Sunday, October 26, 2008

മലയിറങ്ങി കടലേഴും കടന്ന്‌....

ടെലിഫോണ്‍ കമ്പനിയിലെ മടുപ്പിക്കുന്ന ജോലിക്കിടയിലും ഇയാന്‍ ഹിബലിന്റെ കണ്ണുകള്‍ അകലേക്കു നീണ്ടുകിടക്കുന്ന വഴിയിലേക്കായിരുന്നു. വഴിയിലേക്കു നോക്കിയിരുന്ന്‌ ഹരം പിടിക്കുമ്പോള്‍ കമ്പനിയിലെ സൈക്കിളുമായി ഇറങ്ങും. ഒന്നോ രണ്ടോ മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ പക്ഷേ അയാള്‍ തൃപ്‌തനായിരുന്നില്ല. അതിനയാള്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു. പിന്നാലെ അവധി ദിനങ്ങള്‍ ആഘോഷിച്ചിരുന്ന കോട്ടേജും എന്നും യാത്ര ചെയ്‌തിരുന്ന ആവി എന്‍ജിനുകള്‍ മുരണ്ടിരുന്ന റെയില്‍വേ സ്‌റ്റേഷനും. തന്റെ പ്രിയപ്പെട്ട `എ 379' സൈക്കിളില്‍ മതിയാകുവോളം യാത്ര ചെയ്യാനായി ഒടുക്കം ജന്മനാടിനോടും താത്‌കാലികമായി വിടപറഞ്ഞു. പിന്നെ പിടിച്ചാല്‍ കിട്ടാത്തപോലെ യാത്രകള്‍. അത്‌ മരുഭൂമികളും കടലുംകടന്നു നീണ്ടു. നീണ്ട നാല്‌പതു വര്‍ഷത്തോളം. വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. പക്ഷേ, അതായിരുന്നു ഹിബല്‍. കാറപകടത്തിന്റെ രൂപത്തില്‍ ഹിബലിനെ മരണം തട്ടിയെടുക്കുന്നതു വരെ അദ്ദേഹം യാത്രകളുടെ തോഴനായിരുന്നു, സൈക്കിളിന്റെയും.

കണ്‍പീലികള്‍ മഞ്ഞുകണങ്ങള്‍ വീണു മൂടുന്നിടംവരെയും അവിടുന്ന്‌ കാലുപുതഞ്ഞുപോകുന്ന മരുഭൂമികളില്‍ തളര്‍ന്നു വീഴുംവരെയും ഹിബലിന്റെ കാലുകള്‍ സൈക്കിള്‍ പെഡലില്‍നിന്നു മാറിയിട്ടില്ല. പലപ്പോഴും കാലിന്റെ പേശികള്‍ കുഴയുമ്പോഴാണ്‌ ഹിബല്‍ യാത്രകള്‍ക്ക്‌ താല്‍കാലിക വിരാമമിടുന്നത്‌. ചെങ്കുത്തായ പാതകളും ചെളികുഴഞ്ഞു കിടക്കുന്ന നാട്ടുവഴികളും ഹിബല്‍ സൈക്കിളില്‍ താണ്ടി. ജീവന്‍ പോലും വകവയ്‌ക്കാതെയായിരുന്നു യാത്രകളില്‍ പലതും. ഒരിക്കല്‍ മരുഭൂമിയിലെ ചുട്ടുപഴുത്ത മണലില്‍ ജലാംശം നഷ്‌ടപ്പെട്ടു വീണുകിടന്ന അദ്ദേഹത്തെ അതുവഴി വന്ന ആരോ രക്ഷപ്പെടുത്തുകയായിരുന്നു. നാല്‌പതു വര്‍ഷത്തോളം നീണ്ട സൈക്കിള്‍ യാത്രയ്‌ക്കിടെ പത്തുതവണ ഭൂമധ്യരേഖ കടക്കുന്നതിനു സമാനമായ ദൂരം ഹിബല്‍ സഞ്ചരിച്ചു. പനാമയെയും കൊളംബിയയെയും തമ്മില്‍ വേര്‍തിരിക്കുന്ന ഡാരിയന്‍ ഗാപിലേക്കു സൈക്കിളില്‍ ആദ്യമായി സഞ്ചരിച്ചതും ഹിബലാണ്‌. ദുര്‍ഘടം പിടിച്ച, പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കുത്തനെയുള്ള വനപ്രദേശമാണിവിടം. ഇവിടേക്കു സാധാരണ നിലയിലുള്ള യാത്രപോലും ദുഷ്‌കരമാണ്‌. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍കൂടിയുള്ള യാത്ര ഹിബല്‍ അവസാനിപ്പിച്ചതും ഇവിടെവച്ചാണ്‌. സൈക്കിളില്‍ വച്ചുകെട്ടിയ വസ്‌ത്രങ്ങളും ഇടത്താവളങ്ങള്‍ക്കായി ടെന്റിനുള്ള സാമഗ്രികളും സ്‌റ്റൗ, ബിസ്‌കറ്റ്‌, വെള്ളം എന്നിവയുമായി നോര്‍വേ മുതല്‍ കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്പ്‌ വരെയും നീണ്ടു. അങ്ങനെ ഒരു വര്‍ഷം സൈക്കിളില്‍ സഞ്ചരിച്ച ശരാശരി ദൂരം ആറായിരം മൈല്‍!.. ഇടയ്‌ക്ക്‌ സൈക്കിള്‍ പണിമുടക്കുമ്പോള്‍ വീണ്ടും യാത്ര അവസാനിപ്പിക്കും. ടയറിന്റെയും ചെയിനിന്റെയും കേടുപാടുകള്‍ തീര്‍ത്താല്‍ വീണ്ടും യാത്ര. പിന്നീട്‌ ഹിബല്‍ പൊങ്ങുന്നത്‌ അറിയപ്പെടാത്ത നഗരനിരത്തുകളിലോ, ഗ്രാമങ്ങളിലോ ആയിരിക്കും. ഇടയ്‌ക്കെപ്പോഴോ ലോറയെന്ന യുവതിയും അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. പിന്നീട്‌ ഇവരൊരുമിച്ചായിരുന്നു കാടും മലയും നിരത്തുകളും താണ്ടിയത്‌. ആമസോണ്‍ കാടുകളിലേക്കുള്ള യാത്രകളില്‍ ഹിബലിന്റെ സൈക്കിള്‍ ചതുപ്പുനിലങ്ങളില്‍ പെട്ടിരുന്നു. അപ്പോഴെല്ലാം ഭാഗ്യംകൊണ്ടു മാത്രമാണ്‌ അദ്ദേഹം രക്ഷപ്പെട്ടിരുന്നത്‌. വഴി കൃത്യമായി പഠിച്ചുള്ള യാത്രകളില്‍ പോലും ഇത്തരം അപകടങ്ങള്‍ പതുങ്ങിയിരിക്കുമായിരുന്നെന്ന്‌ ഹിബല്‍ പറഞ്ഞിരുന്നു.

