Sunday, January 31, 2010

തടവറക്കവിതകള്‍ വീണ്ടും

പ്രതിഷേധച്ചൂടില്‍ അലറി വിളിച്ചു
പിറന്ന തടവറക്കവിതകള്‍

വീണ്ടുംവിപ്ലവ സമരങ്ങളുടെ ചുടുകാറ്റില്‍ തടവറകള്‍ വിയര്‍ത്തൊട്ടിയ കാലഘട്ടത്തില്‍നിന്നായിരുന്നു തടവറക്കവിതകള്‍ അലറിവിളിച്ചു പിറന്നത്‌. കൊടിയ പീഡനത്തിന്റെ ആര്‍ത്തനാദങ്ങള്‍ ചുടുനിശ്വാസങ്ങളായി മാത്രം പുറത്തേക്കുവിട്ട വിപ്ലകാരികളുടെ കാലഘട്ടം. കവിതയും എഴുത്തും സര്‍ഗാത്മകതയും വിപ്ലവത്തിന്റെ വിറകുകൊള്ളികളാണെന്ന തിരിച്ചറിഞ്ഞ്‌ ചൂഷകര്‍ക്കെതിരേ ആളിക്കത്തിച്ചവരുടെ നാളുകള്‍. തടവറകളിലെ സിഗററ്റ്‌ പാക്കറ്റുകളില്‍ എഴുതിവച്ച തീക്ക(കവിതകള്‍)നലുകള്‍ പിന്നീട്‌ കേരളത്തിന്റെ മണ്ണില്‍ പടര്‍ത്തിയ ജ്വാലകള്‍ ഇന്നും അണഞ്ഞിട്ടില്ല. കവിതയെഴുതി, തൊണ്ടപൊട്ടുമാറു പാടി വിമോചനത്തിന്റെ ദിനങ്ങളെ അവര്‍ വരവേറ്റു. സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ട അടിയന്തിരാവസ്‌ഥക്കാലത്ത്‌ വിവിധ ജയിലുകളില്‍ കിടന്നവരുടെ ഇരുപത്തഞ്ചുകവിതകള്‍ അന്നു പ്രസിദ്ധീകരിച്ചു. പിന്നീട്‌ 33 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഇപ്പോള്‍ പുന:പ്രസിദ്ധീകരിക്കുന്നത്‌. ഉദയഭാനു, സിവിക്‌ ചന്ദ്രന്‍, സി.കെ അബ്‌ദുള്‍ അസീസ്‌, പുരുഷോത്തമന്‍, ദാസ്‌ എന്ന കുട്ടികൃഷ്‌ണന്‍, സോമനാഥന്‍, എം.എം. സോമശേഖരന്‍, വി.കെ പ്രഭാകരന്‍, മുഹമ്മദ്‌ അലി, പി.കെ രഘുനാഥ്‌ എന്നിവരാണു ഹോചിമിന്റെ ജയില്‍ ഡയറിയിലെ വരികള്‍.

``കുറ്റം ചെയ്യാതെ ഒരു വര്‍ഷം ജയിലില്‍
കഴിച്ചു കണ്ണുനീര്‍ മഷിയാക്കി
ഞാനെന്റെ ചിന്തകള്‍ കവിതകളാക്കി
മാറ്റുന്നു... ഇന്നു നാം ഇരുമ്പും ഉരുക്കും
ചേര്‍ത്ത കവിതകള്‍ പണിതെടുക്കണം..
ഇന്നു കവിതയ്‌ക്ക്‌ ഒരാക്രമണം
നയിക്കാനും അറിഞ്ഞിരിക്കണം ''എന്ന വരികള്‍.

ജയിലിലെത്തുംമുമ്പ്‌ നാലുവരി കുറിക്കാത്തവരായിരുന്നു ഇവരില്‍ പലരും. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതോടെ സംസ്‌ഥാനത്തിന്റെ പല ഭാഗത്തുനിന്നായി പിടിയിലായ ഇവരെല്ലാം കക്കയം, ശാസ്‌തമംഗലം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഭയാനകമായ പീഡനങ്ങള്‍ക്ക്‌ ഇരകളായി. ``വെടിയുണ്ടയുടെ നീളംപോലുമില്ലല്ലോടാ..... മോനേ നിനക്ക്‌'' എന്നാക്രോശിച്ചുകൊണ്ടാണ്‌ ഉദയഭാനുവിനെ ജയറാം പടിക്കല്‍ വരവേറ്റത്‌.

ശാരീരിക പീഡനങ്ങളുടേയും മാനസിക വിക്ഷോഭങ്ങളുടെയും എണ്ണമറ്റ ദിവസങ്ങളിലൂടെ, ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും പ്രസക്‌തിയില്ലാത്ത ക്ഷുദ്രമായ ദിവസങ്ങളിലൂടെ കടന്നെത്തി, മരണത്തെ അതിജീവിച്ച്‌, നീട്ടിപിടിച്ച തോക്കുകള്‍ക്കും കയ്യില്‍ പൂട്ടിയ വിലങ്ങുകളുടെ കിലുക്കങ്ങള്‍ക്കുമിടയിലൂടെ കല്‍ത്തുറുങ്കിന്റെ കനത്ത ഭിത്തികള്‍ക്കകത്തു തളച്ചിടുമ്പോള്‍, ഉണര്‍ന്നിരിക്കുന്ന കവിമനസുകളുടെ രചനകളാണ്‌ ഈ സമാഹാരത്തിലെന്ന്‌ ആദ്യപതിപ്പിന്റെ അവതാരികയില്‍ ഉദയഭാനു എഴുതി. പുതിയ പതിപ്പിന്റെ അവതാരിക അന്നത്തെ പതിപ്പു കേരളത്തിലുടനീളം വിറ്റുനടന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത്‌.

അന്യന്റെ ശബ്‌ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലം സ്വപ്‌നം കണ്ടതിനു ശിക്ഷിക്കപ്പെട്ട തലമുറയുടെ അവശിഷ്‌ടമാണ്‌ ഈ പുസ്‌തകമെന്ന്‌ അവതാരികയില്‍ ചുള്ളിക്കാട്‌ കുറിക്കുന്നു. സ്വന്തം വാക്കുകള്‍ക്കു സ്വന്തം ചോര കൊണ്ടു വില കൊടുത്തവരുടെ ഈ രചനകള്‍ സാഹിത്യചരിത്രത്തില്‍ ഇടം നേടിയില്ലെങ്കിലും തോറ്റവര്‍ക്കും ചരിത്രമുണ്ടെന്നും തോല്‍വിക്കും കവിതയുണ്ടെന്നും വിളിച്ചോതുന്നെന്നും ചുള്ളിക്കട്‌ തുടരുന്നു.

കണ്ണൂര്‍, തിരുവന്തപുരം, വിയ്യൂര്‍ ജയിലുകളിലെ ഏകാന്തതടവില്‍ എഴുതിയ കവിതകള്‍ ഒളിപ്പിക്കാനായിരുന്നു പ്രയാസം. ജയിലധികാരികളും മുതിര്‍ന്ന പാര്‍ട്ടി തടവുകാരുടേയും കണ്‍വെട്ടം തട്ടിയാല്‍ അവ നശിപ്പിക്കപ്പെടുമായിരുന്നു. മാവോ സെ തൂങ്ങിന്റെ കൃതികള്‍ വായിക്കാനായിരുന്നു പാര്‍ട്ടിക്കാരുടെ നിര്‍ദേശം. എന്നാല്‍, അതിജീവനത്തിന്റെ തൃഷ്‌ണ എഴുതുകമാത്രമായിരുന്നെന്ന്‌ പുസ്‌തകം എഡിറ്റ്‌ ചെയ്‌ത സിവിക്‌ ചന്ദ്രന്‍ പറയുന്നു. അടിയന്തരാവസ്‌ഥയ്‌ക്കുശേഷം യുക്‌തിവാദികളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിച്ചിരുന്ന തൃശൂരിലെ നാസ്‌തികന്‍ പബ്ലിക്കേഷന്‍ പുസ്‌തകം പ്രസിദ്ധീകരിച്ചു. തടവറകളില്‍ മരിച്ചുവീണ രക്‌തസാക്ഷികള്‍ക്കു സമര്‍പ്പിച്ച്‌. തടവറകവികളില്‍ ഉദയഭാനു, സോമനാഥന്‍, ദാസ്‌, മുഹമ്മദലി എന്നിവര്‍ ഇന്നു ജീവിച്ചിരിപ്പില്ല. മറ്റുള്ളവര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനവും ജീവിതവും തുടരുന്നു. അബ്‌ദുള്‍ അസീസ്‌ പി.ഡി.പിയുടെ നയരൂപീകരണസമിതി അധ്യക്ഷനാണ്‌. സോമശേഖരന്‍ ഏറെക്കാലത്തെ നക്‌സലൈറ്റ്‌ ജീവിതത്തിനുശേഷം ഇപ്പോള്‍ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. രഘുനാഥ്‌ പാരലല്‍ കോളേജ്‌ അധ്യാപകന്‍. വി.കെ പ്രഭാകരന്‍ നാടകരംഗത്തു തുടരുന്നു. കൂടാതെ വില്ലേജ്‌ ഓപീസില്‍ ജോലി. പുരുഷോത്തമന്‍ അഡ്വക്കേറ്റാണ്‌. സിവിക്‌ ചന്ദ്രന്‍ അറിയപ്പെടുന്ന സാംസ്‌കാരിക വിമര്‍ശകനും. ഇവര്‍ ആറുപേരും മൂന്നു ദശകങ്ങള്‍ക്കു ശേഷം ഒന്നിച്ചിരുന്ന്‌ പുതിയ കാലത്തിന്റെ വിഹ്വലതകളെക്കുറിച്ചു നടത്തുന്ന ചര്‍ച്ച പുസ്‌തകത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌. പഴയ പതിപ്പിന്റെയും പുതിയ പതിപ്പിന്റേയും കവര്‍ ഡിസൈന്‍ പ്രശസ്‌ത ചിത്രകാരന്‍ സി.എന്‍ കരുണാകരന്റേതാണ്‌. ചൂഷണങ്ങള്‍ നിലനില്‍ക്കുവോളം പോരാട്ടങ്ങളും തടവറകളും നിലനില്‌ക്കുമെന്നതാണ്‌ ഈ കവിതകളുടെ രണ്ടാം പതിപ്പിന്റെ പ്രസക്‌തിയെന്ന്‌ പ്രസാധനത്തിനു മുന്‍കൈ എടുത്ത മുഹമ്മദ്‌ പറയുന്നു. തൃശൂരിലെ ഫ്‌ളെയിം ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്ന തടവറകവിതകളുടെ രണ്ടാംപതിപ്പ്‌ പ്രകാശനം 13-നു സാഹിത്യ അക്കാദമിയില്‍ നടക്കും.

-ഐ. ഗോപിനാഥ്‌

Saturday, November 28, 2009

ചായക്കട

ചുട്ടെടുത്ത അപ്പത്തിന്‍ മണം,
കട്ടന്‍കാപ്പിയുടെ
പുകഏഴരക്കാലത്തെ
പുകമഞ്ഞുപോലെചായ- ബെഞ്ചും
ഡസ്‌കുംകുട്ടപ്പന്റെ ചായക്കട

പെട്ടുപോയ്‌ ഇന്നലെ
ഒട്ടുമുറങ്ങിയില്ല,
നശിച്ചകൊതുകെന്നൊരാള്‍.

