്ഞു. ഈ പുഴയിലെ പുല്ലാന്നിക്കാടുകളില്‍ പടിച്ച്‌ നിന്റെ അമ്മ മറുകരയ്‌ക്ക്‌ പോയ കഥ. അന്ന്‌ മുട്ടറ്റം വെള്ളമായിരുന്നു പുഴയ്‌ക്ക്‌. മണല്‍തിട്ടകള്‍ നിറഞ്ഞ്‌, ഗര്‍ഭം നിറയെ വെളളവുമായി അവള്‍ എന്നും. അന്നു കാലുകള്‍ പുതഞ്ഞുപോകുന്ന ചെളി പുഴയിലില്ലായിരുന്നു. ഇന്ന്‌ അവള്‍ക്ക്‌ ആഴം കൂടി. രൗദ്രതയും. മണല്‍തിട്ടകള്‍ എത്രപെട്ടെന്നാണ്‌ കെട്ടിടങ്ങളായത്‌. അതിനൊപ്പം പുഴയുടെ ഹൃദയത്തിനും ആഴം കൂടി. പ്രതികാരമെന്നോണം അവിടെ നിരവധി ജീവനുകള്‍ മുങ്ങിത്താണു.

പകല്‍ ഇരുണ്ടു തുടങ്ങുമ്പോള്‍ ഒരു ദിവസത്തെ വിശേഷങ്ങള്‍ക്കായി എന്നും എന്റൊപ്പം നീയും ഉണ്ടായിരുന്നു. വൈക്കോല്‍ത്തുറു നിരത്തി അടുക്കിയിരുന്ന അമ്പല മൈതാനത്തെ പുല്‍ത്തകിടിയില്‍ കിടന്ന്‌ മുഖം നോക്കാതെ എന്തെല്ലാം പറഞ്ഞിരിക്കുന്നു. നീയോര്‍ക്കുന്നോ, അവിടെ ഒറ്റപ്പെട്ടു നകുറ്റിച്ചു നില്‍ക്കുന്ന മാവില്‍ അക്കൊല്ലം ആദ്യമായി പൂക്കള്‍ നിറഞ്ഞിരുന്നു. നിന്റെ ഓര്‍മകള്‍ വരിക്കാം കുന്നിനപ്പുറത്തില്ലെന്ന്‌ എന്നും ഞാന്‍ കളിയാക്കിയിരുന്നു. പക്ഷേ, ഇപ്പോള്‍ തോന്നുന്നു, നിനക്കതെങ്കിലുമുണ്ടല്ലോ ഓര്‍മിക്കാന്‍. ഇന്നലെ വരെ അന്നം തന്നിരുന്ന പാടങ്ങള്‍ ചുട്ടവിലയ്‌ക്കു തീറെഴുതുന്ന ചെറുപ്പക്കാര്‍ക്കില്ലാത്ത വേദന നിന്റെ മുഖത്തെപ്പോഴുമുണ്ടായിരുന്നു. എത്ര പെട്ടെന്നാണ്‌ അവയെല്ലാം മണല്‍കുഴികളായത്‌. അവിടെ റിസോര്‍ട്ടുകാര്‍ക്കു കണ്ണുണ്ടെന്നു പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. ഒടുക്കം ഓര്‍മിക്കാന്‍ നമുക്ക്‌ ചെളിക്കുണ്ടുപോലുമില്ലാതായി. തവളക്കൂട്ടങ്ങളെ പഴയപോലെ കാണാറില്ലെന്ന്‌ നീ പറഞ്ഞപ്പോള്‍,അവിടെ കാത്തു കുത്തിയിരുന്ന കൊറ്റികള്‍ കൂട്ടത്തോടെ ചത്തുപോയെന്നു പറഞ്ഞപ്പോള്‍, പാടത്തിനു നടക്കുകൂടി ഒഴുകിയിരുന്ന തോട്‌ ഇല്ലാതായ കഥ ഞാനറിഞ്ഞില്ല. ഈ ചോരയില്‍ എനിക്കും നിനക്കും ഒരേപോലെയാണ്‌ പങ്ക്‌. അതുകൊണ്ട്‌ ഇപ്പോള്‍ മിണ്ടാതിരിക്കാം.