ഹിബലിന്റെ യാത്രകള്‍പോലെതന്നെ പ്രശസ്‌തമാണ്‌ സൈക്കിളിനോടുള്ള അഭിനിവേശവും. ഇടത്താവളങ്ങളിലെത്തുമ്പോഴെല്ലാം ഹിബല്‍ സൈക്കിളിന്റെ പരിചരണത്തില്‍ മുഴുകും. സൈക്കിളിന്റെ ഓരോ ഇഞ്ചും യാത്രയ്‌ക്കായി പരുവപ്പെടുത്തിയിരുന്നു. സൈക്കിള്‍ ബാറുകളില്‍ വാട്ടര്‍ബോട്ടിലുകള്‍ വയ്‌ക്കുന്നതിന്‌ നിരവധി കാരിയറുകള്‍ പിടിപ്പിച്ചിരുന്നു. 42 ഇഞ്ച്‌ വീല്‍ബേസുള്ള റെയ്‌നോള്‍ഡ്‌സ്‌ ടയറുകളായിരുന്നു ഉപയോഗിച്ചിരുന്നത്‌. സാധാരണ ബ്രേക്കുകളെക്കാള്‍ കൂടുതല്‍ ദൂരത്തേയ്‌ക്ക്‌ ഉപകരിക്കുന്ന തരത്തില്‍ ബ്രേക്ക്‌ സിസ്‌റ്റവും മാറ്റി. പെഡലുകളില്‍ അധികമായി ഗിയറുകള്‍ ഘടിപ്പിച്ചു. ഇതിനെല്ലാം തീര്‍ത്തും ഭാരം കുറഞ്ഞ ലോഹങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. ക്‌ണിം.. ക്‌ണിം.. മണിയൊച്ചയുമായി അനക്കമില്ലാതെ ദൂരങ്ങള്‍ താണ്ടാന്‍ ആ ഇരുകാലിയെ സഹായിച്ചിരുന്നതും ഹിബലിന്റെ പരിചരണങ്ങളായിരുന്നു. ചൈനയുടെ തെക്കുനിന്നും വടക്കോട്ട്‌ നടത്തിയ യാത്രയ്‌ക്കിടയില്‍ സൈക്കിളിന്‌ നിസാരമായ മൂന്ന്‌ കേടുപാടു മാത്രമാണുണ്ടായത്‌. ഒരു തവണ ബ്രേക്കിന്റെ കേബിള്‍മാറി. തനിയെയുള്ള യാത്രയാണ്‌ ഏറെ നല്ലത്‌, അപ്പോള്‍ നമ്മള്‍ ദൈവമായി മാറുന്നെന്ന്‌ ഹിബല്‍ എപ്പോഴും പറയുമായിരുന്നു. ഇതേപ്പറ്റിയെല്ലാം 1984 ല്‍ പുറത്തിറക്കിയ `ഇന്‍ ടു ദ റിമോട്ട്‌ പ്ലേസസ്‌' എന്ന പുസ്‌തകത്തില്‍ കുറിച്ചുവച്ചിട്ടുണ്ട്‌. പെറുവിലെ കല്ലുനിറഞ്ഞ വഴിയില്‍വച്ചാണ്‌ സമാനഗതിക്കാരിയായ ലോറയെ ഹിബല്‍ കണ്ടെത്തുന്നത്‌. വഴിക്കിടയിലെല്ലാം ഇരുവരുമൊന്നിച്ച്‌ ടെന്റുകളില്‍ കൂടി.