ഓവറായ്‌, പെമ്പിള
കൂടെക്കിടത്തിയില്ല
കട്ടിലില്ലാത്തതാവാം
പൊട്ടുന്നു നട്ടെല്ല്‌.

ഇഷ്‌ടിക, വാര്‍പ്പ്‌പിന്നെയൂം
വിയര്‍പ്പിന്റെ
ഒട്ടുപാല്‍ മണക്കും
പണിത്തിരക്കിന്‍ കട.

കുട്ടപ്പന്റെ ചായക്കടയ്‌ക്ക്‌
ആയിരം നാവ്‌.

കഷ്‌ടപ്പാട്‌ നെട്ടോട്ടമോടും
ചാരുബെഞ്ചില്‍'
ഇത്തിരിക്കൂടി ഞാനുമിരുന്നു
പട്ടുപോയ രാത്രിയുടെ
പട്ടിണിയുമൂതി...

ചുട്ടെടുക്കുന്ന അപ്പത്തിന്‍
മണം വീണ്ടും....

Saturday, July 11, 2009

കറുപ്പും വെളുപ്പും

ഞാന്‍, നിന്റെ
വെളുത്ത പുറം ചുമരില്‍
എഴുതിയ ജീവിതം

കരികൊണ്ട്‌,
അലസമായി.ദു:ഖം,
സന്തോഷംഉന്മാദം, രതി,
ഇടയ്‌ക്കെപ്പൊഴോ വന്ന
വസന്തം.
എല്ലാം കറുപ്പ്‌.
ഇടയ്‌ക്കെപ്പൊഴോഒരു
കറുത്ത റോസാപ്പൂ.

പൊതുവഴിയിലെ
ചുമരായതിനാല്
‍വഴിപോക്കരുടെ വക
നഗ്നത.
കുട്ടികള്‍ക്ക്‌ കറുത്ത മരം.
എല്ലാം കറുപ്പ്‌.
അവടെ ഞാന്‍
കറുത്ത വരയും കുറിയും.
മഴയില്‍ ഒലിച്ച്‌
എങ്കിലും ജീവിച്ചു.

ഇന്ന്‌,
പുത്തന്‍ കൂറ്റുകാ
ര്‍വാങ്ങിയ നിന്റെ ചുമര്‍.
വെളുത്ത്‌,
സിനിമാ പോസ്‌റ്റര്‍,
നോട്ടീസ്‌, പിന്നെകുറേ
മുറുക്കാന്‍ തുപ്പലുകള്‍,
ചെളി.
പിന്നീടൊരിക്കല്‍
അടര്‍ന്ന വെളുപ്പിനുള്ളിനിന്ന്‌
ഞാന്‍ വരയും കുറിയുമായി....

Wednesday, June 24, 2009

ആനയും ആദിവാസിയും ആര്‍ക്കുവേണം ?

കാടു മുടിക്കാം.... കറന്റെടുക്കാനാണെങ്കില്‍ !

നട്ടുച്ചയ്‌ക്കും ഇരുട്ടു പരന്നുകിടക്കുന്ന ഉള്‍ക്കാട്‌. അകലെനിന്നു തന്നെ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം കേള്‍ക്കാം. അടുത്തുചെന്നു മുകളില്‍നിന്ന്‌ ഒന്നേനോക്കിയുളളൂ. അപ്പോഴേക്കും പിന്നില്‍നിന്നു വിളിവന്നു. അവിടേയ്‌ക്കധികം പോകണ്ടാ... മഴ പെയ്‌തു വഴുക്കലുണ്ടാകും. വീണാല്‍ പൊടിപോലും കിട്ടത്തില്ല. കൂടെയുളളവരുടെ മുന്നറിയിപ്പ്‌. മഴക്കാലത്തു കുലംകുത്തിയൊഴുകുന്ന പെരിയാര്‍ ഇക്കുറി ശക്‌തി കുറച്ചപോലെ. എങ്കിലും താഴേയ്‌ക്കുള്ള ഒഴുക്കിനു നല്ല വേഗം. തുടര്‍ച്ചയായി അട്ടകടിച്ചതിന്റെ ചൊറിച്ചില്‍ കാലില്‍. പൂയംകുട്ടി വൈദ്യുതി പദ്ധതിക്കായി അണക്കെട്ടു നിര്‍മിക്കാന്‍ പോകുന്ന പിണ്ടിമേടുകുത്തിലെ വെള്ളച്ചാട്ടത്തിനരികിലായിരുന്നു അപ്പോള്‍. ``നിറയെ അട്ടയാണ്‌. ഞങ്ങള്‍ക്കിതൊക്കെ നല്ല പരിചയം. ഇടയ്‌ക്ക്‌ കാടുകാണാനെത്തുന്നവര്‍ക്കാണ്‌ ഇക്കൂട്ടര്‍ ശല്യക്കാര്‍''-കൂടെയെത്തിയ ആദിവാസിയുടെ കമന്റ്‌. കാലില്‍ തേച്ചിരുന്ന ചന്ദ്രിക സോപ്പും പുകയിലയുമാണ്‌ ആകെയുള്ള പ്രതിരോധം.

മഴയും കാട്ടാനയുടെ ശല്യവും എല്ലാം കൂടി ആദിവാസികളുടെ ജീവിതം ഇപ്പോള്‍ ദുരിതമാണ്‌. എന്നാല്‍, ഇപ്പോള്‍ ഇവരുടെ ആശങ്കകളൊക്കെ അണക്കെട്ടിനെപ്പറ്റിയാണ്‌. അണക്കെട്ടു വന്നാല്‍ ഇവിടെനിന്നും കുടിയിറങ്ങേണ്ടി വരുമെന്നത്‌ ഇവരെ തളര്‍ത്തുന്നു. എന്നും പൂയംകുട്ടിയാറിനരികിലൂടെ കാട്ടിനുള്ളിലേക്ക്‌ ഊളിയിടുന്ന ആദിവാസികള്‍ക്ക്‌ കാട്‌ കൈരേഖകള്‍പോലെ പരിചിതം. ഇലയനക്കം കേട്ടാല്‍ പോലും മനസിലാകും കാടിന്റെ ഭാഷ. പ്രഭാതങ്ങളില്‍ ഉള്‍ക്കാട്ടിനുള്ളിലേക്കു കടക്കുന്ന ഇവര്‍ തിരകെയെത്തണമെങ്കില്‍ സൂര്യന്‍ മറയണം. അതുവരെ കാടാണിവര്‍ക്ക്‌ അമ്മയും അച്‌ഛനും ദൈവവുമെല്ലാം. ഇടയ്‌ക്ക്‌ കലികയറിയെത്തുന്ന കാട്ടാനകളെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും സുരക്ഷിത സ്‌ഥലം. എന്നേയ്‌ക്കുമായി അവസാനിക്കുന്നതും പ്രകൃതിയുടെ ഈ സുരക്ഷിതത്വമാണ്‌. കാടിന്റെ അവസാന തുടിപ്പിനെയും ശ്വാസംമുട്ടിച്ചുകൊന്നുകൊണ്ടാണ്‌ ഇവിടെ അണക്കെട്ടുയരാന്‍ പോകുന്നത്‌. ``ഞങ്ങള്‍ എങ്ങോട്ടുപോകും? ഇതൊരു മുഴങ്ങുന്ന ചോദ്യമാണ്‌. എന്നാല്‍, ഈ പരിദേവനങ്ങളൊക്കെയും പലപ്പോഴും കാടിനപ്പുറത്തേയ്‌ക്ക്‌ എത്താറില്ലെന്നതു വാസ്‌തവം. പട്ടിണിയും അവഗണനയും പീഡനങ്ങളും കുടിയൊഴിപ്പിക്കലുകളുടെയും കഥകള്‍ക്കിടയിലും ഇവര്‍ക്കു കാടായിരുന്നു ആശ്രയം. ചെങ്കുളം ഡാം നിര്‍മാണത്തിനുവേണ്ടിയാണ്‌ ഇവരെ ആദ്യം കുടിയൊഴിപ്പിച്ചത്‌. പിന്നീട്‌ തുടര്‍ച്ചയായി നിരവധി തവണ ഇതാവര്‍ത്തിച്ചു. പദ്ധതി വന്നാല്‍ ഇവിടെനിന്നും ഇറങ്ങേണ്ടി വരും.

ഹിന്ദുസ്‌ഥാന്‍ കമ്പനിക്കുവേണ്ടി ഈറ്റ വെട്ടിയും, പട്ടിണിയകറ്റാന്‍ മാത്രം കാട്ടുതേനും മറ്റു വനവിഭവങ്ങളും ശേഖരിച്ചു ജീവിക്കുന്നവര്‍. കാടിനെ സ്‌നേഹിക്കുന്നവര്‍. സ്വന്തമായി ഭൂമിയെന്ന അലമുറയിടലല്ല ഇപ്പോള്‍ ഇവരുടെ വാക്കുകളില്‍. അതൊക്കെ എന്നേ ഇവര്‍ അവസാനിപ്പിച്ചിരിക്കുന്നു. ജീവിതത്തിലെ അവസാന പച്ചപ്പും മുക്കിക്കളയുന്നതിലാണ്‌ ആശങ്കകള്‍ നിഴലിക്കുന്നത്‌. എന്നാല്‍ അണക്കെട്ടു വരുന്നതിനെ അനുകൂലിക്കുന്നവരും നാട്ടുകാരുടെ ഇടയിലുണ്ട്‌. കാടുകൈയേറി റബറും മറ്റുകൃഷിയും നടത്തുന്നവര്‍. പൂയംകുട്ടി പദ്ധതിയെപ്പറ്റി അറിയുമ്പോള്‍ തന്നെ ഇവിടെ കൈയേറ്റം ആരംഭിച്ചു. പക്ഷി നിരീക്ഷണത്തില്‍ ലോകം ആദരിച്ചിരുന്ന ഡോ. സലിം അലിയുടെ ഇഷ്‌ടവനമാണ്‌ തട്ടേക്കാട്‌ ഉള്‍പ്പെടുന്ന പൂയംകുട്ടി വനമേഖല. അതീവ ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്ന ഇവിടെ ദേശാടനക്കാരടക്കം 330 പക്ഷിവര്‍ഗങ്ങളുണ്ട്‌. 1950 കളില്‍ ഇവിടെയെത്തിയ സലിം അലിയുടെ ആഗ്രഹം പൂര്‍ത്തിയാകുന്നത്‌്‌ 1983 ലാണ്‌. സലിം അലിയെ ബഹുമാനിച്ചവര്‍ തന്നെ ഇന്ന്‌ നാശത്തിലേക്കുള്ള അവസാന അനുമതിയും മൂളുന്നു. തവളവായന്‍ പക്ഷിയടക്കമുള്ള അപൂര്‍വയിനം പക്ഷികള്‍, നിത്യ ഹരിതവനം, അര്‍ധ നിത്യഹരിത വനം, ഇലപൊഴിയും ഈര്‍പ്പവനം എന്നിങ്ങനെ മൂന്നിനം കാടുകള്‍, ഭൂതത്താന്‍കെട്ടെന്ന പ്രകൃതിജന്യ അണക്കെട്ട്‌- കാടിന്റെ വിശേഷങ്ങള്‍ നീളും. തേക്ക്‌, മഹാഗണി എന്നിവയ്‌ക്കുപുറമേ അത്യപൂര്‍വങ്ങളായ കാട്ടുവൃക്ഷങ്ങള്‍. പെരിയാറിന്റെ കൈവഴിയായ ഇവിടുത്തെ കനത്ത മത്‌സ്യ സമ്പത്തും പക്ഷികളുടെ, പ്രത്യേകിച്ച്‌ നീര്‍പക്ഷികളുടെ ഇഷ്‌ട സങ്കേതമാക്കി മാറ്റി. കടലിനോട്‌ എറ്റവുമടുത്തു സ്‌ഥിതിചെയ്യുന്ന അപൂര്‍വം വനങ്ങളിലൊന്നുമാണിത്‌. എല്ലാം എല്ലാവര്‍ക്കും അറിയാം. പക്ഷേ, കണ്ണടച്ചിരുട്ടാക്കിയാലോ?