കഴിഞ്ഞ വരവിന്‌ നിന്റെ കാലുളുക്കിയിരുന്നു. നിനക്കറിയാമോ നീയില്ലാതെ ആദ്യമാണ്‌ ഞാന്‍ തനിയെ പുഴയില്‍ കുളിക്കുന്നത്‌. അപ്പോള്‍ പുഴയില്‍ മഴ പെയ്യുകയായിരുന്നു. പുഴയുടെ പരപ്പിനൊപ്പം പൊങ്ങിക്കിടന്നു നോക്കുമ്പോള്‍ വെള്ളത്തുള്ളികള്‍ ചിതറിത്തെറിക്കുന്നതു കാണാമായിരുന്നു. പണ്ട്‌ ആശുപത്രിയില്‍നിന്നു കിട്ടിയിരുന്ന ചെറിയ കുപ്പികള്‍ നിരത്തിവച്ചതുപോലെ. ഇറമ്പില്‍ പണിക്കു കയറ്റിവച്ചിരുന്ന വള്ളത്തില്‍ കയറിയിരുന്ന്‌ നീ വിഷമത്തോടെ പറഞ്ഞു, ഇവിടം വിടണം. എന്നും കടത്തുകടന്നിരുന്ന തോണി മറുകരയില്‍ കിടന്നു ചാഞ്ചാടിയിരുന്നു. പണ്ട്‌ അക്കരെ കടത്താന്‍ എപ്പോഴൂം ഉല്‍സാഹത്തോടെ എത്തിയിരുന്ന തോണിക്ക്‌ ഇപ്പോള്‍ ആളെ കിട്ടാതായെന്നും. കുന്നിന്‍ പുറത്തേക്കു മഴ കയറിവരുന്നതും കാതോര്‍ത്തിരുന്നാല്‍ തന്നെ ഇവിടം മടുക്കില്ലെന്ന്‌ ഒരിക്കല്‍ നീ പറഞ്ഞത്‌ ഞാനപ്പോള്‍ ഓര്‍ത്തു. കുടിവെള്ള പദ്ധതിക്കായി കുന്നു നിരത്തിയപ്പോള്‍ നിന്റെ മഴയും അക്കൂടെ ഒലിച്ചുപോയി അല്ലേ.

ഇവിടെ ഇനിയും പ്രതീക്ഷയ്‌ക്കു വകയുണ്ടെന്ന്‌ നിന്നെ സമാധാനിപ്പിക്കാനെങ്കിലും ഞാന്‍ പറയട്ടെ. ഉറുമ്പുകള്‍ കൂടുവച്ചിരുന്ന മാവിന്‍ ചോട്ടില്‍ വിണ്ടും കുട്ടികള്‍ കൂടും. ഇടവഴിയില്‍നിന്ന്‌ വഴിയിലേക്കു കയറുമ്പോള്‍ നിന്നിരുന്ന പ്ലാവില്‍ വീണ്ടും കനികളുണ്ടാകും. അപ്പോഴേക്കും നമുക്കും പല്ലുകൊഴിഞ്ഞിരിക്കും. പക്ഷേ, നീ അവിടം വിട്ടുപോകരുത്‌. ഇമ്മണി ബല്യ പുഴ നിനക്കുവേണ്ടി അവിടെ കാത്തിരിപ്പുണ്ട്‌. അവിടേയ്‌ക്ക്‌ പെട്ടെന്നു ഞാനെത്താം. വീണ്ടും നമുക്ക്‌ മഴ നനയാം. ചെളിവെള്ളം കുഴഞ്ഞുകിടക്കുന്ന മണ്‍ വഴിയിലെ തവളക്കുണ്ടുകള്‍ നമുക്കപ്പോള്‍ തേടാം. അതുവരേയ്‌ക്കും, നീ നിന്റെ കണ്ണുകള്‍ പൂട്ടിയിരിക്കുക. അതു തുറക്കുന്നത്‌ പൂക്കാലത്തിലേക്കാകട്ടെ.

സസ്‌നേഹം
സ്വന്തം
കൂട്ടുകാരന്‍.

5 comments:

അരുണ്‍ കരിമുട്ടം said...

നാലു പാരഗ്രാഫില്‍ ഒരു കാലഘട്ടം അല്ലേ?കൊള്ളാം കൂട്ടുകാരാ..

പാമരന്‍ said...

കൊള്ളാം..!

ഹാരിസ് said...

:)

Anil cheleri kumaran said...

kaththukaLഅവളുടെ കത്തുകള്‍ക്കായി കാത്തിരുന്നു തുലച്ചു കളഞ്ഞ കുറേ നാളുകളെ വീണ്ടും ഓര്‍മ്മിപ്പിച്ചു.._kkaayi

മഴയുടെ മകള്‍ said...

കിടിലന്‍ ഡാ.........