ചെന്നെത്തുന്ന നാടുകളിലെല്ലാം ഹിബല്‍ ആ നാട്ടുകാരനായി മാറിയിരുന്നു. ആമസോണ്‍ കാടുകളില്‍ ആദിവാസികളായിരുന്നു അദ്ദേഹത്തിനു വഴികാട്ടിയായിരുന്നതെങ്കില്‍ ചൈനയിലെത്തുമ്പോള്‍ തീര്‍ഥാടകര്‍ക്കൊപ്പം കൂടി. ചുട്ടു പഴുത്ത മണല്‍കാടുകളില്‍ ഒട്ടകങ്ങളുമായി സഞ്ചരിച്ചിരുന്ന ചെറുപ്പക്കാരായിരുന്നു കൂട്ട്‌. ഇവിടെയൊന്നും പ്രകൃതി അദ്ദേഹത്തിനു ദുരന്തങ്ങള്‍ നല്‍കിയിട്ടില്ല. മുന്നുംപിന്നും നോക്കാതെ പായുന്ന മോട്ടോര്‍ വാഹനങ്ങളാണ്‌ ഹിബലിന്‌ കൂടുതല്‍ അപകടങ്ങള്‍ സമ്മാനിച്ചത്‌. നൈജീരിയയിലൂടെ പോകുമ്പോള്‍ വാഹനങ്ങളില്‍നിന്ന്‌ കുപ്പികള്‍ ചിലര്‍ വലിച്ചെറിഞ്ഞിരുന്നു. യാത്ര ബ്രസീലിലെത്തുമ്പോള്‍ ഇത്‌ കല്ലുകളായി മാറി. 2006-ല്‍ ചൈനയില്‍ ഒരു ഡ്രൈവര്‍ മനഃപൂര്‍വം അദ്ദേഹത്തെ തട്ടിയിട്ടു. ഇതെല്ലാം അദ്ദേഹം അത്ഭുതകരമായി അതിജീവിച്ചെങ്കിലും അതു വളരെക്കാലം നീണ്ടില്ല. ഓഗസ്‌റ്റില്‍ ഏതന്‍സിനും സലോനിക്കയ്‌ക്കും ഇടയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക്‌ ചെയ്‌തെത്തിയ കാര്‍ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചു. പിന്നീട്‌ കുറേക്കാലം ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും കഴിഞ്ഞമാസം 22-ന്‌ അദ്ദേഹം മറുലോകത്തേക്ക്‌ യാത്രപോയി. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പച്ചപ്പാടങ്ങളും മനോഹരമായ കോട്ടേജും ഡഫോഡില്‍സ്‌ പൂക്കളും കണ്ട്‌ തന്റെ കൂട്ടിലേക്കുള്ള മടക്കയാത്ര. പരന്ന സീറ്റില്‍, ഗിയറുകള്‍ തുടരെത്തുടരെ മാറി, അതിവേഗത്തിലൊരു സൈക്കിള്‍ ഡ്രൈവ്‌, മടക്കമില്ലാതെ....

4 comments:

smitha adharsh said...

നല്ല പോസ്റ്റ്..ഹിബലിനെപ്പറ്റി കേള്‍ക്കാതിരുന്നത്‌ എന്റെ അറിവ് കേട്‌...

ഗോപക്‌ യു ആര്‍ said...

ആദ്യമായാണ് കേള്‍ക്കുന്നത്
നന്ദി................

മുസാഫിര്‍ said...

പുതിയ ഈ അറിവ് പങ്ക് വെച്ചതിനു നന്ദി,ദീപാങ്കുരന്‍

Jayasree Lakshmy Kumar said...

എനിക്കും ഹിബൽ ഒരു പുതിയ അറിവാണ്
നന്ദി ഈ അറിവിന്