പൂയംകുട്ടി പദ്ധതി

വിവിധ കമ്മിഷനുകളുടെ പഠനങ്ങള്‍ക്കുശേഷം കഴിഞ്ഞ മേയ്‌ 21 നാണ്‌ പൂയംകുട്ടി പദ്ധതിക്ക്‌ വൈദ്യുതി ബോര്‍ഡ്‌ അന്തിമ അനുമതി നല്‍കിയത്‌. 1400 ഏക്കര്‍ വനം പദ്ധതിക്ക്‌ ആവശ്യമാണ്‌. പദ്ധതിക്ക്‌ ഏതാണ്ട്‌ ഇത്രയോളം തന്നെ തുക ചെലവും കണക്കാക്കുന്നു. ഇതോടൊപ്പം മറയൂരിന്റെയും കാന്തല്ലൂരിന്റെയും അതിര്‍ത്തിയില്‍ പാമ്പാര്‍പുഴയില്‍ കോവില്‍കടവില്‍ മറ്റൊരു വൈദ്യുതി പദ്ധതി സ്‌ഥാപിക്കാനും തീരുമാനമുണ്ട്‌. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്നു മൂന്നു നദികളില്‍ ഒന്നാണ്‌ പാമ്പാര്‍ പുഴ. മുമ്പ്‌ ഇവിന്റെ അണക്കെട്ടു നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കേന്ദ്ര ജല കമ്മിഷന്‍ ഇടപെട്ട്‌ ഇത്‌ തടഞ്ഞു. തമിഴ്‌നാട്ടിലേക്ക്‌ ജലമെത്തിക്കുന്ന നദിയായതിനാല്‍ തമിഴ്‌നാടിന്റെ ഇടപെടലും ഇതിനു പിന്നിലുണ്ടായിരുന്നു. 1957-ല്‍ വൈദ്യനാഥയ്യര്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ പദ്ധതിയെപ്പറ്റി ആലോചിക്കുന്നത്‌. പിന്നീട്‌ 1981-ല്‍ പൂയംകുട്ടി വൈദ്യുത പദ്ധതിയെപ്പറ്റിയുള്ള ആദ്യ റിപ്പോര്‍ട്ട്‌ വൈദ്യുതി ബോര്‍ഡ്‌ സമര്‍പ്പിച്ചു. പൂയംകുട്ടി ഒന്നാംഘട്ടം, പൂയംകുട്ടി രണ്ടാംഘട്ടം, അപ്പര്‍ ഇടമലയാര്‍, ആനമലയാര്‍, മാങ്കുളം എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളിലായി വൈദ്യുതി പദ്ധതികള്‍ സ്‌ഥാപിക്കാനായിരുന്നു നിര്‍ദേശം. പൂയംകുട്ടി ഒന്നാംഘട്ടത്തില്‍ 148 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ടുണ്ടാക്കി വൈദ്യുതി ഉത്‌പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. കനത്ത വനസമ്പത്തിനു നാശമുണ്ടാകുമെന്നതിനാല്‍ കേന്ദ്രം അനുമതി നല്‍കില്ലെന്ന തിരിച്ചറിവില്‍ 1983-ല്‍ ഇതിന്റെ ഒന്നാം ഘട്ടത്തിന്‌ അനുമതിയാവശ്യപ്പെട്ട്‌ കേന്ദ്രത്തെ സമീപിച്ചു. വനനാശം കുറയ്‌ക്കുന്നതിന്‌ ഡാമിന്റെ ഉയരം പിന്നീട്‌ 120 മീറ്ററാക്കി ചുരുക്കി.

ഇതിന്‌ ആദ്യം അനുമിതി കിട്ടിയെങ്കിലും തുടര്‍ച്ചയായ എതിര്‍പ്പുകളെത്തുടര്‍ന്ന്‌ 1987-ല്‍ കേന്ദ്രം പദ്ധതിക്ക്‌ അനുമതി നിഷേധിച്ചു. പിന്നീട്‌ 1988-ല്‍ പീച്ചിയിലെ കേരളാ വനഗവേഷണ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ കെ.എസ്‌.ഇ.ബിയുടെ നിര്‍ദേശമനുസരിച്ച്‌ പരിസ്‌ഥി നാശത്തെക്കുറിച്ചു പഠനം നടത്തി. 1989-ല്‍ ഇവര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. പൂയംകുട്ടി പദ്ധതി കാടിനും വന്യജീവികള്‍ക്കും വന്‍ നാശമുണ്ടാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്‌. തുടര്‍ന്ന്‌ കേന്ദ്ര പരിസ്‌ഥിതി വകുപ്പ്‌ പദ്ധതിക്ക്‌ അനുമതി നിഷേധിച്ചു. പിന്നീട്‌ 1991-ല്‍ കരുണാകരന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ വീണ്ടും കമ്മിഷനെ വച്ചു. ഇവരുടെ റിപ്പോര്‍ട്ടും എതിരായതിനെത്തുടര്‍ന്ന്‌ 94-ല്‍ കേന്ദ്രം വീണ്ടും അനുമതി നിഷേധിച്ചു. കേന്ദ്രപരിസ്‌ഥിതിമന്ത്രി കമല്‍നാഥായിരുന്നു പദ്ധതിക്കെതിരേ പ്രതികരിച്ചത്‌. തുടര്‍ന്ന്‌ നട്‌കര്‍ണി കമ്മിഷനും സലിംഅലി സെന്റര്‍ഫോര്‍ ഓര്‍ണത്തോളജി ആന്‍ഡ്‌ നാച്ചുറല്‍ ഹിസ്‌റ്ററിയും അന്വേഷിച്ചെങ്കിലും അപൂര്‍വ വനസമ്പത്തു നശിപ്പിക്കുന്നതിന്‌ എതിരായിരുന്നു ഇവരും. കടലിനോടുചേര്‍ന്നുള്ള കേരളത്തിലെ ഏക ലോ ലാന്റ്‌ ഫോറസ്‌റ്റ്‌ നശിപ്പിക്കരുതെന്നായിരുന്നു ഇവരുടെ അഭ്യര്‍ഥന. കമ്മിഷനുകളുടെയും പരിസ്‌ഥിതി സംഘടനകളുടെയും തുടര്‍ച്ചയായ എതിര്‍പ്പിനെത്തുടര്‍ന്നു വര്‍ഷങ്ങളോളം പദ്ധതി മരവിച്ചു കിടന്നു. 2000-ല്‍ കെ.എസ്‌.ഇ.ബി. പൂയംകുട്ടി പദ്ധതിയുമായി വീണ്ടും രംഗത്തെത്തി. ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിനെയാണ്‌ കമ്മിഷനായി നിയമിച്ചത്‌. കെ.എസ്‌.ഇ.ബിക്ക്‌ അനുകൂല റിപ്പോര്‍ട്ട്‌ ഉണ്ടാക്കണമെന്ന നിര്‍ദേശവും ഇവരെ നിയമിക്കുമ്പോള്‍ ഉണ്ടായിരുന്നു. അണക്കെട്ടിന്റെ ഉയരം മുന്നൂറു മീറ്ററായി നിജപ്പെടുത്തിയാല്‍, പദ്ധതികൊണ്ട്‌ വനത്തിനും മറ്റു വന്യ ജീവികള്‍ക്കുമുണ്ടാകുന്ന നാശം അമ്പതുശതമാനം വരെ കുറയ്‌ക്കാമെന്നായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്‌. ഇതോടൊപ്പം വന നാശം 26668.80 ഹെക്‌ടറില്‍നിന്ന്‌ 1351.27 ഹെക്‌ടറായി കുറയ്‌ക്കാമെന്നും ഇവര്‍ പറയുന്നു. പദ്ധതിയുടെ മൊത്തം ഉത്‌പാദനത്തില്‍ ഒമ്പതു ശതമാനം മാത്രമേ കുറവുണ്ടാകൂ എന്നും ഇവര്‍ സമര്‍ഥിക്കുന്നു.

ഇവരുടെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച്‌ 2001-ല്‍ പദ്ധതി ഏറ്റെടുക്കാമെന്നു കേന്ദ്രം അറിയിച്ചു. നാഷണല്‍ ഹൈഡ്രോപവറിനെ പദ്ധതി ഏല്‍പ്പിക്കാനായിരുന്നു തീരുമാനം. ഇന്നു വനംകൈയേറ്റത്തിനെതിരേയും മറ്റും ശബ്‌ദമുയര്‍ത്തുന്ന വി.എസ്‌. അച്യുതാനന്ദന്‍ പോലും അന്നു പദ്ധതിക്കുവേണ്ടി വാദിച്ചു. പ്രതിപക്ഷനേതാവായിരുന്നു അന്നു വി.എസ്‌. തുടര്‍ന്നും നിശബ്‌ദമായിക്കിടന്ന പദ്ധതിക്ക്‌ കഴിഞ്ഞ മാസമാണ്‌ പുനര്‍ജനിയായത്‌.

ജൈവസമ്പത്തിന്റെ കലവറ

ആമസോണ്‍ കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ സമുദ്രത്തിനോട്‌ ഇത്ര അടുത്തുള്ള നിമ്‌ന വനമില്ല. സൈലന്റ്‌ വാലിയും പൂയംകുട്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ. ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്കെതിരേയാണ്‌ ഏറ്റവും അടുത്തകാലത്ത്‌ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത്‌. എന്നാല്‍, ആയിരം ആതിരപ്പള്ളിക്കു സമാനമാണ്‌ ഒരു പൂയംകുട്ടിയെന്ന്‌ പ്രകൃതി സംരക്ഷണ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.പെരിയാര്‍ ടൈഗര്‍ റിസവ്‌ കഴിഞ്ഞാല്‍ ഹൈറേഞ്ചിലെ ഏറ്റവും വലിയ വനപ്രദേശമാണിത്‌. ഹൈറേഞ്ചിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്‌ഥിതിചെയ്യുന്ന ലോലാന്റ്‌ ഫോറസ്‌റ്റ്‌ എന്ന പ്രത്യേകതയും പൂയംകുട്ടിക്കുണ്ട്‌. പെരിയാറിന്റെ ഏറ്റവും പ്രധാന കൈവഴിയാണ്‌ പൂയംകുട്ടിയാര്‍. ഇടുക്കിയിലെ വൈദ്യുതി ഉത്‌പാദനത്തിനുശേഷം പെരിയാറിലൂടെ തിരിച്ചുവിടുന്ന ജലമാണ്‌ പൂയംകുട്ടിയാറിലൂടെ എത്തുന്നത്‌. എറണാകുളം അടക്കമുള്ള സ്‌ഥലങ്ങളില്‍ പെരിയാറ്റിലൂടെ കുടിവെള്ളമെത്തിക്കുന്നതും പൂയംകുട്ടിയാറാണ്‌. പദ്ധതികൊണ്ട്‌ എറണാകുളത്തെ കുടിവെള്ള വിതരണവും പാടെ തടസപ്പെടും. പെരിയാറിന്റെ കൈവഴികളില്‍ അണക്കെട്ടു നിര്‍മിക്കാത്ത ഏക നദിയും ഇതാണ്‌. പൂയംകുട്ടിയാറില്‍ അണക്കെട്ടു നിര്‍മിക്കുന്നത്‌ പിണ്ടിമേടുകുത്ത്‌ വെള്ളച്ചാട്ടത്തിലാണ്‌.

ഏകദേശം നൂറടി താഴ്‌ചയിലേക്കാണ്‌ വെളളം കുത്തിയൊഴുകുന്നത്‌. നിബിഡ വനത്തിലൂടെയുള്ള ഒഴുക്ക്‌ ഇടമലയാറ്റില്‍ ചെന്നുചേരുന്നു. പിണ്ടിമേടുകുത്തില്‍ ഡാംനിര്‍മിച്ചാല്‍ ഏകദേശം മൂവായിരം ഹെക്‌ടര്‍ വനം നശിക്കുമെന്ന്‌ എല്ലാ കമ്മിഷനുകളും ചൂണ്ടിക്കാട്ടുന്നു. പൂയംകുട്ടിയിലെ സസ്യജാലത്തെപ്പറ്റിയുള്ള കൃത്യമായ കണക്കെടുപ്പ്‌ ഇന്നും നടന്നിട്ടില്ല. അറനൂറു മില്ലീമീറ്റര്‍ വരെ മഴലഭിക്കുന്ന ഇവിടുത്തെ അപൂര്‍വ ജൈവ വൈവിധ്യത്തിന്റെ കലവറ സസ്യശാസ്‌ത്രജ്‌ഞരെപ്പോലും അദ്‌ഭുതപ്പെടുത്തുന്നതാണ്‌. കേരളം മൊത്തം എടുത്താല്‍ പോലും ഒരു ആവാസവ്യവ്‌സഥയ്‌ക്ക്‌ നിലനില്‍ക്കാനുള്ള വനം നിലവില്ല. ഈ സാഹചര്യത്തിലാണ്‌്‌ 5400 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള വനത്തില്‍ അണകെട്ടുന്നത്‌. പ്രൊജക്‌ട്‌ എലിഫന്റ്‌ നടപ്പാക്കുന്ന ഇവിടെ ഏഷ്യാറ്റിക്‌ എലിഫന്റ്‌ വിഭാഗത്തിലുള്ള ആനകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നു. ആദിവാസികളുടെ പ്രധാന വരുമാന മാര്‍ഗമായ ഈറ്റക്കാടുകളുടെ വന്‍ ശേഖരമാണ്‌ പൂയംകുട്ടി. അമ്പതിനായിരത്തോളം ടണ്‍ ഈറ്റയാണ്‌ ഇവിടെനിന്നു ശേഖരിക്കുന്നത്‌. 1989-ലെ കെ.എഫ്‌.ആര്‍.ഐയുടെ കണക്കനുസരിച്ച്‌ ഹിന്ദുസ്‌ഥാന്‍ ന്യൂസ്‌പ്രിന്റിനുള്ള 26 ശതമാനം ഇറ്റയും ബാംബൂ കോര്‍പറേഷനുള്ള 48 ശതമാനം ഈറ്റയും ഇവിടെനിന്നു ശേഖരിക്കുന്നതാണ്‌. അന്നത്തെ കണക്കനുസരിച്ച്‌ ഏകദേശം 13,000 ആളുകള്‍ നേരിട്ടും മൂന്നുലക്ഷം ആളുകള്‍ അനുബന്ധമായും ഇതുമായി ബന്ധപ്പെട്ടു ജീവിക്കുന്നു. ഇന്ന്‌ ഈ കണക്കില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്‌.

അണകെട്ടുയരുന്നതോടെ ഈറ്റത്തൊഴിലാളികള്‍ ഒന്നടങ്കം പട്ടിണിയിലാകും. പദ്ധതി നടപ്പാക്കുന്നതിലൂടെ ആയിരത്തിലേറെ ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടും. മുതുവാന്‍ വിഭാഗത്തിലുള്ള ആദിവാസികളാണ്‌ ഏറെയും. ഇരുന്നൂറിലേറെ പക്ഷിവര്‍ഗങ്ങളും, മുപ്പതിലേറെ സസ്‌തനികളും നൂറിലേറെ മത്സ്യ വര്‍ഗങ്ങളും നൂറ്റി എഴുപതിലേറെ അപൂര്‍വ ഔഷധ സസ്യങ്ങളും കണക്കില്‍പെടാത്ത മറ്റിനങ്ങളും ഇവിടെയുണ്ട്‌. മരമെണ്ണി, വനം കാണാതെ പോകുന്നവര്‍ക്ക്‌ ഈ വനസമ്പത്തിന്റെ ആഴം മനസിലായിട്ടില്ല. ഭുഭ്രംശ മേഖലയിലാണ്‌ ഇപ്പോള്‍ പൂയംകുട്ടി സ്‌ഥിതിചെയ്യുന്നത്‌. ഇത്തരം പ്രദേശങ്ങള്‍ നിര്‍മിക്കാന്‍ അനുയോജ്യമല്ലെന്നു പഠനങ്ങള്‍ പറയുന്നു. ഇവിടെയുണ്ടാകുന്ന നേരിയ ഭൂചലനം പോലും വന്‍ ദുരന്തമുണ്ടാക്കും. ഇതൊക്കെ കെ.എസ്‌.ഇ.ബിക്കറിയാം. കണ്ണടയ്‌ക്കുന്നെന്നു മാത്രം. പൂയംകുട്ടി പദ്ധതികൊണ്ടുണ്ടാകുന്ന വൈദ്യുതി 73 മെഗാവാട്ട്‌ മാത്രമാണെന്നതും കൂട്ടിവായിക്കുമ്പോള്‍ നാശം എത്ര ഭീകരമെന്നു മനസിലാക്കാം.

കൈയേറ്റം ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങായി വര്‍ധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതികൊണ്ട്‌ ആയിരക്കണക്കിനാളുകള്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നതൊഴിച്ചാല്‍ നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടാനാവില്ല. നിലവിലുള്ള വൈദ്യുത പദ്ധതികളുടെ ഉത്‌പാദനം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നെന്ന വസ്‌തുതയും ശ്രദ്ധേയമാണ്‌. വന്യജീവികള്‍ക്കും വനത്തിനും കനത്തനാശമുണ്ടാക്കിയാണ്‌ ഈ പദ്ധതികളൊക്കെയും ഉയര്‍ന്നിട്ടുള്ളത്‌. വനത്തിന്റെ ജൈവ സമ്പത്തും പരിസ്‌ഥിതിയും നിലനിര്‍ത്തണമെന്നാണ്‌ ഇതുവരെയുള്ള എല്ലാ പഠനങ്ങളും തെളിയിച്ചിരിക്കുന്നത്‌. പദ്ധതിയുടെ നേട്ടങ്ങളെക്കാള്‍ കോട്ടങ്ങള്‍ മുഴച്ചുനിന്നിട്ടും ഇതേപ്പറ്റി പുനര്‍വിചിന്തനം നടത്താന്‍ ആരും തയാറാകുന്നില്ല. പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഒറ്റപ്പെട്ട സമരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവയൊന്നും വേണ്ടത്ര ശ്രദ്ധനേടുന്നില്ല. വനവും ആദിവാസിയും ആനയുമൊക്കെ ഏതാനും ചില പ്രകൃതി സ്‌നേഹികളുടെ ആവശ്യമായി ചുരുങ്ങി. ഇടതൂര്‍ന്ന കാടുകളുടെ സംഗീതം ഇനിയെത്രനാള്‍ എന്നുമാത്രം ചിന്തിച്ചാല്‍ മതിയാകും. മൂക്കറ്റം മുങ്ങിക്കഴിയുമ്പോള്‍ മാത്രം നിലവിളിക്കുന്ന മലയാളിയുടെ ഉറക്കമാണ്‌ ഇവിടെയും തുടരുന്നത്‌. അല്ലെങ്കില്‍ തന്നെ വോട്ടില്ലാത്ത ആനയും ആദിവാസിയും ആര്‍ക്കുവേണം?

Monday, March 30, 2009

ഭയം

കണ്ണിമയ്‌ക്കാതെയുള്ള
എന്റെ
നോട്ടത്തെഭയമാണെന്ന്‌
അവന്‍ പറഞ്ഞു

ചോപ്പു രാശി പടര്‍ന്ന
എന്റെ കണ്ണുകള്‍
ചേച്ചിയുടെ
കുട്ടികള്‍ക്കുംഭയം...

എഴുത്തുകള്‍കൊണ്ട്‌
എന്നെ വീര്‍പ്പുമുട്ടിച്ചപുസ്‌തകവും
പറഞ്ഞുനിന്റെ നോട്ടം
ഞാന്‍ ഭയക്കുന്നെന്ന്‌

പുലരിയിലേക്ക്‌
ഞാന്‍ നോക്കിയപ്പോള്
‍മഞ്ഞുതുള്ളിക്കും ഭയം

ഒടുക്കം, ഇന്നലെ
നീയും പറഞ്ഞു
എന്റെ തുറിച്ചുനോട്ടം
ഭയമാണെന്ന്‌

പക്ഷേ, കണ്‍പോളകള്‍
മുറിച്ചു മാറ്റപ്പെട്ടവന്‍
വേറെന്തുചെയ്യും ?

Wednesday, February 4, 2009

കാഴ്‌ചയുടെ`ഉത്സവകാലം'

അഥവാ അന്നു സിനിമകള്‍ ഉത്സവങ്ങളായിരുന്നു!!


സിനിമകള്‍ ഉത്സവങ്ങളാകും(ഫെസ്‌റ്റിവല്‍) മുമ്പ്‌ ഉത്‌സവപ്പറമ്പുകളെ സിനിമയുടെ ലോകത്തേക്കു കൊണ്ടുവന്ന ചലച്ചിത്രകാരന്‍ ഒരാളേ ഉണ്ടാകൂ. അത്‌ തൃശൂരിന്റെ മാത്രം (പ്രാദേശിക) ചലച്ചിത്രകാരനാണ്‌. പൂനം റഹിം. പതിനാറ്‌ എം.എം. സിനിമയുടെ പ്രചാരണത്തില്‍ കാലഘട്ടത്തിനൊപ്പം നീങ്ങിയയാള്‍. അന്ന്‌, ഫിലിം സൊസൈറ്റികളും ക്ലബുകളും സജീവമാകുന്നതിനു മുമ്പ്‌ ഫിലിം റെപ്രസെന്റേറ്റീവായിത്തുടങ്ങി ജനകീയ സിനിമയുടെ ഉറ്റചങ്ങാതിയായി മാറുകയായിരുന്നു പൂനം. അന്നും ഇന്നും അതു ശരിതന്നെ. പെട്ടിക്കുള്ളില്‍ ചുരുട്ടിവച്ചിരുന്ന ഫിലിം റോളുകള്‍ക്കൊപ്പം റഹീം യാത്രതുടങ്ങിയിട്ട്‌ മുപ്പത്തഞ്ചു വര്‍ഷം. ചരിത്രത്തിലിടം കണ്ടിട്ടുള്ള പല സിനിമകളും ഇതിനിടയില്‍ റഹീമിന്റെ പ്രൊജക്‌ടറിലൂടെ കറങ്ങിത്തിരിഞ്ഞിട്ടുണ്ട്‌.

16 എം.എം. പ്രൊജക്‌ടറുകള്‍ക്കു സമീപിക്കുക: പൂനം പിക്‌ചേഴ്‌സ്‌ എന്ന ചുവരെഴുത്ത്‌ തൃശൂരിന്റെ മതിലുകളില്‍ പൂപ്പല്‍ മായിക്കാതെ ഇന്നും സജീവമാണ്‌. അക്കാലത്തു പ്രത്യക്ഷപ്പെട്ടിരുന്ന ` അടിയന്തരാവസ്‌ഥ അറബിക്കടലില്‍' എന്ന എഴുത്തുകളേക്കാള്‍ ഇത്‌ അതിജീവിച്ചു. ഐസന്‍സ്‌റ്റീനിന്റെ വിഖ്യാതമായ ബാറ്റില്‍ഷിപ്പ്‌ പൊട്ടംകിനില്‍ വെടിയേറ്റ കുഞ്ഞുമായി അമ്മ നില്‍ക്കുന്ന പടവുകളും കുറസോവയുടെയും ബുനുവലിന്റെയും പോളന്‍സ്‌കിയുടേയും ഇങ്ങിവിടെ എം.ജി.ആറിന്റെയും സത്യന്റെയും നസീറിന്റെയും വിന്‍സെന്റിന്റെയും ഭാവതീവ്രതകള്‍ ഒരേപോലെ റഹീമിന്റെ പ്രൊജക്‌ടറുകള്‍ അക്കാലത്തു സ്‌ക്രീനിലെത്തിച്ചു.തീയറ്ററുകള്‍പോലും അത്രകണ്ട്‌ സജീവമല്ലാതിരുന്ന മലയാളത്തില്‍, റഹീമിന്റെ ഫിലിം പെട്ടികള്‍ക്കായി കാത്തുകെട്ടിനില്‍ക്കാനും ആളുകളുണ്ടായിരുന്നു.

മങ്ങി, കടകട ശബ്‌ദത്തില്‍, വെട്ടിവെട്ടി പ്രവര്‍ത്തിച്ചിരുന്ന പ്രൊജക്‌ടറുകള്‍ ഇന്ന്‌ കാഴ്‌ചവസ്‌തുവായിപ്പോലും കിട്ടാനില്ലെങ്കിലും ഇതേപോലെ ഇരുപതോളം പ്രൊജക്‌ടറുകള്‍ റഹീമിന്റെ ഗോഡൗണില്‍ സുഖശയനത്തിലാണ്‌.അടച്ചിട്ട മുറിയില്‍ കറുത്ത തുണികൊണ്ടു മറച്ച ജനലുകളുമായി കോളാമ്പിക്കുള്ളിലൂടെ കടന്നുവന്നിരുന്ന സിനിമയും ശബ്‌ദവും എത്തിച്ചിരുന്ന `സിനിമാക്കാരന്‍' ചേട്ടന്‍മാരെ ആരാധനയോടെ നോക്കുന്ന ചെറുപ്പവും ഇന്നില്ല. സ്‌കൂളുകളില്‍ ഒന്നോ രണ്ടോ രൂപ പിരിവെടുത്തു പ്രദര്‍ശിപ്പിച്ചിരുന്നപ്പോള്‍, അന്ന്‌ നായകന്റെ `സ്‌റ്റണ്ട്‌' കണ്ടുള്ള കരച്ചിലുകളും ഇന്നു കേള്‍ക്കാനിലെന്നു റഹീം പറയുന്നു. കാരണം, സ്‌കൂളുകളില്‍ ഫിലിംക്ലബുകളിലൂടെ സിനിമ എന്ന മാധ്യമം ഇന്നു സജീവമാണ്‌. ചാര്‍ളി ചാപ്ലിന്റെ വിഖ്യാത സിനിമ `ദ കിഡ്‌' പ്രദര്‍ശിപ്പിച്ചിട്ട്‌ തലമുറകള്‍ മാറി. ഇന്നും അതേ ഇഷ്‌ടമാണ്‌ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍. ഇതിനു പുറമേ, ബഷീര്‍ ദ മാന്‍ തുടങ്ങിയ സിനിമകളും സിലബസിന്റെ ഭാഗമായി കാണിക്കുന്നു. വേഗത്തിന്റെ മാന്ത്രികത കണ്ണിനുമുന്നില്‍ ചലനമായി മാറുന്ന കലയുടെ പ്രചാരണത്തില്‍ അന്നത്തെ ആവേശംതന്നെയാണ്‌ ഇന്നും റഹീമിന്‌. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ റഹീമിന്റെ ചലച്ചിത്രശേഖരത്തെ ആധാരമാക്കി നിര്‍മിച്ച `16 എം.എം.' ഡോക്കുമെന്ററിയും പ്രത്യേക പരാമര്‍ശം നേടി !

ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിയായ റഹ്‌മത്തലി എന്ന പൂനം റഹീം 16 എം.എം. പ്രൊജക്‌ടറുകളുടെ സഹചാരിയാകുന്നതും യാദൃച്‌ഛികമല്ല. യാഥാസ്‌ഥിതിക മുസ്‌ലിം കുടുംബത്തിലായിരുന്നതിനാല്‍ സിനിമയെ പ്രോത്സാഹിപ്പിക്കാത്ത അന്തരീക്ഷം. സിനിമ കാണുന്നത്‌ ദുര്‍ഗ്രഹവും. എങ്കിലും സിനിമയായിരുന്നു സ്വപ്‌നം. പ്രാഥമിക വിദ്യാഭ്യാസം മാത്രമായിരുന്നതിനാല്‍ ഉന്നത പദവികളും പ്രതീക്ഷിക്കാനാവുമായിരുന്നില്ല. ഭിലായില്‍ ഉരുക്കുവ്യവസായം തഴച്ചുവളര്‍ന്നിരുന്ന കാലഘട്ടത്തില്‍ അവിടെ കേരളീയ ഉത്‌പന്നങ്ങള്‍ വില്‌ക്കുന്നയാളായിരുന്നു റഹീമിന്റെ അച്‌ഛന്‍. മലയാളിയുടെ നിത്യജീവിതത്തില്‍നിന്നു മാറ്റി നിര്‍ത്താനാവാത്ത കേരളത്തിന്റെ തനതു വസ്‌തുക്കള്‍ വില്‌പന നടത്തുകയായിരുന്നു റഹീമിന്റെ അച്‌ഛന്‍. അന്നു ഭിലായില്‍ ആയിരക്കണക്കിനു മലയാളികള്‍ താമസിച്ചിരുന്നു. ദിവസേന അവിടുള്ളവര്‍ക്കു മുന്നില്‍ നാലുതവണ പ്രദര്‍ശനം നടത്തിയിരുന്നു. ചന്ദ്രതാരാ ഫിലിംസ്‌ എത്തിക്കുന്ന ചിത്രങ്ങളായിരുന്നു അവിടെ ഏറെയും പ്രദര്‍ശിപ്പിച്ചിരുന്നത്‌. റഹീമിന്റെ അച്‌ഛന്റെ കടയ്‌ക്കു സമീപമായിരുന്നു ചന്ദ്രതാരാ ഫിലിംസിന്റെ ഓഫീസ്‌. സിനിമാക്കമ്പം കയറിയ റഹീം മുഴുവന്‍ സമയവും അവിടെക്കൂടി. റഹീമിനെ വീട്ടില്‍നിന്നു പുറത്താക്കുന്നതു വരെ ഈ കമ്പം തുടര്‍ന്നു. അതോടെ പട്ടിണിക്കാലവും ആരംഭിച്ചു.

അങ്ങനെയാണ്‌ റഹീം ചെന്നൈക്കു വണ്ടി കയറുന്നത്‌. ആകെ അവിടെ അറിയാവുന്നത്‌ ചന്ദ്രതാരാ ഫിലിംസിന്റെ ഓഫീസ്‌ വിലാസം മാത്രം. ആ പരിചയംവച്ച്‌ സിനിമാനടന്‍ സത്യന്‍ ഏറ്റെടുത്തു നടത്തിയിരുന്ന ഭാരത്‌ ഫിലിംസിന്റെ റെപ്രസെന്റേറ്റീവായി. അന്നും ഭിലായ്‌ തന്നെയായിരുന്നു സിനിമാ പ്രദര്‍ശനത്തിന്റെ ലാവണം. ശമ്പളം ഭക്ഷണത്തിനു പോലും തികയില്ല. അര്‍ധപട്ടിണിയെന്നും പറയാം. ഇവിടെ മുതലാണ്‌ റഹീം സിനിമയ്‌ക്കൊപ്പം `ഓടി'ത്തുടങ്ങിയത്‌. ഭാരത്‌ ഫിലിംസ്‌ വിതരണം ചെയ്‌തിരുന്ന ഒട്ടുമിക്ക സിനിമകളുമായി ഇക്കാലമത്രയും റഹീം ഇന്ത്യ മുഴുവന്‍ കറങ്ങി. പെട്ടിക്കുമുകളില്‍ യാത്രക്കാരിലൊരാള്‍വച്ച മീന്‍പെട്ടിയില്‍നിന്നു വെള്ളമിറങ്ങി `വെള്ളിത്തിര' എന്ന സിനിമയുടെ പ്രിന്റ്‌ നഷ്‌ടപ്പെട്ടു. ഈ നഷ്‌ടം ഭാരത്‌ഫിലിം കമ്പനിയില്‍ ജോലിചെയ്‌തു നികത്തി. അവിടുന്നിറങ്ങിയ റഹീം ആശാഫിലിംസില്‍ ചെന്നെത്തി. പി.എന്‍. മേനോന്റെ `ഓളവും തീരവും' ഹിറ്റായി നില്‌ക്കുന്ന സമയം. ഇവിടെയും ജീവിതം അലച്ചിലിന്റേതായിരുന്നു. അങ്ങനെയാണ്‌ സ്വന്തമായി വിതരണമെന്ന ആശയം ജനിക്കുന്നത്‌. ആശാഫിലിംസില്‍നിന്നു വാങ്ങിയ പഴയ `ചതുരംഗം', `അരപ്പവന്‍' എന്നീ സിനിമകളുടെ പെട്ടിയുമായി നേരേ കേരളത്തിലേക്ക്‌. ട്രെയിനില്‍നിന്നിറക്കിയ പെട്ടി എന്തു ചെയ്യണമെന്നറിയാത്തതിനാല്‍ ദിവസങ്ങളോളം റെയില്‍വേ സ്‌റ്റേഷനില്‍ കിടന്നു. വീട്ടിലേക്കു പോകാനാവാത്തതിനാല്‍ സിലോണ്‍ ലോഡ്‌ജില്‍ മുറിയെടുത്തു. അവിടെ `സുമതി ഫിലിംസിന്റെ' ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. റഹീമിന്റെ പെട്ടിയെപ്പറ്റി അറിഞ്ഞ ഇവര്‍ ഈ രണ്ടു സിനിമയും 250 രൂപ ദിവസ വാടകയ്‌്‌ക്കെടുത്തു. കുന്നംകുളം ജവഹര്‍ തീയറ്ററിലായിരുന്നു പ്രദര്‍ശനം. ഇതു വിജയിക്കുമെന്നു മനസിലായതോടെ `പൂനംപിക്‌ചേഴ്‌സ്‌' എന്ന പേരില്‍ എവറസ്‌റ്റ്‌ ഹോട്ടലില്‍ ഒമ്പതു രൂപയ്‌ക്കു മുറിയെടുത്ത്‌ രണ്ടു പെട്ടിയും അങ്ങോട്ടു മാറ്റി. ഓരോ സിനിമ മാറുന്നതിന്റെയും ഇടയ്‌ക്കു കിട്ടുന്ന ഒന്നോരണ്ടോ ദിവസമായിരുന്നു പ്രദര്‍ശനം. ഇതു വിജയിക്കുമെന്നു കണ്ടതോടെ വീണ്ടും ചെന്നൈയിലെത്തി കുറച്ചുസിനിമകളുടെ പ്രിന്റുമായെത്തി. ഏറെക്കാലം ഇത്രയും പ്രിന്റുകള്‍കൊണ്ട്‌ കളിച്ചെങ്കിലും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ യുഗം അവസാനിച്ചതോടെ വീണ്ടും പ്രതിസന്ധി ആരംഭിച്ചു. `ശരശയ്യ'യാണ്‌ അവസാനമായി കളിച്ച ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമ.

നാടകബുക്കിംഗ്‌ ആരംഭിച്ചതോടെയാണ്‌ സിനിമ ഉത്സവപ്പറമ്പുകളിലേക്കെത്തുന്നത്‌. തൃശൂര്‍ ജില്ലയിലാദ്യമായി ഉത്സവപ്പറമ്പുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിച്ചതും റഹീമാണ്‌. ഓരോ രണ്ടു നാടകങ്ങള്‍ക്കുമിടയിലുള്ള സമയമാണ്‌ പ്രദര്‍ശനം. കള്ളിയങ്കാട്ടു നീലിയാണ്‌ അന്ന്‌ പ്രദര്‍ശിപ്പിച്ചിരുന്നത്‌. 16 എം.എം. പ്രൊജക്‌ടറില്‍ വെട്ടിവെട്ടി ഓടിക്കൊണ്ടിരുന്ന സിനിമയെ കൗതുകത്തോടെയും ആവേശത്തോടെയുമാണ്‌ ജനം സ്വീകരിച്ചത്‌. ജനം ശ്രദ്ധിക്കുന്നെന്നു മനസിലായതോടെ സംഘാടകരും പുതിയ പുതിയ സിനിമകള്‍ ആവശ്യപ്പെട്ടു തുടങ്ങി. അതോടെ അതുവരെ ഉത്സവപ്പറമ്പുകള്‍ അടക്കിവാണിരുന്ന കഥാപ്രസംഗത്തിനോടുള്ള ജനങ്ങളുടെ താത്‌പര്യവും നഷ്‌ടപ്പെട്ടു. ക്രമേണ കഥാപ്രസംഗത്തിന്റെ `റോള്‍' അവസാനിച്ചു. റഹീമിന്റെ ഭാഷയില്‍ `കഥാപ്രസംഗം നിന്നു' സിനിമ വളര്‍ന്നു. ഫിലിം ഇടയ്‌ക്കു പൊട്ടുന്നതും ശബ്‌ദത്തിന്റെ അവ്യക്‌തതയുമായിരുന്നു പ്രശ്‌നം.

16 എം.എം. സിനിമ 35 എം.എമ്മിലേക്കു മാറിയതായിരുന്നു അടുത്ത പ്രതിസന്ധി. 16 എം.എം. സിനിമയുടെ ഇരട്ടിയിലേറെത്തുക 35 എം.എം. പ്രദര്‍ശനത്തിനാകും. കളര്‍ സിനിമകള്‍ വ്യാപകമായതും ഇടയ്‌ക്ക്‌ പ്രതിസന്ധിയുണ്ടാക്കി. എന്നാല്‍ അപ്പോഴേക്കും ഉത്സവപ്പറമ്പുകളുടെ ഉറ്റതോഴനായി റഹീം മാറിയിരുന്നു. ഒരു സിനിമയുടെ രണ്ടു പ്രിന്റുമായി പതിനാറിടത്തു പ്രദര്‍ശനം നടത്തിയിരുന്ന `സര്‍ക്കസ്‌' വിദ്യയും റഹീം ഓര്‍ക്കുന്നു. ഒരിടത്ത്‌ ഓടിത്തീര്‍ന്ന ഒന്നാം റീലുമായി രണ്ടാമത്തെ ഉത്സവപ്പറമ്പിലേക്ക്‌. അപ്പോഴേക്കും ആദ്യത്തെ ഇടത്ത്‌ രണ്ടാമത്തെ റീല്‍ തീര്‍ന്നിരിക്കും. അതുമായി രണ്ടാമത്തെ ഉത്സവപ്പറമ്പിലേക്ക്‌. അവിടെ ഓടിത്തീര്‍ന്ന ഒന്നാമത്തെ റീലുമായി മൂന്നാമത്തെ ഉത്സവപ്പറമ്പിലേക്ക്‌... ഇതിങ്ങനെ പതിനാറിടം വരെ നീളും. ഇടയ്‌ക്കു പവര്‍കട്ടുണ്ടാകുമ്പോഴാണ്‌ ഇതിനു താളം തെറ്റുക. പിന്നീട്‌ ജനങ്ങളുണ്ടാക്കുന്ന `ഫീഡ്‌ബാക്ക്‌' അടിയില്‍ വരെയെത്തും. ജോണ്‍ എബ്രഹാമിനെപ്പോലുള്ള ചലച്ചിത്രകാരന്മാരുമായി അടുത്തബന്ധമായിരുന്നു റഹീമിന്‌. റഹീം കാലത്തിനൊത്ത്‌ വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നതും ജോണ്‍ എബ്രഹാം ആയിരുന്നു. `നിന്റെ സിനിമകള്‍ ഞാന്‍ കത്തിച്ചുകളയുമെന്നായിരുന്നു മിക്കപ്പോഴും ഭീഷണിയെന്ന്‌' റഹിം ചിരിച്ചുകൊണ്ട്‌ ഓര്‍ക്കുന്നു.

റിലീസിനുശേഷം പതിനെട്ടു ദിവസം കഴിഞ്ഞാലാണ്‌ ഒരു സിനിമയുടെ പകര്‍പ്പു കിട്ടുക. ടി.വി. പോലുള്ള മാധ്യമങ്ങള്‍ വ്യാപകമായെങ്കിലും പാലക്കാട്‌, തൃശൂര്‍ ജില്ലകളിലായി ഇന്നും 600 സിനിമ കളിക്കാറുണ്ട്‌. പഴയ 16 എം.എം. പ്രൊജക്‌ടറില്‍നിന്ന്‌ ടെക്‌നോളജി വളര്‍ന്നപ്പോള്‍ ഒപ്പം വളരാന്‍ റഹീമും മടിച്ചില്ല. ഇപ്പോള്‍ ഡിജിറ്റല്‍ പ്രൊജക്‌ടറും പ്ലാസ്‌മ സ്‌ക്രീനും ഉപയോഗിച്ചാണു പ്രദര്‍ശനം. ഇനിയത്‌ എല്‍.ഇ.ഡി. സ്‌ക്രീന്‍ ഇറങ്ങാന്‍ നോക്കിയിരിക്കുകയാണ്‌ റഹീം. ഇത്രയൊക്കെയാണെങ്കിലും പഴയ സിനിമകളുടെ ശേഖരം കൈവിടാന്‍ റഹീം തയാറല്ല. 700 സിനിമകളുടെ അടക്കം അതിഗംഭീരന്‍ സിനിമാ ശേഖരം റഹീമിന്റെ പക്കലുണ്ട്‌. ഇവയില്‍ പലതിന്റെയും നെഗറ്റീവുകള്‍ ലാബുകളുടെ കൈയില്‍ പോലുമില്ല. ഇതില്‍ ഏറ്റവും അമൂല്യം കള്ളിയങ്കാട്ടു നീലിയാണെന്ന്‌ റഹീം പറയുന്നു. ഇതിനു ലക്ഷം തരാമെന്നു പറഞ്ഞാലും കൊടുക്കില്ല. ചോറ്റാനിക്കരയമ്മ എന്ന സിനിമയുടെ നെഗറ്റീവ്‌ നഷ്‌ടപ്പെട്ടപ്പോള്‍ റഹീമിനെയാണു സമീപിച്ചത്‌. നെഗറ്റീവ്‌ നഷ്‌ടപ്പെട്ട ഓളവും തീരവും എന്ന സിനിമയുടെ പ്രിന്റും റഹീമാണു നല്‌കിയത്‌. ഇത്രയും വലിയൊരു ശേഖരം കൈയിലുണ്ടായിട്ടും അതൊക്കെ സംരക്ഷിക്കാന്‍ പെടാപ്പാടു പെടുകയാണ്‌ റഹീം. പൂപ്പല്‍ പിടിക്കാതിരിക്കാന്‍ താത്‌കാലികമായി തുണിയില്‍ പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്നു. ഇതും ശാശ്വതമല്ല. തനിക്കുശേഷം മകനു നല്‌കുമെന്നു പറയുന്ന റഹീം പക്ഷേ, ഇതെത്രകാലം എന്നോര്‍ത്ത്‌ ആശങ്കപ്പെടുന്നു. ഇവയ്‌ക്കൊപ്പം ഇരുപതോളം 16 എം.എം. പ്രൊജക്‌ടറുകളും ഗോഡൗണില്‍ ഉറക്കത്തിലാണ്‌. വല്ലപ്പോഴും കൗതുകത്തിനായി ആരെങ്കിലും വന്നുനോക്കുമെന്നല്ലാതെ ഇവയ്‌ക്കും പ്രത്യേകിച്ചു ജോലിയൊന്നുമില്ല. ഇന്നും വിളിച്ചാല്‍ ഉത്‌സവപ്പറമ്പുകളില്‍ പ്രദര്‍ശനത്തിനു തയാറാണെന്നാണ്‌ റഹീം പറയുക. സിനിമാ പ്രദര്‍ശനം തീയറ്ററുകളിലെത്തിയപ്പോള്‍ ജനങ്ങള്‍ക്കു നഷ്‌ടപ്പെട്ട പ്രതികരണശേഷിയാണ്‌ റഹീമിനെ സങ്കടപ്പെടുത്തുന്നത്‌. റഹീമിനെപ്പോലെ ഏകദേശം നൂറ്റിപ്പതിനാറോളം ആളുകള്‍ ഈ രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്‌ ശേഷിക്കുന്നത്‌. അതിലൊരാള്‍ ഇരിങ്ങാലക്കുടക്കാരന്‍തന്നെയാണ്‌. എങ്കിലും റഹീം പിന്മാറാന്‍ തയാറല്ല. ഒരിക്കല്‍ കയറിക്കൂടിയ സിനിമാക്കമ്പം ഇന്നും വിട്ടുമാറിയിട്ടില്ലെന്നാണ്‌ റഹീം ഇതിനു പറയുന്ന കാരണം. സാധാരണക്കാരന്റെ അടുത്തേക്കു സിനിമയെത്തിച്ച ഈ `ചലച്ചിത്രകാരന്‍' ഈയൊരാവേശത്തില്‍ത്തന്നെയാണ്‌ മുന്നോട്ടുപോകുന്നതും.

Wednesday, November 26, 2008

പാവങ്ങളുടെ `അമ്മ'

മുറിക്കുള്ളില്‍ ശവമടക്കേണ്ടിടത്തോളം ഭൂമിയുടെ അസന്തുലിതാവസ്‌ഥ നിലനില്‍ക്കുന്ന നമ്മുടെ നാടിന്‌ കണ്ടു പഠിക്കാവുന്ന ഒരാള്‍. സ്വന്തം കീശ വീര്‍പ്പിക്കുന്നതിനു നടത്തുന്ന ദളിത്‌ വാചകമടിക്കപ്പുറം പോരാട്ടം ജീവിതത്തോടൊട്ടിച്ചുചേര്‍ത്ത വ്യക്‌തിത്വം. അതാണ്‌ തമിഴ്‌നാടിന്റെ ഈ അമ്മ. അവരുടെ സ്വപ്‌നങ്ങള്‍ ഇപ്പോള്‍ പൂക്കുന്നത്‌ ഈ വൃദ്ധ ദമ്പതികള്‍ക്കൊപ്പം. അതാണ്‌ ഈ അമ്മ.

നേരം പരപരാ വെളുക്കുന്നതിനു വളരെ മുമ്പേ ബാത്തലഗുണ്ടിലെ ചെറിയ വീട്ടില്‍ നാഗമ്മാള്‍ വിളക്കു തെളിയിക്കും. തലേന്നത്തെ ജോലിയുടെ ചടപ്പും ക്ഷീണവും മാറിയിട്ടില്ലായിരിക്കും. അപ്പോള്‍ എഴുന്നേറ്റെങ്കില്‍ മാത്രമേ ഏഴുമൈല്‍ അപ്പുറമുള്ള പാടത്തു കൊയ്‌ത്തിന്‌ എത്താന്‍ കഴിയൂ. കൊയ്‌തുകൂട്ടി നെല്ലളന്നു പതം നിശ്‌ചയിച്ചാലാണ്‌ പിന്നീടൊന്നു നടു നിവര്‍ത്തുക. ശേഷംജന്മി കനിഞ്ഞുനല്‍കുന്ന ഇത്തിരി നെല്ലുമായി വീട്ടിലേക്ക്‌ ഓടും. അപ്പോഴേക്കും സ്‌കൂളില്‍നിന്നെത്തിയ മകള്‍ തളര്‍ന്നുറങ്ങിയിട്ടുണ്ടാകും. അന്നു നാലാംക്ലാളില്‍ പഠിക്കുകയായിരുന്ന ഏക മകളെച്ചൊല്ലി ആ അമ്മ ഏറെ അഭിമാനിച്ചിരുന്നു. പിന്നീട്‌ പതിനായിരക്കണക്കിനു ദളിതരുടെ അമ്മയായി മാറിയ കൃഷ്‌ണമ്മാള്‍ ആയിരുന്നു ആ പെണ്‍കുട്ടി. പട്ടിണിയും അവഗണനയും പീഡനവും മാത്രമുണ്ടായിരുന്ന പഴയ തമിഴ്‌ ദളിത്‌ കുടുംബത്തില്‍നിന്ന്‌ അന്നു സ്‌കൂളില്‍ പോയിരുന്നത്‌ കൃഷ്‌ണമ്മാള്‍ മാത്രമായിരുന്നു. അവിടത്തെ ഏക വിദ്യാസമ്പന്ന. അവിടെനിന്ന്‌ ഈ ബാലിക വളരെ വളര്‍ന്നു. അന്നു നാട്ടിലുണ്ടായിരുന്ന അനീതികള്‍ക്കെതിരേ വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തില്‍ ഒരുപാടു പോരാട്ടങ്ങള്‍ നടത്തി. അതിന്റെ അംഗീകാരമെന്നോണം കൃഷ്‌ണമ്മാളിനെ തേടിയെത്തിയത്‌ സമാന്തര നോബല്‍ സമ്മാനമെന്നറിയപ്പെടുന്ന റൈറ്റ്‌ ലൈവ്‌ലിഹുഡ്‌ അവാര്‍ഡായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട `അമ്മ' പിന്നീട്‌ ഭൂരഹിതരുടെ അമ്മയായി. കൃഷ്‌ണമ്മാളിന്റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനാളുകള്‍ക്കു ഭൂമിയും വീടും ലഭിച്ചു. ഇതിനായി നാട്ടിലെ സവര്‍ണര്‍ക്കും മറ്റ്‌ ധനികര്‍ക്കും എതിരേ കൃഷ്‌ണമ്മാള്‍ നിരവധി സമരങ്ങള്‍ നയിച്ചു. നിസഹകരണമെന്ന ഗാന്ധിമാര്‍ഗത്തിലൂന്നിയാണ്‌ കൃഷ്‌ണമ്മാള്‍ സമരമുഖങ്ങളിലെ പെണ്‍സിംഹമായത്‌. കൃഷ്‌ണമ്മാളിനൊപ്പം ഭര്‍ത്താവ്‌ ശങ്കരലിംഗം ജഗന്നാഥനും സമരങ്ങളില്‍ സജീവമായിരുന്നു. ഇരുവരും ചേര്‍ന്നു സ്‌ഥാപിച്ച ലഫ്‌റ്റി(ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം) ഫൗണ്ടേഷന്‍ ഭൂമിയില്ലാത്തവര്‍ക്കു ഭൂമി വാങ്ങി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. എലികള്‍ നിറഞ്ഞ മണ്‍വീടുകളിലെ അനാരോഗ്യകരമായ ജീവതം ഉപേക്ഷിക്കാന്‍ സമയംകഴിഞ്ഞു എന്ന്‌ ഇവര്‍ ഉറക്കെപ്പറഞ്ഞു. ചളിയില്‍ കുഴഞ്ഞുകിടന്ന ജീവതിത്തിലേക്ക്‌ പ്രതീക്ഷയായാണ്‌ അവര്‍ കടന്നെത്തിയത്‌. ഇന്നലെകള്‍ അവരുടെ ജീവിതങ്ങളെ ചവിട്ടിമെതിച്ചെങ്കില്‍ ഇന്നവര്‍ക്കു താങ്ങായി ഈ ദമ്പതികളുണ്ട്‌. പ്രയാധിക്യം മറന്ന്‌ ഇവര്‍ക്കുവേണ്ടി ഓടിയെത്താന്‍ ഇവര്‍ക്കു മടിയില്ല. കൃഷ്‌ണമ്മാള്‍-ജഗന്നാഥന്‍ ദമ്പതികളുടെ പ്രവര്‍ത്തനങ്ങള്‍ ഭൂമിയും വീടുമില്ലാത്ത പതിനായിരങ്ങള്‍ക്കാണ്‌ താങ്ങായത്‌. ഉറപ്പുള്ള ഇഷ്‌ടിക വീടെന്ന ദളിതരുടെ സ്വപ്‌നം ഈ ദമ്പതികളിലൂടെയാണ്‌ ഇവര്‍ യാഥാര്‍ഥ്യമാക്കിയത്‌.

തൊട്ടുകൂടായ്‌മയുടെ ബാല്യം

തൊട്ടുകൂടായ്‌മയുടേയും തീണ്ടിക്കൂടായ്‌മയുടേയും വിവിധഭാവങ്ങള്‍ ഭരിച്ചിരുന്ന കാലഘട്ടത്തില്‍ ദളിത്‌ വിഭാഗത്തില്‍നിന്നൊരാള്‍ സ്‌കൂളില്‍ പോകുകയെന്നത്‌ സങ്കല്‍പത്തിനും അപ്പുറമായിരുന്നു. പട്ടിണിയും പീഡനവും ചൂഷണവും പല്ലുകളാഴ്‌ത്തിയിരുന്ന സമൂഹത്തില്‍ വിദ്യാഭ്യാസം നേടുകയെന്ന വെല്ലുവിളിയേറ്റെടുക്കാന്‍ തീയില്‍ പിറന്ന കൃഷ്‌ണമ്മാള്‍ക്കുപോലും പൊരുതേണ്ടിവന്നു. മുപ്പത്തിരണ്ടാം വയസില്‍ വിധവയായിത്തീര്‍ന്ന നാഗമ്മാളുടെ പന്ത്രണ്ടു മക്കളില്‍ ഒരാളായി1926 ജൂണ്‍ പതിനാറിന്‌ ബാത്തല്‍ഗുണ്ടിലെ ഭൂരഹിത ദളിത്‌ കുടുംബത്തിലായിരുന്നു ജനനം. ആറുപേര്‍ വിവിധ സാഹചര്യങ്ങളില്‍ മരിച്ചു. ഏറെയും പട്ടിണി മൂലവും രോഗം കൊണ്ടും. കുട്ടികളെ വളര്‍ത്തുന്നതിന്‌ പൂര്‍ണഗര്‍ണിയായിരിക്കുമ്പോള്‍ പോലും കൃഷ്‌ണമ്മാളുടെ അമ്മ കൂലിപ്പണിക്കുപോയി. വിദ്യാഭ്യാസമില്ലാത്ത അവരുടെ ആഗ്രങ്ങളിലൊന്നായി കുട്ടികളുടെ വിദ്യാഭ്യാസം. ഇതുതന്നെയാണ്‌ കൃഷ്‌ണമ്മാള്‍ക്കു പ്രചോദനമായതും. ഗാന്ധിജിയുടെ സാമൂഹിക നവോത്ഥാന പരിപാടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ്‌ പിന്നീടു ഭര്‍ത്താവായിത്തീര്‍ത്ത ശങ്കരലിംഗം ജഗന്നാഥനെ പരിചയപ്പെടുന്നത്‌. സമൂഹത്തിലെ കാടത്തങ്ങള്‍ കണ്ടുവളര്‍ന്ന കൃഷ്‌ണമ്മാളുടെ സമാന ചിന്താഗതിക്കാരനായിരുന്ന ശങ്കരലിംഗം. സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു ശങ്കരലിംഗത്തിനിഷ്‌ടം. 1930-ല്‍ ബിരുദ പഠനത്തിനിടെ ഗാന്ധിയുടെ നിസഹകരണ പ്രസ്‌ഥാനത്തില്‍ ആകൃഷ്‌ടനായി പഠനം ഉപേക്ഷിച്ചു. സര്‍വോദയ പ്രസ്‌ഥാനവുമായി യോജിച്ചു പ്രവര്‍ത്തിച്ചു. ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത്‌ 1942 മുതല്‍ നിരവധി വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞു. പരിചയപ്പെട്ടിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വതന്ത്ര ഇന്ത്യയില്‍വച്ചു മാത്രമേ വിവാഹമുളളൂ എന്നു പ്രതിജ്‌ഞയെടുത്ത ഇരുവരും 1950-ലാണു വിവാഹം കഴിക്കുന്നത്‌. ഇരുവരും ചേര്‍ന്നു ദളിതരുടെ ഉന്നമനത്തിനായി ഏഴോളം സ്വതന്ത്ര സംഘടനകള്‍ രൂപീകരിച്ചു. മധുര സര്‍വകലാശാലയുടെ ഗാന്ധിഗ്രാം ട്രസ്‌റ്റിന്റെ സെനറ്റ്‌ അംഗം, സ്‌റ്റേറ്റ്‌ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി അംഗം, നാഷണല്‍ കമ്മിറ്റി ഓഫ്‌ എജ്യുക്കേഷന്‍ അംഗം, ആസൂത്രണ കമ്മിഷന്‍ അംഗം എന്നീ നിലകളിലും കൃഷ്‌ണമ്മാള്‍ സജീവമായി പ്രവര്‍ത്തിച്ചു. 1950 മുതല്‍ 1952 വരെ വിനോബാഭാവെയ്‌ക്കൊപ്പം ബിഹാറിലായിരുന്നു ശങ്കരലിംഗം. സമ്പരുടെ ഭൂമിയുടെ ആറിലൊന്നു പാവങ്ങള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട്‌ ഭൂദാന പദയാത്രയ്‌ക്കു നേതൃത്വം നല്‍കി. വധഭീഷണിയടക്കം നിരവധി എതിര്‍പ്പുകള്‍ നേരിട്ടു. പലപ്പോഴും ജന്മികളുടെ ഗുണ്ടകളില്‍നിന്നുള്ള മര്‍ദനവും ഏല്‍ക്കേണ്ടി വന്നു. ഇതിനിടെ മഥുരയില്‍ കൃഷ്‌ണമ്മാള്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. ബിഹാറിലെ സമരത്തെത്തുടര്‍ന്നു തമിഴ്‌നാട്ടില്‍ ഭൂദാന്‍ പ്രസ്‌ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരിച്ചെത്തി. ഗാന്ധിയന്‍ ദര്‍ശനത്തിലൂന്നിയ സത്യഗ്രഹ സമരമായിരുന്നു ഇവരുടേത്‌. ദരിദ്രരേയും ദളിതരേയും ഉള്‍ക്കൊള്ളിച്ചു സമരം ശക്‌തമാക്കി. ഇതിനിടെ പലപ്പോഴും ജയില്‍ശിക്ഷ അനുഭവിച്ചു. കൃഷ്‌ണമ്മാളിന്റെയും ശങ്കരലിംഗത്തിന്റെയും സജീവമായ ഇടപെടലിലൂടെ നാലു മില്യണ്‍ ഏക്കര്‍ ഭൂമി പാവങ്ങള്‍ക്കായി വീതിച്ചു നല്‍കി. 1968-ല്‍ രൂപീകരിച്ച ശങ്കരാ അസോസിയേഷന്‍ ഓഫ്‌ സര്‍വസേവാ ഫാര്‍മേഴ്‌സ്‌ രുപീകരിച്ചു. ഭൂമിയുടെ ആസൂത്രണത്തിനായിരുന്നു സംഘടന ഊന്നല്‍ നല്‍കിയിരുന്നത്‌.

എരിഞ്ഞുകത്തിയ ഓര്‍മകള്‍

ജോലിക്കു കൂലി എന്നത്‌ ഒരു സ്വപ്‌നമായിരുന്ന കാലത്താണ്‌ ഒരുസംഘം ദളിതരുള്‍പ്പെടുന്ന തൊഴിലാളികള്‍ കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു തഞ്ചാവൂര്‍ ജില്ലയില്‍ സമരം ആരംഭിച്ചത്‌. വിയര്‍പ്പൊഴുക്കിയിട്ടും പട്ടിണിമാത്രം ബാക്കിയുള്ളവരുടെ സമരത്തെ ഭൂപ്രഭുക്കള്‍ അടിച്ചമര്‍ത്തിയതു സ്‌ത്രീകളടക്കം നാല്‍പത്തിരണ്ടോളം ദളിതരെ ചുട്ടുകൊന്നുകൊണ്ടായിരുന്നു. 1968-ല്‍ നടന്ന ഈ സംഭവം തഞ്ചാവൂരിലേക്ക്‌ ഇവരുടെ ശ്രദ്ധ തിരിച്ചു. ജാതീയതയുടെ കോമ്പല്ലുകള്‍ ആഴ്‌ന്നിറങ്ങിയ സമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്കു തളര്‍ച്ചയുണ്ടാകാന്‍ ഈ ഒരൊറ്റക്കാരണം മതിയായിരുന്നു. എന്നാല്‍ ഇവയൊന്നും കൃഷ്‌ണമ്മാളിന്റെ പ്രവര്‍ത്തനത്തെ പിന്നോട്ടടിച്ചില്ല. കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട്‌ അവര്‍ സമൂഹത്തില്‍ കൂടുതല്‍ സജീവമായി. വെല്ലുവിളകള്‍ ഏറ്റെടുക്കാനുള്ള ദൈവത്തിന്റെ ആഹ്വാനമെന്നായിരുന്നു ഈ സംഭവത്തെ കൃഷ്‌ണമ്മാള്‍ വിശേഷിപ്പിച്ചത്‌. ഇതിനുശേഷം 1975-ല്‍ ബിഹാറിലെ ബോധഗയ ക്ഷേത്രത്തിന്റെ ഭൂമി പാവങ്ങള്‍ക്കു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്‌ കൃഷ്‌ണമ്മാളും ശങ്കരലിംഗവും സമരമാരംഭിച്ചു. സമരത്തിനു പിന്തുണ നല്‍കി ജയപ്രകാശ്‌ നാരായണനും രംഗത്തെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയായ സംഘര്‍ഷ്‌ വാഹിനിയും സമരത്തിനു പിന്തുണ നല്‍കി. സമരം മൂര്‍ഛിച്ചതോടെ നിരവധി ഭീഷണികളും ലഭിച്ചു. ഗുണ്ടകളുടെ നേതൃത്വത്തില്‍ സമരക്കാര്‍ക്കുനേരേ അക്രമവും അഴിച്ചു വിട്ടു. ഈ സമയം പോലീസ്‌ ഏകപക്ഷീയമായി കണ്ണടയ്‌ക്കുകയായിരുന്നു. ക്ഷേത്ര അധികൃതരുടെ ഒത്താശയോടെ പോലീസ്‌ കൃഷ്‌ണമ്മാളിനെ അറസ്‌റ്റ്‌ ചെയ്യാനെത്തിയെങ്കിലും അവിടെനിന്നു രക്ഷപെട്ട്‌ തമിഴ്‌നാട്ടില്‍ തിരിച്ചെത്തി. കൃഷ്‌ണമ്മാള്‍ മടങ്ങിയതോടെ സംഘര്‍ഷ്‌ വാഹിനി സമരം ഏറ്റെടുത്തു. ഗയയിലെ കലക്‌ടറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്‌ 2400 ഏക്കര്‍ ക്ഷേത്രഭൂമി പാവങ്ങള്‍ക്കു വിട്ടുനല്‍കി. ഇന്ത്യയിലങ്ങോളം സ്‌ത്രീകള്‍ക്കു നേരേ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേയും ഇരുവരും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം

ഭൂമി വിലയ്‌ക്കെടുത്ത്‌ കൃഷിക്കാര്‍ക്കു വിട്ടുനല്‍കുന്നതിന്‌ കൃഷ്‌ണമ്മാളും ശങ്കരലിംഗവും ചേര്‍ന്ന്‌ 1981 ലഫ്‌റ്റി(ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം) രൂപീകരിച്ചു. സഹകരത്തിലൂന്നിയ പ്രവര്‍ത്തനമായിരുന്നു സംഘടനയുടേത്‌. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വായ്‌പ നിരസിച്ചിരുന്ന ബാങ്കുകള്‍ ലഫ്‌റ്റിയുടെ പ്രവര്‍ത്തനം വ്യാപിച്ചതോടെ വായ്‌പകള്‍ അനുവദിച്ചു. 2007 വരെ ലഫറ്റി 13,000 ഏക്കര്‍ ഭൂമി വീതിച്ചു നല്‍കി. കൃഷിപ്പണികള്‍ക്കു പ്രാമുഖം നല്‍കിയായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം. ഭൂദാന്‍ പ്രസ്‌ഥാനത്തിനു പുറമേ പരവതാനി, കയര്‍, എന്നിവയുടെ നിര്‍മാണം, മരപ്പണി, മത്സ്യബന്ധനം എന്നിവയ്‌ക്കും മന്‍ഗണ നല്‍കിയാണ്‌ ലഫ്‌റ്റിയുടെ പ്രവര്‍ത്തനം. കിഴക്കന്‍ തഞ്ചാവൂര്‍ ജില്ലയില്‍ മാത്രം നൂറോളം ഗ്രമീണ കമ്മിറ്റികള്‍ രൂപീകരിച്ചു. മുപ്പതോളം വരുന്ന സന്നദ്ധ സേവകരുടെ നേതൃത്വത്തിലാണ്‌ ഇപ്പോള്‍ സംഘടനയുടെ പ്രവര്‍ത്തനം. എണ്‍പതുകളില്‍ കാവേരി ഡല്‍റ്റയിലെ ചെമ്മീന്‍ കമ്പനികളുടെ ചൂഷണത്തിനെതിരേയും ഇവര്‍ പ്രചാരണം നടത്തി. കമ്പനികള്‍ക്കെതിരേ സുപ്രീം കോടതിയുടെ വിധി വന്നതോടെ ഈ സമരവും അവസാനിപ്പിച്ചു. സമരത്തിന്റെ വഴിയില്‍ പിന്‍നടത്തമില്ലാതെയായിരുന്നു ഇരുവരുടേയും പ്രവര്‍ത്തനം. വെല്ലുവിളികള്‍ പുഞ്ചിരികൊണ്ടു പ്രതിരോധിച്ചുകൊണ്ട്‌ ഇക്കാലമത്രയും പരസ്‌പം ഊന്നുവടികളായി....ഇന്ത്യയുടെ ആത്മാവ്‌ ഗ്രാമങ്ങളിലാണെന്ന്‌ ഗാന്ധിജി പറഞ്ഞു. എന്നാല്‍ ആ വാക്കുകള്‍ യാഥാര്‍ഥ്യബോധത്തോടെ ഏറ്റെടുക്കാന്‍ ആര്‍ക്കുമായില്ല. ഇതിനായി എത്തിച്ചേര്‍ന്നവരുടെ ഉദ്ദേശ്യ ശുദ്ധിയും പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടു. അവിടെയാണ്‌ ഈ അവധൂതന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന വൃദ്ധ ദമ്പതികള്‍ എത്തിച്ചേര്‍ന്നത്‌. തമിഴ്‌ഗ്രാമങ്ങളില്‍ അവര്‍ പ്രതീക്ഷയുടെ തിരികള്‍ തെളിയിക്കുകയാണ്‌. പണ്ട്‌ കൃഷ്‌ണമ്മാളിന്റെ അമ്മ തെളിയിച്ചിരുന്ന വിളിക്കിന്റെ ഊര്‍ജം അതില്‍ കാണാം. തമിഴ്‌മക്കളുടെ സ്വപ്‌നങ്ങള്‍ ഒന്നായി ഈ നറുതിരിവെട്ടത്തില്‍ മെല്ലെ തെളിഞ്ഞുവരുന്നു. എണ്‍പത്തിരണ്ടു വയസിലെത്തിയ കൃഷ്‌ണമ്മാള്‍ക്കും തൊണ്ണൂറ്റിഅഞ്ചിലെ്‌ത്തിയ ശങ്കരലിംഗത്തിനും ഇനിയും നടക്കാനേറെയുണ്ട്‌. നടവഴികള്‍ക്കിരുപുറവുമുള്ള ആത്മാവുകളെ കണ്ടെത്തുന്നതിനായി...